Skip to main content
vanitha c

കേരളത്തില്‍ കുടുംബ ബന്ധങ്ങളുടെ ശൈഥില്യം വര്‍ദ്ധിക്കുന്നു:  വനിത കമ്മീഷന്‍ അദ്ധ്യക്ഷ

കൊച്ചി: കേരളത്തില്‍ കുടുംബ ബന്ധങ്ങളുടെ ശൈഥില്യം വര്‍ധിക്കുന്നുവെന്ന് വനിത കമ്മീഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു. എറണാകുളം വൈഎംസിഎ ഹാളില്‍ വനിതാകമ്മീഷന്റെ മെഗാഅദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു  എം സി ജോസഫൈന്‍. വിദ്യാഭ്യാസ, രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക രംഗങ്ങളില്‍ വന്‍ മുന്നേറ്റം ഉണ്ടായിട്ടുപോലും കുടുംബ ബന്ധങ്ങളിലെ പ്രശ്‌നങ്ങളും സ്വത്തുതര്‍ക്കവും സംബന്ധിച്ച പരാതികള്‍ കേരളത്തില്‍ ധാരാളമായി വരുന്നു.  

വനിതാ കമ്മീഷനില്‍ ആയിരക്കണക്കിന് പരാതികള്‍ വരുന്നു എന്നത് സന്തോഷകരമായ വസ്തുതയല്ല. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമായ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക ഘടകങ്ങളെക്കുറിച്ച് എല്ലാവരും പരിശോധിക്കണമെന്നും എം സി ജോസഫൈന്‍ പറഞ്ഞു.

അദാലത്തില്‍ ആകെ 102 പരാതികള്‍ പരിഗണിച്ചു. ഇതില്‍ 49 എണ്ണം തീര്‍പ്പാക്കി. 17 പരാതിയില്‍ പോലീസ് റിപ്പോര്‍ട്ടും നാലെണ്ണത്തില്‍ ആര്‍ഡിഒയുടെ റിപ്പോര്‍ട്ടും തേടി. ഒരു പരാതി കമ്മീഷന്റെ മുഴുവന്‍ അംഗ സിറ്റിങ്ങില്‍ പരിഗണിക്കാന്‍ തീരുമാനിച്ചു. കൗണ്‍സലിങ്ങിന് ആയി 5 പരാതികളും അടുത്ത അദാലത്തിലേക്ക് 26 പരാതികളും നീക്കിവെച്ചു.

വനിതാ കമ്മീഷന് അംഗങ്ങളായ അഡ്വ എം എസ് താര, അഡ്വ ഷിജി ശിവജി, ഇ എം രാധ, ഡയറക്ടര്‍ വി യു കുര്യാക്കോസ് , ലീഗല്‍ പാനല്‍ ഉദ്യോഗസ്ഥരായ സ്മിതാ ഗോപി, കദീജ റിഷബത്ത്, ആനി പോള്‍, വനിതാ സെല്‍ എസ് ഐ ബെന്‍സി മാത്യു തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.

date