Skip to main content

കളക്ടറുടെ പച്ച മലയാളത്തിന് സി രാധാകൃഷ്ണന്റെ പ്രശംസ; ജീവനക്കാരുടെ ഭാഷാജ്ഞാനത്തെ നമിച്ച് മുഖത്തല

കൊച്ചി:  മലയാളം പഠിച്ചവര്‍ക്ക് ലോകത്തിലെ ഏതു ഭാഷയും ശബ്ദവും പഠിക്കാനാകും. അതിനാലാണ് കേരളത്തില്‍ ഏറ്റവുമധികം മിമിക്രിക്കാരുള്ളത്. എന്നാല്‍ മറ്റു ഭാഷക്കാര്‍ക്ക് മലയാളം പഠിക്കാനും നന്നായി സംസാരിക്കാനും സാധാരണ അത്ര എളുപ്പമല്ല. ഇതില്‍ നിന്നു വ്യത്യസ്തമാണ് ജില്ല കളക്ടറുടെ നല്ല മലയാളം. ഭാഷയെ അത്രമേല്‍ സ്‌നേഹിക്കുന്നതിനാലാണ് ഇതു സാധ്യമാകുന്നത്- സി. രാധാകൃഷ്ണന്റെ വാക്കുകള്‍ നീണ്ട കരഘോഷത്തോടെയാണ് ജീവനക്കാര്‍ ഏറ്റുവാങ്ങിത്. കേരളപ്പിറവി ദിനത്തിലാരംഭിച്ച ഭരണഭാഷ വാരാചരണത്തിന്റെ സമാപന ചടങ്ങായിരുന്നു വേദി. 

മലയാളഭാഷയ്ക്ക് സാര്‍വലൗകിക അസ്തിത്വമാണുള്ളതെന്നും ഏതു ഭാഷയിലെ വാക്കുകളും മലയാളത്തിലെഴുതാമെന്നും സി. രാധാകൃഷ്ണന്‍ പറഞ്ഞു. തുഞ്ചത്തെഴുത്തച്ഛന്റെ ഹരിനാമകീര്‍ത്തനവും രണ്ട് അഷ്ടകങ്ങളും പഠിച്ചാല്‍ മലയാളത്തിലെ എല്ലാ അക്ഷരങ്ങളും വായിക്കാനും പഠിക്കാനുമാകും. മലയാള ഭാഷ സ്ഫുടമായി ഉച്ചരിച്ചാല്‍ ലോകത്തിലെ ഏതു ഭാഷയും സ്വായത്തമാക്കാം. ഇംഗ്ലീഷ് അടക്കമുള്ള മറ്റു ഭാഷകള്‍ കുട്ടികളെ പഠിപ്പിക്കണമെങ്കില്‍ മലയാളം നന്നായി പഠിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മലയാളം ഭരണഭാഷയാക്കുന്നതിന് നമ്മുടെ സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വസജ്ജരാണെന്ന് ശ്രീകുമാര്‍ മുഖത്തല പറഞ്ഞു. സാഹിത്യ, പ്രശ്‌നോത്തരി മത്സരങ്ങളിലെ ജീവനക്കാരുടെ പങ്കാളിത്തവും ഭാഷാജ്ഞാനവും ഇതിന് തെളിവാണ്. നൂറിലധികം പേര്‍ പങ്കെടുത്ത പ്രശ്‌നോത്തരിയില്‍ ചോദ്യങ്ങളുണ്ടാക്കാന്‍ ഏറെ പ്രയാസപ്പെട്ടു. പ്രയാസപ്പെട്ടുണ്ടാക്കിയ ചോദ്യങ്ങള്‍ക്കും നിഷ്പ്രയാസം ജീവനക്കാര്‍ ഉത്തരം പറഞ്ഞതോടെ ജീവനക്കാരുടെ ഭാഷയിലും സാഹിത്യത്തിലുമുള്ള അറിവ് ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു. വാട്ട്‌സ് അപ്പ്, ഫെയ്‌സ് ബുക്ക് പോലുള്ള നവമാധ്യമങ്ങളുടെ കാലത്തും ഭാഷയില്‍ കാലത്തിനു യോജിച്ച പുതിയ പദങ്ങളുടെ പിറവിയുമായി മലയാള ഭാഷ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

date