Skip to main content

ഭക്ഷ്യഭദ്രതാ നിയമം: റേഷന്‍ കാര്‍ഡില്‍ മാറ്റം വരുത്താനും പുതിയ റേഷന്‍  കാര്‍ഡുകള്‍ അനുവദിക്കാനും നടപടി തുടങ്ങി

 

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം, 2013 പ്രകാരം തയ്യാറാക്കിയ മുന്‍ഗണനാ പട്ടികയില്‍ വന്ന മാറ്റങ്ങള്‍ റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെടുത്തുന്നതിനും റേഷന്‍കാര്‍ഡുകള്‍ ഇല്ലാത്തവര്‍ക്ക് പുതുതായി കാര്‍ഡുകള്‍ നല്‍കുന്നതിനും നടപടികള്‍ തുടങ്ങി.

മുന്‍ഗണനാ പട്ടികയുടെ ശുദ്ധീകരണവുമായി ബന്ധപ്പെട്ട് നിലവിലുളള റേഷന്‍കാര്‍ഡില്‍ മാറ്റം വരുത്തുന്നതിന് ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും നിര്‍ദ്ദിഷ്ട മുദ്ര പതിപ്പിച്ചാല്‍ മതി.

നിലവില്‍ സംസ്ഥാനത്തൊരിടത്തും റേഷന്‍കാര്‍ഡുകള്‍ ഇല്ലാത്തവരില്‍ നിന്നും പുതിയ റേഷന്‍ കാര്‍ഡുകള്‍ക്കുളള അപേക്ഷ ഫെബ്രുവരി 15 മുതല്‍ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളില്‍ സ്വീകരിക്കും.

താലൂക്ക് സപ്ലൈ ഓഫീസുകളില്‍ ഉണ്ടാകാനിടയുളള ജന ബാഹുല്യം കണക്കിലെടുത്ത് താലൂക്കിലെ രണ്ട് പഞ്ചായത്തുകള്‍ക്ക് ഒരു നിശ്ചിത ദിവസം എന്ന വിധത്തില്‍ താലൂക്ക് സപ്ലൈ ഓഫീസുകളില്‍ ക്രമീകരണം വരുത്തി.  അപേക്ഷ സ്വീകരിക്കാന്‍ നടപടികള്‍ രണ്ടു മാസത്തിനകം പൂര്‍ത്തീകരിക്കും.

നിലവിലുളള റേഷന്‍കാര്‍ഡുകളില്‍ തിരുത്തല്‍ വരുത്തുക, പുതുതായി ആളുകളെ ചേര്‍ക്കുക, നിലവിലുളള ആളുകളെ ഒഴിവാക്കുക തുടങ്ങിയവയ്ക്കുളള അപേക്ഷകള്‍ നിലവില്‍ ഒരു റേഷന്‍ കാര്‍ഡിലും പേരില്ലാത്തവരുടെ അപേക്ഷയ്ക്ക് ശേഷമേ (രണ്ടു മാസത്തിനു ശേഷം) പരിഗണിക്കുകയുളളു.

റേഷന്‍ കാര്‍ഡില്‍ ചേര്‍ക്കേണ്ട കുടുംബനാഥയുടെ ഫോട്ടോ, സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയോടൊപ്പം സ്‌കാന്‍ ചെയ്ത് സമര്‍പ്പിക്കാം.  സത്യപ്രസ്താവനയുടെ മാതൃക സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.  നിലവില്‍ ഫോട്ടോ ഇല്ലാത്തതിനാല്‍ റേഷന്‍ കാര്‍ഡുകള്‍ ലഭിക്കാത്തവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.

ഇത് സംബന്ധിച്ച അപേക്ഷകള്‍ അക്ഷയ വഴി സമര്‍പ്പിക്കാനുളള നടപടികള്‍ സ്വീകരിക്കുന്നതിന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍, ഐ.റ്റി മിഷന്‍ ഡയറക്ടര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പി.എന്‍.എക്‌സ്.717/18

 

 

date