Skip to main content

ഉമ്മാന്റെ വടക്കിനി: കുടുംബശ്രീ ജില്ലാതല ഭക്ഷ്യമേള ഇന്ന് മുതല്‍

        ജില്ലാ പഞ്ചായത്തും ജില്ലാ കുടുംബശ്രീ മിഷനും കോഡൂര്‍ ഗ്രാമ പഞ്ചായത്തും സംയുക്തമായി ഫെബ്രുവരി 21,22,23 തിയ്യതികളില്‍ കോഡൂര്‍ ചട്ടിപ്പറമ്പില്‍ കുടുംബശ്രീ ജില്ലാതല ഭക്ഷ്യമേള സംഘടിപ്പിക്കും.  'ഉമ്മാന്റെ വടക്കിനി' എന്ന് പേരിട്ട മേള 21ന് വൈകീട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
        കഫേ കുടുംബശ്രീയുടെ വിദഗ്ദ്ധ പരിശീലനം ലഭിച്ച ജില്ലയിലെ കഫേ യൂണിറ്റുകള്‍ തയ്യാറാക്കുന്ന തനതും മായം കലരാത്തതുമായ വൈവിധ്യമാര്‍ന്ന വിഭവങ്ങളുടെ പ്രദര്‍ശനവും വിപണനവും മേളയില്‍ ഉണ്ടാകും.  വൈകീട്ട് നാല് മുതല്‍ ഒമ്പത് വരെയാണ് മേള നടക്കുക.
        കുടുംബശ്രീ യൂണിറ്റുകള്‍ തയ്യാറാക്കുന്ന വിഭവങ്ങളായ കരിഞ്ചീരകക്കോഴി, മലബാര്‍ ദം ബിരിയാണി, ചിക്കന്‍ പൊള്ളിച്ചത്, ചതിക്കാത്ത സുന്ദരി, നൈസ് പത്തിരി, നെയ്പത്തല്‍, മസാലക്കോഴി, കപ്പ - മീന്‍കറി, വിവിധ തരം പായസങ്ങള്‍, ജ്യൂസുകള്‍ എന്നിവ മേളയുടെ പ്രത്യേക ആകര്‍ഷണങ്ങളാണ്.  
        കുടുംബശ്രീ യൂനിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന വിഭവങ്ങള്‍ക്ക് വിപണി കണ്ടെത്തുക, കലര്‍പ്പില്ലാത്തതും മായം കലരാത്തതും വൈവിധ്യവുമായ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നിവയാണ് മേളയുടെ ലക്ഷ്യങ്ങള്‍.  ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്തോളം ഭക്ഷ്യ ഉല്‍പ്പാദന യൂണിറ്റുകള്‍ മേളയില്‍ സംബന്ധിക്കും.

date