Skip to main content

തേയിലച്ചെടികളില്‍ കീടനാശിനി പ്രയോഗം: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

 

കാക്കനാട്: തേയിലച്ചെടികളില്‍ ആരോഗ്യത്തിന് ഹാനികരമായ കീടനാശിനികള്‍ പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഭക്ഷ്യസുരക്ഷ കമ്മീഷനും ടീ ബോര്‍ഡിനും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹ്യൂമന്റൈറ്റ്‌സ് മൂവ്‌മെന്റ് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നടപടി. തേയില പാക്കറ്റുകളുടെ സാമ്പിളുകള്‍ ശേഖരിച്ച് കീടനാശിനിയുടെ സാന്നിധ്യമുണ്ടോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

 

കോതമംഗലം എംഎ കോളേജില്‍ യുജിസി മാനദണ്ഡപ്രകരാം താത്കാലിക അധ്യാപകരായി നിയമനം നേടിയ അഞ്ച് അധ്യാപകര്‍ക്ക് അഞ്ചു വര്‍ഷത്തെ ശമ്പളം ലഭിച്ചിട്ടില്ലെന്നതുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്കും കോളേജ് എജ്യുക്കേഷന്‍ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. 

 

മലപ്പുറത്ത് കെട്ടിട നിര്‍മ്മാണ സൈറ്റില്‍ നിന്ന് താഴെ വീണ് നട്ടെല്ലിനു പരിക്കേറ്റ എറണാകുളം സ്വദേശിയായ യുവാവ് കരാറുകാരനില്‍ നിന്ന് ധനസഹായം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതി അന്വേഷിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി. 

 

പൂതൃക്ക പഞ്ചായത്തിലെ കരിങ്കല്ല് പൊടിച്ച് ഹോളോബ്രിക്‌സുണ്ടാക്കുന്ന കമ്പനി പ്രദേശവാസികള്‍ക്് ശല്യമുണ്ടാക്കുന്നുവെന്ന പരാതിയില്‍ വിശദീകരണം സമര്‍പ്പിക്കാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കും നിര്‍ദേശം നല്‍കി.

 

ആശ്വാസകിരണം പദ്ധതിയ്ക്കു കീഴില്‍ ജോലി ചെയ്യുന്നവര്‍ക്ക് മൂന്നു വര്‍ഷത്തെ ശമ്പളം ലഭിക്കാനുണ്ടെന്ന മുവാറ്റുപുഴ സ്വദേശിയുടെ പരാതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമൂഹ്യ നീതി ഓഫീസറോട് കമ്മീഷന്‍ നിര്‍ദേശിച്ചു. പുതുവൈപ്പ് സമരക്കാരെ പോലീസ് മര്‍ദിച്ചതുമായി ബന്ധപ്പെട്ട കേസ് ഏപ്രില്‍ 13 ന് പരിഗണിക്കുമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ അറിയിച്ചു. പരാതിക്കാരനും സാക്ഷിയും ഹാജരായെങ്കിലും മുന്‍ ഡിസിപി യതീഷ് ചന്ദ്ര ഹാജരായിരുന്നില്ല. അടുത്ത അവധിക്ക് കേസ് തീര്‍പ്പാക്കി ഉത്തരവിറക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

 

അമ്പലമേട് കുഴിക്കാട് മേഖലയില്‍ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ബിപിസിഎല്‍ ബ്ലൂപ്രിന്റ് സമര്‍പ്പിച്ചിട്ടുണ്ടെന്നും അടുത്ത സിറ്റിംഗില്‍ ഈ കേസ് പരിഗണിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. വീട്ടുകാരെ എതിര്‍ത്ത് പ്രേമിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ സഹോദരന്‍ അകറ്റി നിര്‍ത്തുന്നുവെന്നും രോഗബാധിതനായ അച്ഛനെ കാണാന്‍ അനുവദിക്കില്ലെന്നും കാണിച്ച് ആമ്പല്ലൂര്‍ സ്വദേശിയായ വീട്ടമ്മ സമര്‍പ്പിച്ച പരാതിയില്‍ അന്വേഷണം നടത്താന്‍ കമ്മീഷന്‍ ഉത്തരവിട്ടു.  

 

കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി. മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ കാക്കനാട് 

കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ ആകെ 109 കേസുകളാണ് പരിഗണിച്ചത്. 11 കേസുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി. 11 പരാതികള്‍ തീര്‍പ്പാക്കി. 15 പുതിയ പരാതികളാണ് ലഭിച്ചത്. 

date