Skip to main content

കോണോത്ത് പുഴ ശുചീകരണത്തിന് നടപടി : ജില്ലാ കളക്ടര്‍

 

 

കൊച്ചി: തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റിയില്‍ കോണോത്ത്പുഴയുടെ തുടക്കംമുതല്‍ കരിങ്ങാച്ചിറ വരെയുള്ള അഞ്ച് കിലോമീറ്റര്‍ ഭാഗം പോള വാരി വൃത്തിയാക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. ഇതിനായി ഒരാഴ്ചയ്ക്കകം പദ്ധതിരേഖ തയ്യാറാക്കാന്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദേശം നല്കി. ഇരുമ്പനം റെയില്‍വേ മേല്‍പ്പാലത്തിനു പടിഞ്ഞാറു ഭാഗത്തുളള കോണോത്ത്പുഴയുടെ ഭാഗത്ത് ട്രക്‌സര്‍ ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തിലുള്ള പോള കളയല്‍ പ്രവൃത്തിക്ക് മേല്‍നോട്ടം വഹിക്കുകയായിരുന്നു അദ്ദേഹം.  

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കടമ്പ്രയാര്‍ വൃത്തിയാക്കിയത് പോലെ പൊതു-സ്വകാര്യപങ്കാളിത്തത്തോടെയായിരിക്കും കോണത്ത്പുഴയും ശുചീകരിക്കുക. 18 കിലോമീറ്റര്‍ നീളമുള്ള പുഴയുടെ അഞ്ച് കിലോമീറ്ററാണ് ആദ്യഘട്ടത്തില്‍ വൃത്തിയാക്കുന്നത്. ബാക്കി ഭാഗം 2018-19 -ലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും കളക്ടര്‍ പറഞ്ഞു.

തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലും ഉദയംപേരൂര്‍ പഞ്ചായത്തിലുമായി 18 കിലോമീറ്റര്‍ നീളമാണ് കോണോത്തു പുഴയ്ക്കുള്ളത്. കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ പോള വാരി വൃത്തിയാക്കിയിട്ടില്ലെന്ന് റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ ജില്ലാ കലക്ടറെ അറിയിച്ചു.  ഇതുമൂലം പ്രദേശവാസികള്‍ക്ക് വെള്ളക്കെട്ട് മൂലമുള്ള പ്രയാസങ്ങളും അനുഭവിക്കേണ്ടി വരുന്നുണ്ട്. പുഴയുടെ ശുചീകരണത്തിനും ഒഴുക്ക് ഉറപ്പുവരുത്തുന്നതിനും വേണ്ട നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. തൃപ്പൂണിത്തുറ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ചന്ദ്രികാദേവി, കൗണ്‍സിലര്‍ ടി എസ് ഉല്ലാസന്‍ തുടങ്ങിയവരും മേജര്‍ ഇറിഗേഷന്‍ വകുപ്പ് ഉദേ്യാഗസ്ഥരും  റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികളും പരിസരവാസികളും സന്നിഹിതരായിരുന്നു.

date