Skip to main content

മാനസികാരോഗ്യം വീണ്ടെടുത്തവരെ പുനരധിവസിപ്പിക്കുന്നതിന് എല്ലാവിധ സര്‍ക്കാര്‍ പിന്തുണയും -മുഖ്യമന്ത്രി പിണറായി വിജയന്‍

 

* മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ സുഖം പ്രാപിച്ചവര്‍ക്കുള്ള പുനരധിവാസപദ്ധതിയുമായി

 'സ്‌നേഹക്കൂടി'ന് തുടക്കമായി

മാനസികരോഗം മാറിയവരെ പുനരധിവസിപ്പിക്കുന്നതിന് എല്ലാവിധ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാനസികാരോഗ്യ കേന്ദ്രങ്ങളില്‍നിന്ന് സുഖം പ്രാപിച്ചവര്‍ക്കുള്ള പുനരധിവാസ പദ്ധതിയായ 'സ്‌നേഹക്കൂടി'ന്റെ സംസ്ഥാനതല ഉദ്ഘാടനം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാനസികരോഗമെന്നത് മറ്റു രോഗങ്ങള്‍ പോലെ ആര്‍ക്കും വരാവുന്നതാണ്. എന്നാല്‍ മറ്റേത് രോഗം മാറിയാലും സമൂഹം ശരിയായ നിലയില്‍ സ്വീകരിക്കാറുണ്ട്. ചിലരുടെ കാര്യത്തില്‍ മാനസികരോഗം മാറിയാലും വേണ്ടപോലെ സ്വീകരിക്കാത്ത ദുഃസ്ഥിതിയുണ്ട്. ഏതു മാനസികാരോഗ്യ കേന്ദ്രത്തില്‍ പോയാലും അത്തരക്കാരെ കാണാം. ചിലരുടെ കാര്യത്തില്‍ അവര്‍ എവിടുത്തുകാരാണെന്നോ പേര് പോലും അറിയാത്തവരോ ഉണ്ട്. 

മാനസികാരോഗ്യകേന്ദ്രങ്ങളില്‍ കഴിയുന്ന ഇത്തരക്കാര്‍ക്ക് ശരിയായ പുനരധിവാസം പുതിയ പദ്ധതി വഴി സാധിക്കും. കോഴിക്കോട് മാനസികാരോഗ്യകേന്ദ്രത്തില്‍ ഇത്തരം പുനരധിവാസ പദ്ധതി നേരത്തെ ആലോചിച്ചിരുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

പുനരധിവാസ പദ്ധതിയുടെ ധാരണാപത്രവും ചടങ്ങില്‍ കൈമാറി. നാലു കോടി രൂപ സര്‍ക്കാര്‍ സഹായം ഉപയോഗിച്ച് നിര്‍മിക്കുന്ന പുരുഷന്‍മാര്‍ക്കുള്ള ആധുനിക ചികിത്‌സാ-നിരീക്ഷണ വാര്‍ഡിന്റെ തറക്കല്ലിടല്‍ ചടങ്ങും മുഖ്യമന്ത്രി നിര്‍വഹിച്ചു.

ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഡിപ്രഷന്‍ ക്ലീനിക്കുകള്‍ ആരംഭിക്കുമെന്നും ആര്‍ദ്രം മിഷനില്‍ മാനസികാരോഗ്യം സംരക്ഷിക്കുന്നതിന് മുന്‍ഗണന നല്‍കുന്നുണ്ടെന്നും അ്‌വര്‍ പറഞ്ഞു. തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രം മെന്റല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടായി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കും. കോഴിക്കോട് കേന്ദ്രം പുനരധിവാസ കേന്ദ്രമാക്കും. തൃശൂര്‍ കേന്ദ്രത്തിലും വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അവര്‍ പറഞ്ഞു.

മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസികള്‍ക്കായി സാക്ഷരതാ മിഷനുമായി ചേര്‍ന്ന് നടപ്പാക്കുന്ന സാക്ഷരതാ ക്ലാസിന്റെ പുസ്തകങ്ങളുടെ പ്രകാശനവും ആരോഗ്യമന്ത്രി നിര്‍വഹിച്ചു. പശ്ചിമബംഗാള്‍ സ്വദേശിനികളായ സിന്‍ഹ, പൂജ എന്നീ പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ അവരെ കൂട്ടിക്കൊണ്ടുപോകുന്ന നിമിഷത്തിനും ചടങ്ങ് വേദിയായി.

ദി ഹിന്ദു ദിനപ്പത്രത്തിന്റെ കസ്തൂരി ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. റാം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇത്തരം പുനരധിവാസ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുന്നത് മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. 

ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ഷിജു ഷെയ്ക്, മുന്‍ ചീഫ് സെക്രട്ടറിയും ബന്യാന്‍ ഗ്രൂപ്പിന്റെ ഉപദേശകനുമായ എസ്.എം. വിജയാനന്ദ്, ബന്യാന്‍ ഗ്രൂപ്പ് പ്രതിനിധി ഡോ. വന്ദന ഗോപികുമാര്‍, കൗണ്‍സിലര്‍ പി.എസ്. അനില്‍കുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, 'ടിസ്സ്' മുന്‍ ഡയറക്ടര്‍ ഡോ. എസ്. പരശുരാമന്‍, അഡീ. ഡയറക്ടര്‍ (മെഡിക്കല്‍) ഡോ. ബിന്ദു മോഹന്‍, അഡീ. ഡി.എം.ഒ ഡോ. ജോസ് ഡിക്രൂസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ആരോഗ്യ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ സ്വാഗതവും മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. ടി. സാഗര്‍ നന്ദിയും പറഞ്ഞു.സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, ദി ബന്യാന്‍ ട്രസ്റ്റ്, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്, ഹാന്‍സ് എന്നിവയുടെ സഹകരണത്തോടെയാണ് മാനസികരോഗം സുഖപ്പെട്ടവര്‍ക്കുള്ള പുനരധിവാസ പദ്ധതിയായ സ്‌നേഹക്കൂട് സംഘടിപ്പിക്കുന്നത്. 

തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എന്നീ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് രോഗം ഭേദമായിട്ടും അനാഥരായി കഴിയുന്ന നൂറോളം പേര്‍ക്ക് പദ്ധതി സമാശ്വാസം നല്‍കും. മലപ്പുറത്ത് സജ്ജമാക്കിയ ദി ബന്യാന്‍ സംഘടനയുടെ സ്‌നേഹവീട്ടിലേക്കാണ് ആദ്യഘട്ടത്തില്‍ പുനരധിവസിപ്പിക്കുന്നവരെ മാറ്റുക. തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് 45 പേരും, തൃശൂര്‍ കേന്ദ്രത്തില്‍ നിന്ന് 25 പേരും, കോഴിക്കോട് നിന്ന് 60 പേരുമാണുള്ളത്. ഇവര്‍ക്ക് മതിയായ തൊഴിലും നല്‍കും. 

പി.എന്‍.എക്‌സ്.917/18

date