Skip to main content

ജില്ലാ പഞ്ചായത്ത് 2018-19 ബജറ്റ് 

കൃഷി വ്യാപനത്തിനും സമഗ്ര വികസനത്തിനും ഊന്നല്‍ നല്‍കുന്ന ജില്ലാ പഞ്ചായത്ത് 2018-19 വര്‍ഷത്തേക്കുളള ബജറ്റ്   വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിച്ചു. 291,22,56,206 രൂപയുടെ വരവും 289,55,54,000 രൂപയുടെ ചെലവും 1,67,02,206 രൂപയുടെ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.  
    കാര്‍ഷി കമേഖലയില്‍ ഒരു നെല്ലും ഒരു മീനും പദ്ധതി, കാര്‍ഷിക മ്യൂസിയം, തരിശ് രഹിതമാക്കുന്നതിന് ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്കുകള്‍ സംയുക്തായി നടപ്പാക്കുന്ന സുലഫം പദ്ധതി എന്നിവയ്ക്കായി തുക വകയിരുത്തിയിട്ടുണ്ട്. കൂടാതെ ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും 10 കോടി രൂപ വീതം വകകൊള്ളിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് മിഷന്‍ പദ്ധതിക്കും പര്യാപ്തമായ തുക ഉള്‍പ്പെടുത്തി. കൂടാതെ മൃഗസംരക്ഷണവും ക്ഷീരവികസനവും, ചെറുകിട വ്യവസായം, പരിസ്ഥിതി-ജലസംരക്ഷണം, മത്സ്യമേഖല,  കുടിവെള്ളം, ഭവന നിര്‍മാണം, തൊഴില്‍, ഊര്‍ജം, പട്ടികജാതി-വര്‍ഗ വികസനം, ട്രാന്‍സ് ജെന്‍ഡേഴ്‌സ്, ശുചിത്വ മാലിന്യ സംസ്‌കരണം, സ്‌പോര്‍ട്‌സ് യുവജനക്ഷേമം, കലാ സാംസ്‌കാരികം, പൊതുമരാമത്ത് തുടങ്ങിയ മേഖലകള്‍ക്കും ബജറ്റില്‍ പ്രാധാന്യം നല്‍കി. 
    കാര്‍ഷിക മേഖലയില്‍ ആകെ 12 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. നെല്‍കൃഷിയുടെ പരിപോഷണത്തിനായി മൂന്ന് കോടി രൂപ ബജറ്റില്‍ നീക്കിവച്ചു.കൃഷിയിടങ്ങള്‍ സമ്പൂര്‍ണ തരിശ് രഹിതമാക്കുന്നതിന് ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍ ചേര്‍ന്ന് സുഫലം എന്ന പദ്ധതിക്ക് രൂപം നല്‍കും.  തെങ്ങുകൃഷിയുടെ വികനസത്തിനായി 50 ലക്ഷം രൂപ ചെലവഴിക്കും. ജൈവപച്ചക്കറി വ്യാപനം, കുടുംബശ്രീ ഭക്ഷ്യ കിയോസ്‌കുകള്‍ എന്നിവക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. അടൂര്‍, പുല്ലാട് എന്നിവിടങ്ങളിലെ സീഡ് ഫാമിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി ഒരു കോടി 50 ലക്ഷം രൂപ നീക്കിവച്ചു. കൂടാതെ ഒരു നെല്ലും ഒരു മീനും പദ്ധതി, കാര്‍ഷിക നാട്ടറിവ് മ്യൂസിയം എന്നിവ ആരംഭിക്കും.  
    ചെറുകിട വ്യവസായ മേഖലയ്ക്കായി ആകെ ഒരു കോടി 50 ലക്ഷം രൂപ നീക്കിവച്ചു. കുടുംബശ്രീസംരഭ വികസനം, നൈപുണ്യ വികസനം എന്നിവയ്ക്കായി 20 ലക്ഷം രൂപ നല്‍കും. പരിസ്ഥിതി ജലസംരക്ഷണ പദ്ധതികള്‍ക്കായി ഒരു കോടി രൂപ വകിയിരുത്തി. നദീതടങ്ങളില്‍ കണ്ടല്‍ ചെടികളും മുളകളും വച്ചു പിടിപ്പിക്കുക, തോടുകള്‍, ചാലുകള്‍, കുളങ്ങള്‍, കിണര്‍ എന്നിവയുടെ ജലസമ്പുഷ് ടീകരണം എന്നിവയക്കായും തുക ഉള്‍പ്പെടുത്തി. 
    മത്സ്യമേഖലയില്‍ മുപ്പത് ലക്ഷം രൂപയാണ് നീക്കിവച്ചിട്ടുള്ളത്. ജില്ലയിലെ കുളങ്ങള്‍, നദികള്‍, ഡാമുകള്‍ എന്നിവിടങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ വ്യാപകമായി നിക്ഷേപിച്ച് മത്സ്യോത്പാദനം വര്‍ധിപ്പിക്കുന്നതിന് ഫിഷറീസുമായി ചേര്‍ന്ന് പദ്ധതികള്‍ നടപ്പാക്കുന്നതിന് തുക വകയിരുത്തിയിട്ടുണ്ട്. കുടുംബശ്രീയുടെ മത്സ്യ സംസ്‌കരണ വിപണത്തിനായി 10 ലക്ഷം രൂപയും മറ്റ് പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 10 ലക്ഷം രൂപയും വകയിരുത്തി. 
    ആരോഗ്യ സംരക്ഷണ മേഖലയില്‍ 10 കോടി രൂപയാണ് ബജറ്റില്‍ ചെലവഴിക്കുക. കോഴഞ്ചേരി ജില്ലാ ആശുപത്രിയുടെ വികസനത്തിനായി ഒന്നര കോടി രൂപ നീക്കിവച്ചു. അമ്മമാര്‍ക്കായി മദേഴ്‌സ് കോര്‍ണര്‍, ആധുനിക വിശ്രമകേന്ദ്രം, ഡയാലിസിസ് ഉപകരണം, കാന്‍സര്‍ രോഗികള്‍ക്കായി മരുന്ന് വാങ്ങല്‍, ഓപ്പറേഷന്‍ തീയറ്റര്‍ നവീകരണം, സെന്‍ട്രല്‍ ഓക്‌സിജന്‍ സപ്ലൈ, ഇന്‍സിനേറ്റര്‍ എന്നിവക്കാണ് തുക അനുവദിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്തിന്റെ ചുമതലയില്‍ അയിരൂരില്‍  പ്രവര്‍ത്തിക്കുന്ന ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് 50 ലക്ഷം രൂപയും നിലവിലെ കെട്ടിടത്തിന്റെ അറ്റകുറ്റ പ്പണികള്‍ നടത്തുന്നതിനും മറ്റുമായി 50 ലക്ഷം രൂപയും ഉള്‍പ്പെടെ ഒരു കോടി രൂപ ബജറ്റില്‍ നിര്‍ദേശിച്ചു. കൊറ്റനാട് ഹോമിയോ ആശുപത്രിയുടെ നവീകരണത്തിന് 75 ലക്ഷം രൂപയും മറ്റ് പദ്ധതികള്‍ക്കായി അഞ്ച് ലക്ഷം രൂപയും അനുവദിച്ചു. ആരോഗ്യ പരിപാല രംഗത്ത് പ്രവര്‍ത്തിക്കുന്ന ആയുര്‍വേദം, അലോപ്പതി, ഹോമിയോ ജില്ലാ ഓഫീസര്‍മാരുടെയും  സാമൂഹ്യ നീതി ഓഫീസര്‍മാരുടെയും ഫണ്ടിലേക്ക് രണ്ട് കോടി രൂപ നല്‍കും. 
    വിദ്യാഭ്യാസ മേഖലയില്‍ 10 കോടി രൂപ വകകൊള്ളിച്ചു. പൊതു വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള 46 സ്‌കൂളുകളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നപദ്ധതികള്‍ക്കാണ് പണം വിനിയോഗിക്കുക.  സ്‌കൂള്‍ ശാക്തീകരണത്തിനായി 77 ലക്ഷം രൂപ, ആര്‍ എം എയ്ക്കായി മൂന്ന് കോടി രൂപ, കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി 30 ലക്ഷം രൂപ, ഫര്‍ണിച്ചര്‍ വാങ്ങുന്നതിനായി 50 ലക്ഷം രൂപ, ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള കൈത്താങ്ങ് പദ്ധതിയുടെ തുടര്‍ച്ചക്കായി 10 ലക്ഷം രൂപ എന്നവ ഇതില്‍ ഉള്‍പ്പെടും. 
    ജില്ലയിലെ ഭവന രഹിതര്‍ക്കായി പാര്‍പ്പിടം ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ തുടരുന്നതിനോടൊപ്പം ലൈഫ് പദ്ധതികള്‍ക്കായി ജനറല്‍ വിഭാഗത്തില്‍ ഏഴ് കോടി രൂപയും ഇന്ദിരാ ആവാസ് യോജന പദ്ധതികള്‍ക്കായി എസ് സി പി യ്ക്ക് മൂന്ന് കോടി രൂപയും പട്ടിക വര്‍ഗ വിഭാഗ്തതിന് 5.5 ലക്ഷം രൂപയും ചെലവഴിക്കും. 
    പട്ടികജാതി വികസനത്തിനായി 13 കോടി രൂപയും പട്ടിക വര്‍ഗ വികസനത്തിന് 95 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തി. പട്ടിക വിഭാഗക്കാരുടെ ആരോഗ്യം, പാര്‍പ്പിടം, കുടിവെള്ളം, വിദ്യാഭ്യാസം എന്നിവയ്ക്കാണ് തുക ചെലവഴിക്കുക. വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്, പഠനോപകരണങ്ങള്‍ വാങ്ങല്‍, കോളനികളിലേക്കുള്ള കുടിവെള്ള കണക്ഷന്‍, റോഡ് വികസനം, വൈദ്യുതീകരണം തുടങ്ങിയ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടും.
    കുടിവെള്ള പദ്ധതികള്‍ക്കായി ഏഴ് കോടി രൂപ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചു.ഊര്‍ജമേഖലയില്‍ ആറു കോടി രൂപ, ശിശുക്ഷേമത്തിനായി അഞ്ച് കോടി രൂപ, വയോജനക്ഷേമത്തിനായി രണ്ട് കോടി രൂപ, ഭിന്നശേഷി ക്ഷേമത്തിനായി രണ്ട് കോടി രൂപ, ട്രാന്‍സ് ജെന്‍ഡേഴ്‌സുകളുടെ ക്ഷേമത്തിനായി 60 ലക്ഷം രൂപ, ശുചിത്വ-മാലിന്യ സംസ്‌കരണത്തിനായി അഞ്ച് കോടി രൂപ, സ്‌പോര്‍ട്‌സ് യുവജനക്ഷേമത്തിനായി 1.75 കോടി രൂപ, കലാസാംസ്‌കാരികത്തിനായി 1.75 കോടി രൂപ, പൊതു മരാമത്ത് മേഖലയില്‍ അറുപത്തിനാല് കോടി രൂപ എന്നിങ്ങനെയാണ് ചെലവഴിക്കുക. 
    ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എലിസബത്ത് അബു, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ലീല മോഹന്‍, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ ജി അനിത, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ റെജി തോമസ്, അംഗങ്ങളായ എ ജി കണ്ണന്‍, ആര്‍ ബി രാജീവ് കുമാര്‍, പി വി വഗീസ്, റ്റി മുരുകേശ്, സാം ഈപ്പന്‍, എസ് വി സുബിന്‍, ബിനില്‍ ലാല്‍, വിനീത അനില്‍, സൂസണ്‍ അലക്‌സ്, ബി സതികുമാരി, ജില്ലാ പഞ്ചായത്ത് സെക്രട്ടി കെ ജി ജയശങ്കര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
                                            

date