Skip to main content

മഹാരാജാസ് കോളേജില്‍ ശാസ്ത്രയാന്‍ ഫെബ്രുവരി 22നും 23നും വിവിധ വകുപ്പുകളുടെ നേട്ടങ്ങള്‍, അപൂര്‍വ പുസ്തകങ്ങള്‍, രേഖകള്‍ എന്നിവയുടെ പ്രദര്‍ശനം

 

 

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ ഫെബ്രുവരി 22, 23 തീയതികളില്‍ ശാസ്ത്രയാന്‍ പരിപാടി സംഘടിപ്പിക്കും. സ്ഥാപനത്തിന്റെ ഇപ്പോഴുള്ള സാധ്യതകളും ഇന്നലെകളും കോളേജിലെ 19 വകുപ്പുകളുടെ മികവുകളും ഗവേഷണ സൗകര്യങ്ങളും നേട്ടങ്ങളും പൊതു സമൂഹവുമായി പങ്കു വയ്ക്കുന്ന  പരിപാടിയാണിത്.  

 ശാസ്ത്രയാന്റെ ഉദ്ഘാടനം 22ന് രാവിലെ 10ന് കോളേജ് സെമിനാര്‍ ഹാളില്‍ കാലിക്കറ്റ് സര്‍വകലാശാല മുന്‍ പ്രൊ.വൈസ് ചാന്‍സലറും മഹാരാജാസ് കോളേജ് മുന്‍ പ്രിന്‍സിപ്പാളുമായ പ്രൊഫസര്‍ എം കെ പ്രസാദ് നിര്‍വഹിക്കും. പരിപാടിയുമായി ബന്ധപ്പെട്ട സ്റ്റാമ്പ് റിലീസ് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഗോപാലകൃഷ്ണന്‍ നിര്‍വഹിക്കും.

മഹാരാജാസ് കോളേജിലെ സുവോളജി വകുപ്പിനു കീഴിലുള്ള മ്യുസിയം ശാസ്ത്രയാന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കും. 1874- ല്‍ ആരംഭിച്ച അന്താരാഷ്ട്ര അംഗീകാരമുള്ള മ്യൂസിയത്തില്‍ 1500-ലേറെ സ്‌പെസിമെനുകളുണ്ട്. മഹാരാജാസ് കോളേജിലെ അപൂര്‍വമായ  പുസ്തകങ്ങളുടെയും രേഖകളുടെയും നാണയങ്ങളുടെയും പ്രദര്‍ശനവും ഉണ്ടായിരിക്കും.

 ആദ്യകാലത്തെ ശാസ്ത്രീയ ഉപകരണങ്ങളും സ്‌കാനിങ്  ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പ് അടക്കമുള്ള ഉപകരണങ്ങളും പ്രദര്‍ശനത്തിന് ഒരുക്കും.  കോളേജിലെ പഴയകാല മാഗസിനുകളുടെയും പ്രദര്‍ശനം കോളേജ് യൂണിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കും. 

മഹാരാജാസില്‍ നിന്നും പഠിച്ചിറങ്ങിയ ഉന്നതസ്ഥാനീയരായ വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങളുടെ ചാര്‍ട്ട് പ്രദര്‍ശനം, വിവിധ വകുപ്പുകളിലെ ഗവേഷണ സൗകര്യങ്ങളുടെയും മികവുകളുടെയും നേര്‍ക്കാഴ്ച, വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍, മത്സരങ്ങള്‍, ചിത്രപ്രദര്‍ശനങ്ങള്‍, ഭക്ഷ്യമേള എന്നിവയും ശാസ്ത്രയാന്റെ ഭാഗമാണ്.  മഹാരാജാസില്‍ നിന്ന് പുറത്തിറങ്ങിയ 100 ഗവേഷണ പ്രബന്ധങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും

അറബിക് കാലിഗ്രഫി, അറബ് രാജ്യങ്ങളിലെ മാഗസിനുകള്‍, പ്രശസ്തരുടെ വിശദാംശങ്ങള്‍, നാണയങ്ങള്‍, സ്റ്റാമ്പുകള്‍ തുടങ്ങിയവയുടെ പ്രദര്‍ശനം അറബിക് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഉണ്ടായിരിക്കും.

മൈക്രോബയോളജി പരീക്ഷണങ്ങള്‍, സ്‌പെസിമെന്‍ മ്യൂസിയം, ടിഷ്യു കള്‍ച്ചര്‍ ലബോറട്ടറി, ഡിഎന്‍എ വേര്‍തിരിക്കല്‍, ഔഷധസസ്യപ്രദര്‍ശനം, ആധുനിക ഉപകരണങ്ങളുടെ പ്രദര്‍ശനം എന്നിവ ബോട്ടണി വകുപ്പ് ഒരുക്കും. ഓറുകളുടെയും മിനറലുകളും പ്രദര്‍ശനവും ശാസ്ത്രീയ ഉപകരണങ്ങളുടെ  പ്രദര്‍ശനവും കെമിസ്ട്രി വകുപ്പിന്റെ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കും.  ഇക്കണോമിക്‌സ്,  കോമേഴ്‌സ് വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ വിഷയവുമായി ബന്ധപ്പെട്ട അപൂര്‍വ പുസ്തകങ്ങളുടെയും ഗവേഷണ പ്രബന്ധങ്ങളുടെയും പ്രദര്‍ശനവും വീഡിയോ പ്രസന്റേഷനുകളും ഉണ്ടായിരിക്കും. വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ വീഡിയോ-ഓഡിയോ പ്രദര്‍ശനങ്ങളും  മത്സരങ്ങളും സംഘടിപ്പിക്കും. മഹാരാജാസ് കോളേജ്,  വിദ്യാലയമായിരുന്ന കാലം മുതലുളള രേഖകളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒരു കൈപ്പത്തിയുടെ വലുപ്പമുള്ള മൈക്രോസ്‌കോപ്പു മുതല്‍ പഴയതും പുതിയതുമായ പല ശാസ്ത്രീയ ഉപകരണങ്ങളും മഹാരാജാസിലുണ്ട്. ഇവ പ്രദര്‍ശനത്തിനുണ്ടായിരിക്കും. ഉപകരണങ്ങളിലൂടെ ശാസ്ത്രത്തിന്റെ ചരിത്രം പരിശോധിക്കുന്ന സ്ഥിരമായ ഒരു മ്യൂസിയത്തിലുള്ള  സാധ്യതയും അന്വേഷിക്കും.

കോളേജിലെ എന്‍സിസി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മിലിട്ടറി ഉപകരണങ്ങളും എയര്‍ക്രാഫ്റ്റ് മോഡലുകളും പ്രദര്‍ശിപ്പിക്കും. കോളേജിലെ എന്‍എസ്എസ് യൂണിറ്റിന്റെ വക ഫുഡ് കോര്‍ട്ടും ഉണ്ടായിരിക്കും.  ഇന്ത്യന്‍ പോളിറ്റി എന്ന വിഷയം ആസ്പദമാക്കി ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി ഫെബ്രുവരി 22-നും ശാസ്ത്രത്തിന്റെ ചരിത്രം എന്ന വിഷയത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഫെബ്രുവരി 23-നും ക്വിസ് മത്സരം സംഘടിപ്പിക്കും. താത്പര്യമുള്ളവര്‍ 9447165276, 9447872714 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം. 

രാവിലെ 10 മുതല്‍ വൈകീട്ട് നാലു വരെയാണ് പ്രവേശനം. ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ വൈകീട്ട് ആറുമുതല്‍ എട്ടുവരെ  വാനനിരീക്ഷണത്തിനും സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

 ശാസ്ത്രയാന്റെ ഭാഗമായി സ്‌കൂളുകളും കോളേജുകളുമായും ബന്ധപ്പെട്ട്  പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. താത്പര്യമുള്ളവര്‍ ശാസ്ത്രയാന്‍ കോ-ഓഡിനേറ്റര്‍ ഡോ ശ്യാംകുമാറുമായി ബന്ധപ്പെടുക : 9895952519.

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ കോളേജുകളുടെയും സര്‍വകലാശാലകളുടെയും നേട്ടങ്ങളും സാധ്യതകളും പൊതുജനങ്ങളുമായി പങ്കു വയ്ക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് മഹാരാജാസില്‍ ശാസ്ത്രയാന്‍ പരിപാടി സംഘടിപ്പിക്കുന്നത്.  സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസവകുപ്പിന്റെയും രാഷ്ട്രീയ ഉച്ചതര്‍ ശിക്ഷാ അഭിയാന്‍ (റൂസ) പദ്ധതിയുടെയും നിര്‍ദേശവും സാമ്പത്തികസഹകരണവും പരിപാടിക്കുണ്ട്.

ശാസ്ത്രയാനുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ കോളേജ് ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ പ്രൊഫ പി കെ  രവീന്ദ്രന്‍, പ്രിന്‍സിപ്പല്‍ ഡോ എന്‍ കൃഷ്ണകുമാര്‍,  പി അനന്തപദ്മനാഭന്‍, ഡോ ശ്യാംകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

date