Skip to main content

പൊതുജന സേവന രംഗത്തെ നൂതന ആശയാവിഷ്‌കാരത്തിനുള്ള മുഖ്യമന്ത്രിയുടെ അവാര്‍ഡുകള്‍ 21 ന് വിതരണം ചെയ്യും

    പൊതുജന സേവന രംഗത്ത് നൂതനാശയാവിഷ്‌കാരം പ്രോല്‍സാഹിപ്പിക്കുന്നതിനായി പേഴ്‌സണല്‍ മാനേജ്‌മെന്റ്, പബ്ലിക് സര്‍വീസ് ഡെലിവറി, ഡെവലപ്‌മെന്റ് ഇന്റര്‍വെന്‍ഷന്‍, പ്രൊസിഡ്യൂറല്‍ ഇന്റര്‍വെന്‍ഷന്‍ എന്നീ വിഭാഗങ്ങളില്‍ മുഖ്യമന്ത്രിയുടെ അവാര്‍ഡ് 2016 നല്‍കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ടെക്‌നോപാര്‍ക്ക് തിരുവനന്തപുരം, നാഷണല്‍ എംപ്ലോയ്‌മെന്റ്ഡയറക്ടറേറ്റ്, വനിതാ ശിശു വികസന വകുപ്പ് എന്നിവയ്ക്കാണ് അവാര്‍ഡ് നല്‍കുന്നത്.  മാര്‍ച്ച് 21 ന് വൈകിട്ട് മൂന്നിന് സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് വിതരണം ചെയ്യും. 
    പബ്ലിക് സര്‍വീസ് ഡെലിവറി, പേഴ്‌സണല്‍ മാനേജ്‌മെന്റ്, പ്രൊസിഡ്യൂറല്‍ ഇന്റര്‍വെന്‍ഷന്‍, ഡെവലപ്‌മെന്റ് ഇന്റര്‍വെന്‍ഷന്‍ എന്നീ നാല് വിഭാഗങ്ങളിലായി ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച ശേഷമാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഡെവലപ്‌മെന്റ് ഇന്റര്‍വെന്‍ഷന്‍ വിഭാഗത്തില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനെയും പബ്ലിക് സര്‍വീസ് ഡെലിവറി വിഭാഗത്തില്‍ നാഷണല്‍ എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റിനെയും വനിതാ ശിശു വികസന വകുപ്പിനെയുമാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. പേഴ്‌സണല്‍ മാനേജ്‌മെന്റ്, പ്രൊസിഡ്യൂറല്‍ ഇന്റര്‍വെന്‍ഷന്‍ എന്നീ വിഭാഗങ്ങളില്‍ ലഭിച്ച അപേക്ഷയില്‍ അവാര്‍ഡിന് അര്‍ഹമായവ കണ്ടെത്താന്‍ കഴിഞ്ഞില്ല.
    കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ യൂത്ത് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് പ്രോഗ്രാം, നാഷണല്‍ എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റിന്റെ സെറ്റിംഗ് അപ്പ് ഓഫ് എംപ്ലോയബലിറ്റി സെന്റേഴ്‌സ്, ഡെവലപ്‌മെന്റ് സെന്റേഴ്‌സ് ആന്റ് ഇ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്,  വനിതാ ശിശു വികസന വകുപ്പിന്റെ ജാതക്-ജനനീ എന്നീ പദ്ധതികളാണ് അവാര്‍ഡിന് ഈ വിഭാഗങ്ങളെ അര്‍ഹമാക്കിയത്. അഞ്ചുലക്ഷം രൂപയാണ്  ഓരോ വിഭാഗത്തിനും അവാര്‍ഡായി നല്‍കുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ഈ തുക ലഭിക്കും. എന്നാല്‍ പബ്ലിക് സര്‍വീസ് ഡെലിവറി വിഭാഗത്തില്‍ രണ്ടു നോമിനേഷനുകള്‍ തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ നാഷണല്‍ എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റ്,  വനിതാ ശിശു വികസന വകുപ്പ് എന്നിവയ്ക്ക്  അവാര്‍ഡ് തുക വീതിച്ച് 2,50,000 രൂപ വീതം നല്‍കും. 
    വിദ്യാര്‍ത്ഥികളെയും യുവസംരംഭകരെയും ലക്ഷ്യംവെച്ചുള്ള നൂതനമായ പദ്ധതിയാണ് സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ നടപ്പാക്കുന്നത്. വിദ്യാഭ്യാസം, വ്യവസായം, ഗവേഷണ വികസന സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയെ ബന്ധപ്പെടുത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനത്തിനാണ് മിഷന്‍ മുന്‍തൂക്കം നല്‍കുന്നത്.  വിവിധ പദ്ധതികളിലൂടെ സാങ്കേതിക സ്റ്റാര്‍ട്ടപ്പുകളെയും നൂതന സാങ്കേതികതയെയും പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി സ്റ്റാര്‍ട്ട് അപ്പ് മിഷനെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.  അന്തര്‍ദേശീയ വിനിമയ പദ്ധതിയും പരിശീലന പരിപാടിയും മിഷന്‍ ഇപ്പോള്‍ നടത്തുന്നുണ്ട്. പേറ്റന്റ് സപ്പോര്‍ട്ട് സ്‌കീം, സ്റ്റാര്‍ട്ടപ്പ് ബോക്‌സ് പദ്ധതി, ടെക്‌നോളജി ഇന്നവേഷന്‍ ഫെലോഷിപ്പ് പ്രോഗ്രാം തുടങ്ങി നിരവധി പദ്ധതികളാണ് സ്റ്റാര്‍ട്ടപ്പ് നടപ്പാക്കുന്നത്.
  നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പ് മുഖേന സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതിയാണ് എംപ്ലോയബലിറ്റി സെന്റര്‍, കരിയര്‍ ഡെവലപ്‌മെന്റ് സെന്റര്‍, ഇ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എന്നിവ. തൊഴില്‍ നൈപുണ്യം ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വകാര്യമേഖലയിലെ തൊഴിലവസരം ലഭ്യമാകുന്നതിനായി തൊഴില്‍ ദാതാക്കളുമായി നേരിട്ട് ജോബ് ഫെയറുകള്‍ സംഘടിപ്പിക്കുന്നത് ഈ പദ്ധതിയുടെ ഭാഗമാണ്.
    അട്ടപ്പാടിയില്‍ പോഷകാഹാരക്കുറവ് മൂലമുണ്ടായ ശിശുമരണനിരക്ക് നിയന്ത്രണ വിധേയമാക്കാന്‍ സാമൂഹിക നീതി വകുപ്പ്, യൂണിസെഫ്, എന്‍.ഐ.ഐ ആര്‍.ഡി എന്നിവയുടെ സാമ്പത്തിക സഹായത്തോടെപ്പം നടപ്പാക്കിയ പദ്ധതിയാണ് ജാതക് ജനനി.  വെബ് എനേബിള്‍ഡ് ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്റെ സഹായത്തോടെയും മൊബൈല്‍ സംവിധാനം ഉപയോഗിച്ച് പോഷണം, ആരോഗ്യം, സേവന വിതരണം എന്നിവ തല്‍സമയ നിരീക്ഷണത്തിന് വിധേയമാക്കി ആവശ്യമായ ഇടപെടലുകള്‍ നടത്തുകയാണ് ഈ സംവിധാനത്തിലൂടെ ചെയ്യുന്നത്.
    അവാര്‍ഡ്ദാന ചടങ്ങില്‍ തൊഴില്‍ നൈപുണ്യ, എക്‌സൈസ് മന്ത്രി റ്റി. പി രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ആരോഗ്യ, സാമൂഹിക നീതി മന്ത്രി കെ കെ ശൈലജ ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും. ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ആര്‍. സന്തോഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. വി.എസ് ശിവകുമാര്‍ എം.എല്‍.എ, മേയര്‍ അഡ്വ. വി.കെ പ്രശാന്ത് എന്നിവര്‍ പങ്കെടുക്കും. ചീഫ് സെക്രട്ടറി പോള്‍ ആന്റണി,  തൊഴില്‍, നൈപുണ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ എന്നിവര്‍ ആശംസ നേരും. ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി കെ. ഗോപാലകൃഷ്ണ ഭട്ട് സ്വാഗതവും ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര അണ്ടര്‍ സെക്രട്ടറി ലിസിമോള്‍ ഇ. നന്ദിയും പറയും.  
പി.എന്‍.എക്‌സ്.1002/18

date