Skip to main content

എല്ലാ സ്ഥാപനങ്ങളിലും ഹരിതപെരുമാറ്റച്ചട്ടം: ഹരിതകേരളം മിഷന്‍ ശില്‍പ്പശാല ഇന്ന് (മാര്‍ച്ച് 13) മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്യും

 

സംസ്ഥാനത്തെ മുഴുവന്‍ സ്ഥാപനങ്ങളേയും ഹരിത പെരുമാറ്റ ചട്ടത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ദ്വിദിന സംസ്ഥാനതല ശില്‍പ്പശാലയ്ക്ക് ഇന്ന് (മാര്‍ച്ച് 13) തിരുവനന്തപുരത്ത് ഐ.എം.ജി (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ കേരള)യില്‍ തുടക്കമാവും. രാവിലെ 10 മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും. ഹരിതകേരളം എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍.സീമ ചടങ്ങില്‍ അധ്യക്ഷയാവും.

സംസ്ഥാനത്തെ മുഴവന്‍ സ്ഥാപനങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി മാലിന്യനിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിശീലിപ്പിക്കുന്നതിനു വേണ്ട റിസോഴ്‌സ് പേഴ്‌സണ്‍മാരെ സജ്ജമാക്കുകയാണ് ശില്‍പ്പശാലയുടെ ലക്ഷ്യം. ഓരോ ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 10 പേര്‍ വീതമാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്. ഇതില്‍ 5 പേര്‍ ഉദ്യോഗസ്ഥരും 5 പേര്‍ സന്നദ്ധ പ്രവര്‍ത്തകരുമാണ്. ഇതിനു പുറമെ വിവിധ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും പ്രതിനിധികള്‍ ഉള്‍പ്പെടെ 170 ഓളം പേര്‍ ശില്‍പ്പശാലയില്‍ പങ്കെടുക്കും.

ഹരിതപെരുമാറ്റച്ചട്ടത്തെക്കുറിച്ചും അതു നടപ്പിലാക്കുന്നതിന്റെ രീതിശാസ്ത്രത്തെക്കുറിച്ചും വിശദമാക്കുന്ന സമഗ്രമായ പരിശീലനമാണ് ശില്‍പ്പശാലയില്‍ ഒരുക്കിയിട്ടുള്ളത്. ഗ്രീന്‍ പ്രോട്ടോക്കോള്‍ എന്ത്, എന്തിന്? എന്ന വിഷയത്തില്‍ ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഹരിതകേരളം മിഷന്‍ സാങ്കേതിക ഉപദേഷ്ടാവുമായ ഡോ. അജയകുമാര്‍ വര്‍മ്മ മുഖ്യ പ്രഭാഷണം നടത്തും. കിലയുടെ നേതൃത്വത്തില്‍ ശുചിത്വമിഷന്റെ സഹകരണത്തോടെയാണ് ഹരിതകേരളം മിഷന്‍ ശില്‍പ്പശാല സംഘടിപ്പിച്ചിരിക്കുന്നത്.

പി.എന്‍.എക്‌സ്.922/18

date