Skip to main content

ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ സര്‍ക്കാര്‍  പ്രതിജ്ഞാബദ്ധം-മന്ത്രി പി. തിലോത്തമന്‍

 ഉപഭോക്താക്കള്‍ക്ക് അനൂകൂലമായ നിലപാടു സ്വീകരിച്ചുകൊണ്ട് അവര്‍ക്ക് ലഭ്യമാക്കേണ്ട അവകാശങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ലോക ഉപഭോക്തൃ അവകാശ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
     ഉപഭോക്തൃ രംഗത്ത് ഒരുപാടു കള്ളനാണയങ്ങളുണ്ട്. സര്‍ക്കാര്‍ ഇവര്‍ക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഉപഭോക്താവിന്റെ അവകാശമാണ് ഏറ്റവും പ്രധാനം. ഉപഭോക്തൃ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാണ് ഒരു ഡയറക്ടറേറ്റുതന്നെ രൂപീകരിച്ചിരിക്കുന്നത്. ഇടനിലക്കാരില്ലാതെ ഉല്‍പന്നങ്ങള്‍ ഉപഭോക്താവിന്റെ കൈയിലെത്തുന്ന രീതിയാണ് ഇന്ന് നിലനില്‍ക്കുന്നത്. എന്നാല്‍ അതിനിടയിലും ചില ചൂഷണങ്ങള്‍ നടക്കുന്നുണ്ട്. ഏത് രീതിയിലും ലാഭംമാത്രം നേടിയെടുക്കാനായി കുറച്ചു പേരുണ്ട്. അവരാണ് ചൂഷണത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ ഇത്തരക്കാര്‍ക്കെതിരെ മുഖംനോക്കാതെ നടപടി സ്വീകരിക്കും. ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ ഉപഭോക്താവിന് എത്തിക്കണം. അതിനായി ഉപഭോക്തൃ നിയമം ശക്തമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
     നഗരസഭാ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പ്രസിഡന്റ് പി. സുധീര്‍ ആശംസ നേര്‍ന്നു. ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി ആന്റ് കമ്മീഷണര്‍ മിനി ആന്റണി സ്വാഗതവും പൊതുവിതരണ ഡയറക്ടര്‍ ഡോ. നരസിംഹുഗാരി റ്റി എല്‍ റെഡ്ഡി നന്ദിയും പറഞ്ഞു. രാജീവ്ഗാന്ധി സംസ്ഥാന ഉപഭോക്തൃ സംസ്ഥാന അവാര്‍ഡ് വിതരണവും മന്ത്രി നിര്‍വഹിച്ചു. പരിപാടിയോട് അനുബന്ധിച്ച് റേഷന്‍ വ്യാപാരികളുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും നടത്തി.
പി.എന്‍.എക്‌സ്.985/18

date