Skip to main content

കോന്നി റീജിയണല്‍ കോ-ഓപ്പറേറ്റീവ് ബാങ്കിലെ തട്ടിപ്പ് :  അംഗത്വം പിന്‍വലിക്കാന്‍ അനുവദിക്കണം - വനിതാ കമ്മീഷന്‍

കോന്നി റീജിയണല്‍ കോ-ഓപ്പറേറ്റീവ് ബാങ്കില്‍ ചിട്ടി തട്ടിപ്പിനിരയായ സഹകാരിയുടെ അംഗത്വം പിന്‍വലിക്കുന്നതിന് നല്‍കിയിട്ടുള്ള അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ ബാങ്ക് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. പരാതിക്കാരി അറിയാതെ ബാങ്കിലെ മൂന്ന് ജീവനക്കാര്‍ ചേര്‍ന്ന് പരാതിക്കാരിയുടെ പേരില്‍ ചിട്ടി ചേരുകയും തുക കൈപ്പറ്റുകയും ചെയ്തിരുന്നു. തുക കുടിശിക വന്നതോടെ ബാങ്കില്‍ നിന്ന് നോട്ടീസ് എത്തിയപ്പോഴാണ് ചിട്ടിത്തുക കൈപ്പറ്റിയ വിവരം പരാതിക്കാരി അറിയുന്നത്. തുടര്‍ന്ന് കുറ്റക്കാരായ ഉദേ്യാഗസ്ഥര്‍ തന്നെ തുക തിരിച്ചടച്ചുവെങ്കിലും ഭാവിയില്‍ ഇത് സംബന്ധിച്ച ബാധ്യതകള്‍ വരാതിരിക്കുന്നതിനാണ് അംഗത്വം പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി പരാതിക്കാരി വനിതാ കമ്മീഷനിലെത്തിയത്. കുറ്റക്കാരായ ബാങ്ക് ജീവനക്കാരെ ഭരണസമിതി നേരത്തേതന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നതായും ക്രമക്കേട് നടത്തിയ തുക ഇവര്‍ തിരിച്ചടച്ചിട്ടുള്ളതായും ഇവര്‍ക്കെതിരെ വകുപ്പ്തല നടപടികള്‍ നടന്നുവരുന്നതായും സെക്രട്ടറി അറിയിച്ചു. വകുപ്പ്തല അനേ്വഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇവര്‍ക്കെതിരെ അന്തിമ നടപടികള്‍ കൈക്കൊള്ളുമെന്നും അറിയിച്ചു. പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ച് അംഗത്വം പിന്‍വലിക്കാന്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കി.
തിരുവല്ല സ്വദേശിനിയായ വൃദ്ധ മാതാവ് കമ്മീഷന്റെ മുമ്പിലെത്തിയത് അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ അയല്‍വാസി മുറിച്ചുമാറ്റുന്നില്ല എന്ന പരാതിയുമായാണ്. റവന്യു ഡിവിഷണല്‍ ഓഫീസര്‍ മരം മുറിച്ച് മാറ്റുന്നതിന് നല്‍കിയ ഉത്തരവ് നടപ്പാക്കാന്‍ എതിര്‍ കക്ഷി തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് ഇവര്‍ പരാതിയുമായെത്തിയത്. പരാതി പുളിക്കീഴ് പോലീസിന് കൈമാറി ഉത്തരവ് അടിയന്തരമായി നടപ്പാക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കി. 
തിരുവല്ല സ്വദേശിനിയായ വീട്ടമ്മ വനിതാ കമ്മീഷന്റെ മുന്നിലെത്തിയത് 2008 മുതലു ള്ള കടയുടെ വാടക കുടിശിക ലഭിക്കണമെന്ന ആവശ്യവുമായാണ്. തിരുവല്ല ഹെഡ് പോസ്റ്റാഫീസിന് സമീപമുള്ള പരാതിക്കാരിയുടെ കട 2008ല്‍ വാടകയ്ക്ക് നല്‍കിയിരുന്നു. എന്നാല്‍ വാടകക്കാരന്‍ വാടക നല്‍കുന്നതിനോ കട ഒഴിയുന്നതിനോ തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് പരാതിയുമായെത്തിയത്. കുടിശികയുള്ള വാടക തുക രണ്ടുദിവസത്തിനുള്ളില്‍ പരാതികക്ഷിക്ക് കൈമാറുന്നതിനും ജൂണ്‍ 15ന് മുമ്പ് കട ഒഴിഞ്ഞുകൊടുക്കുന്നതിനും കമ്മീഷന്‍ കര്‍ശന നിര്‍ദേശം നല്‍കി.
വനിതാ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.ഉദയമ്മ, അഭിഭാഷകരായ ദീപു പീതാംബരന്‍, കെ.ജെ.സിനി, എസ്.സബീന, എസ്.സീമ, കൗണ്‍സിലര്‍മാരായ ഇ.കെ.സൗമ്യ, ജിന്‍സി ബാബു, നീമ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.                       

 

date