Skip to main content

പദ്ധതി നിര്‍വഹണം: കണ്ണൂര്‍ ജില്ല മുന്നില്‍     

2017-18 വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനത്ത് കണ്ണൂര്‍ ജില്ല മുന്നില്‍. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 63.39 ശതമാനവുമായാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തുള്ളത്.  62.33 ശതമാനവുമായി കോട്ടയവും 62.19 ശതമാനവുമായി കൊല്ലവുമാണ് തൊട്ടുപിന്നില്‍. 
    71.3 ശതമാനവുമായി ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളാണ് പദ്ധതി നിര്‍വഹണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. 65 ശതമാനവുമായി ബ്ലോക്ക് പഞ്ചായത്തുകളും 57.62 ശതമാനവുമായി ജില്ലാ പഞ്ചായത്തും 56.43 ശതമാനവുമായി കണ്ണൂര്‍ കോര്‍പറേഷനും പിന്നാലെയുണ്ട്. മുനിസിപ്പിലാറ്റികളുടെ പദ്ധതി നിര്‍വഹണം 49.7 ശതമാനമാണ്. 
    തദ്ദേശ സ്ഥാപനങ്ങളുടെ 18-19 വാര്‍ഷിക പദ്ധതികള്‍ക്ക് മാര്‍ച്ച് 17നു മുമ്പായി അംഗീകാരം വാങ്ങണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം നിര്‍ദ്ദേശം നല്‍കി. ഇതിനു മുമ്പായി നടപടികള്‍ പൂര്‍ത്തിയാക്കി ആസൂത്രണ സമിതിക്ക് അംഗീകാരത്തിനായി സമര്‍പ്പിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഡി.പി.സി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു. നാല് പഞ്ചായത്തുകള്‍ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായുള്ള ഗ്രാമസഭകള്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു.  മിക്കവാറും തദ്ദേശ സ്ഥാപനങ്ങള്‍ ഇതിനകം വികസന സെമിനാര്‍ സംഘടിപ്പിച്ചതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു. 32 ഗ്രാമപഞ്ചായത്തുകള്‍ പദ്ധതിയുടെ ഡാറ്റാ എന്‍ട്രി പ്രവൃത്തികള്‍ തുടങ്ങിക്കഴിഞ്ഞു. ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും പദ്ധതി ആസൂത്രണ പുരോഗതി യോഗം ചര്‍ച്ച ചെയ്തു. 
    തലശ്ശേരി ബ്ലോക്ക്, കല്യാശ്ശേരി, മാട്ടൂല്‍, പാട്യം, മയ്യില്‍ ഗ്രാമപഞ്ചായത്തുകള്‍, ശ്രീകണ്ഠാപുരം, ആന്തൂര്‍ മുനിസിപ്പാലിറ്റികള്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിഭേദഗതികള്‍ക്ക് ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. യോഗത്തില്‍ ആസൂത്രണ സമിതി അംഗങ്ങളായ കെ.പി ജയബാലന്‍ മാസ്റ്റര്‍, വി.കെ സുരേഷ് ബാബു, ടി.ടി റംല, സുമിത്ര ഭാസ്‌ക്കരന്‍, പി ജാനകി ടീച്ചര്‍, അജിത്ത് മാട്ടൂല്‍, കെ.വി ഗോവിന്ദന്‍, ഡി.പി.ഒ കെ പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. 
പി എന്‍ സി/500/2018

date