Skip to main content

കൊല്ലം വാര്‍ത്തകള്‍

ജില്ലയില്‍ ഇനി സ്റ്റുഡന്റ്‌സ് കമ്യൂണിറ്റി സര്‍വീസും

സേവനസന്നദ്ധരായ കോളജ് വിദ്യാര്‍ഥികളെ സാമൂഹ്യ ന•യ്ക്കായി പ്രയോജനപ്പെടുത്താന്‍ ജില്ലാ ഭരണകൂടം സ്റ്റുഡന്റ്‌സ് കമ്യൂണിറ്റി സര്‍വീസ് തുടങ്ങുന്നു. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ കുട്ടികളുടെ പ്രാതിനിധ്യപരമായ ഇടപെടല്‍ ഉറപ്പാക്കി പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുകയാണ് ലക്ഷ്യം. പ്രത്യേകം സംഘങ്ങളായി തിരിച്ചാകും കര്‍മമേഖലയിലേക്ക് ഇവരെ നിയോഗിക്കുക. 

ടെക്‌നിക്കല്‍, മെഡിക്കല്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, വെല്‍ഫെയര്‍, വിമന്‍ എംപവര്‍മെന്റ്, ഇന്നൊവേഷന്‍, ഡോക്യുമെന്റേഷന്‍, ഐ.ടി തുടങ്ങിയ മേഖലകളിലാണ് ടീമുകള്‍ രൂപീകരിക്കുക. യുവജനങ്ങളുടെ പങ്കാളിത്തം സമസ്ത മേഖലകളിലേക്കും വ്യാപിപ്പിച്ച് സാമൂഹ്യമുന്നേറ്റം ഉറപ്പാക്കുന്നതിനായി ജില്ലാകലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ അധ്യക്ഷനായി സമിതിക്ക് രൂപം നല്‍കി. എ.ഡി.സി ജനറലാണ് കണ്‍വീനര്‍. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഡി.എം.ഒ, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ലൈഫ് മിഷന്‍ കണ്‍വീനര്‍, ഹരിതമിഷന്‍, ശുചിത്വമിഷന്‍ എന്നിവയുടെ കോ-ഓര്‍ഡിനേറ്റര്‍മാര്‍, ഇന്‍ഫൊമാറ്റിക്‌സ് ഓഫീസര്‍ എന്നിവരാണ് അംഗങ്ങള്‍. സമിതിയുടെ ആദ്യയോഗം മാര്‍ച്ച് ഒന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് ടി.എം വര്‍ഗീസ് ഹാളില്‍ ചേരും. 

(പി.ആര്‍.കെ 436/18)

 

ലൈഫ് മിഷന്‍ ജില്ലാതല അവലോകന യോഗം ഇന്ന് (ഫെബ്രുവരി 27)

സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്റെ ജില്ലാതല അവലോകന യോഗം മാര്‍ച്ച് 27ന് രാവിലെ 10ന് കലക്‌ട്രേറ്റ് ഹാളില്‍ നടക്കും. ഒന്നാംഘട്ട ലക്ഷ്യമായ പൂര്‍ത്തീകരിക്കാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണ പ്രവര്‍ത്തനങ്ങളാണ് അവലോകനം ചെയ്യുക.

കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി സെക്രട്ടറിമാര്‍, നോഡല്‍ ഓഫീസര്‍മാര്‍, നഗരസഭകളിലെ ഹൗസിംഗിന്റെ ചുമതലയുള്ള നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിമാര്‍, നോഡല്‍ ഓഫീസര്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍, ജോയിന്റ് ബി.ഡി.ഒ/എക്സ്റ്റന്‍ഷന്‍ ഓഫീസര്‍(ഹൗസിംഗ്), വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, പട്ടികജാതി വികസന ഓഫീസര്‍മാര്‍, പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

(പി.ആര്‍.കെ 437/18)

 

കര്‍ഷക അവാര്‍ഡിന് അപേക്ഷിക്കാം

മൃഗസംരക്ഷണ മേഖലയിലെ മികച്ച കര്‍ഷകര്‍ക്ക് സംസ്ഥാനതലത്തിലും ജില്ലാതലത്തിലുമുള്ള അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം. സംസ്ഥാനതലത്തില്‍ ക്ഷീരകര്‍ഷകന്‍, വാണിജ്യാടിസ്ഥാനത്തില്‍ ഡയറി ഫാം നടത്തുന്ന കര്‍ഷകന്‍, സമ്മിശ്ര കര്‍ഷകന്‍, യുവ കര്‍ഷകന്‍, വനിതാ സംരംഭക എന്നീ വിഭാഗങ്ങളിലും ജില്ലാതലത്തില്‍ മികച്ച ക്ഷീരകര്‍ഷനും സമ്മിശ്ര കര്‍ഷകനുമാണ് അവാര്‍ഡ് നല്‍കുക.

അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടണം. അപേക്ഷ അതത് മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജന്‍ മുഖേന മാര്‍ച്ച് 15 നകം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നല്‍കണം.

(പി.ആര്‍.കെ 438/18)

 

സ്റ്റാര്‍ട്ട് അപ് സംരംഭം ആരംഭിക്കുന്നതിന് വായ്പാ പദ്ധതി

ഒ.ബി.സി/മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട് അപ് സംരംഭം ആരംഭിക്കുന്നതിനുള്ള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ വായ്പാ പദ്ധതിയില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പദ്ധതിയില്‍ പരമാവധി 30 ലക്ഷം രൂപവരെ വായ്പയായി അനുവദിക്കും.    ഗ്രാമപ്രദേശത്ത്  98000 രൂപവരെയും നഗരപ്രദേശത്ത് 120000 രൂപവരെയും കുടുംബ വാര്‍ഷിക വരുമാനമുള്ള ഒ.ബി.സി വിഭാഗം പ്രൊഫഷണലുകള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കിലും അതിനുമുകളില്‍ 20 ലക്ഷം രൂപവരെ ഏഴു ശതമാനം പലിശ നിരക്കിലും വായ്പ ലഭിക്കും. 

ഇതേ വരുമാന പരിധിയിലുള്‍പ്പെട്ട മതന്യൂനപക്ഷ വിഭാഗത്തിലെ പ്രൊഫഷണലുകള്‍ക്ക്  20 ലക്ഷം രൂപവരെ ആറ് ശതമാനം പലിശ നിരക്കില്‍ വായ്പ അനുവദിക്കും. ആറു ലക്ഷം രൂപവരെ കുടുംബ വാര്‍ഷിക വരുമാനമുള്ള മതന്യൂനപക്ഷ വിഭാഗത്തിലെ പ്രൊഫഷണലുകള്‍ക്ക് 30 ലക്ഷം രൂപവരെ വായ്പ അനുവദിക്കുന്നതിനും പദ്ധതിയുണ്ട്.   

തിരിച്ചടവ് കാലയളവ് 84 മാസം വരെ.  അപേക്ഷകന്‍ സംസ്ഥാനത്തെ ഒ.ബി.സി./മതന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും പ്രൊഫഷണല്‍ കോഴ്‌സുകള്‍ (എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എസ്.എം.എസ്, ബി.ടെക്, ബി.എച്ച്.എം.എസ്, ബി ആര്‍ക്ക്, വെറ്റിനറി സയന്‍സ്, ബി.എസ്.സി അഗ്രികള്‍ച്ചര്‍, ബി.ഫാം, ബയോടെക്‌നോളജി, ബി.സി.എ, എല്‍.എല്‍.ബി, ഫുഡ് ടെക്‌നോളജി, ഫൈന്‍ ആര്‍ട്ട്‌സ്, ഡയറി സയന്‍സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മുതലായവ)  പൂര്‍ത്തീകരിച്ചവരുമായിരിക്കണം.  പ്രായം 40 വയസ് കവിയാന്‍ പാടില്ല. 

പദ്ധതി പ്രകാരം മെഡിക്കല്‍/ആയുര്‍വേദ/ഹോമിയോ/സിദ്ധ/ദന്തല്‍ ക്ലിനിക്ക്, വെറ്റിനറി ക്ലിനിക്ക്, സിവില്‍ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സി, ആര്‍ക്കിടെക്ച്ചറല്‍ കണ്‍സട്ടന്‍സി, ഫാര്‍മസി, സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ്, ഡയറി ഫാം, അക്വാകള്‍ച്ചര്‍, ഫിറ്റ്‌നെസ് സെന്റര്‍, ഫുഡ് പ്രോസസിംഗ് യൂണിറ്റ്, ഓര്‍ക്കിഡ് ഫാം, ടിഷ്യൂ കള്‍ച്ചര്‍ ഫാം, വീഡിയോ പ്രൊഡക്ഷന്‍ യൂണിറ്റ്,  എഞ്ചിനീയറിംഗ് വര്‍ക്ക്‌ഷോപ്പ് തുടങ്ങി പ്രൊഫഷണല്‍ യോഗ്യതയുമായി ബന്ധപ്പെട്ട വരുമാനദായകമായ നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിന് വായ്പ ലഭിക്കും. പദ്ധതി അടങ്കലിന്റെ 95 ശതമാനംവരെ വായ്പ അനുവദിക്കും. 

ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് വായ്പാ തുകയുടെ 20 ശതമാനം (പരമാവധി രണ്ടു ലക്ഷം രൂപ) പിന്നാക്ക വിഭാഗ വികസന വകുപ്പ് സബ്‌സിഡിയായി അനുവദിക്കും. തുക അപേക്ഷകന്റെ വായ്പാ അക്കൗണ്ടില്‍ നല്‍കും. സംരംഭകന്‍ സബ്‌സിഡി കഴിച്ചുള്ള തുകയും അതിന്റെ പലിശയും തിരിച്ചടയ്ക്കണം.

താത്പര്യമുള്ളവര്‍  ംംം.സയെരറര.രീാ വെബ്‌സൈറ്റില്‍ മാര്‍ച്ച് ഒന്‍പതിനകം രജിസ്റ്റര്‍ ചെയ്യണം.  രജിസ്റ്റര്‍ ചെയ്യുന്നവര്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന സംരംഭകത്വ സെമിനാറില്‍ പങ്കെടുക്കണം. 

(പി.ആര്‍.കെ 439/18)

 

വനിതാ കമ്മീഷന്‍ അദാലത്ത് നാളെ (ഫെബ്രുവരി 28)

കേരള വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് നാളെ (ഫെബ്രുവരി 28) രാവിലെ 10.30 മുതല്‍ കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസ് ഹാളില്‍ നടക്കും.

(പി.ആര്‍.കെ 440/18)

ഗതാഗത നിരോധനം

ആലുംകടവ്-പത്മനാഭന്‍ ജെട്ടി റോഡിന്റെ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇന്നു (ഫെബ്രുവരി 27) മുതല്‍ ഈ വഴിയില്‍ ഗതാഗതം നിരോധിച്ചതായി കരുനാഗപ്പള്ളി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

(പി.ആര്‍.കെ 441/18)

 

ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് - സമാശ്വാസം 2018;

മാര്‍ച്ച് 17ന് കൊല്ലത്ത്

കൊല്ലം താലൂക്കിലെ ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് -   സമാശ്വാസം 2018 മാര്‍ച്ച് 17ന് കൊല്ലം ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ നടക്കും. റേഷന്‍ കാര്‍ഡ്, റീ സര്‍വ്വെ എന്നിവയുമായി ബന്ധപ്പെട്ടവ ഒഴികെയുള്ള പരാതികള്‍ മാര്‍ച്ച് രണ്ടുവരെ കൊല്ലം താലൂക്ക് ഓഫീസില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. 

(പി.ആര്‍.കെ 442/18)

 

ഇന്റര്‍വ്യൂ മാര്‍ച്ച് രണ്ടിന്

കൊല്ലം എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയിബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങള്‍ ഉള്‍പ്പെടുത്തി മാര്‍ച്ച് രണ്ടിന് കൊല്ലം ജില്ലാ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചില്‍ ഇന്റര്‍വ്യൂ നടക്കും. പ്രവര്‍ത്തന മേഖല ബ്രായ്ക്കറ്റില്‍. 

ടീം ലീഡര്‍(പുരുഷ•ാര്‍) - യോഗ്യത: പ്ലസ് ടു/ ബിരുദം (കൊല്ലം) 

ബിസിനസ് എക്‌സിക്യൂട്ടീവ് ഓഫീസര്‍(പുരുഷ•ാര്‍) -  യോഗ്യത: ബിരുദം/എം.ബി.എ (കൊല്ലം).

അക്കൗണ്ടന്റ്-  യോഗ്യത: ബികോം വിത്ത് ടാലി (കൊല്ലം).

ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്(പുരുഷ•ാര്‍) -  യോഗ്യത: ബിരുദം (കൊല്ലം).

ബ്രാഞ്ച് റിലേഷന്‍സ് എക്‌സിക്യൂട്ടീവ്- യോഗ്യത: പ്ലസ് ടു (കൊല്ലം). 

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍-  യോഗ്യത: പ്ലസ് ടു (കൊല്ലം).

ബില്ലിംഗ് സ്റ്റാഫ്-  യോഗ്യത: പ്ലസ് ടൂ (കൊല്ലം).

ടെലി കോളര്‍- യോഗ്യത: പ്ലസ് ടൂ(കൊല്ലം).

സെയില്‍സ്മാന്‍/സെയില്‍സ് ഗേള്‍ - യോഗ്യത: പ്ലസ് ടൂ (കൊല്ലം).

പാക്കിംഗ് സ്റ്റാഫ്- യോഗ്യത: എസ്.എസ്.എല്‍.സി (കൊല്ലം).

ഒഴിവുകളിലേക്ക് അപേക്ഷിക്കാനും രജിസ്റ്റര്‍ ചെയ്യാനും കൊല്ലം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടണം.

ഫോണ്‍: 0474-2740615, 2740618.

(പി.ആര്‍.കെ 443/18)

 

date