Skip to main content

ഭിന്നശേഷിക്കാര്‍ക്ക് പരിശീലനത്തിന് തുടക്കം

സുരക്ഷിത കേരളം എന്ന സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ മുന്നോടിയായി  സംസ്ഥാനത്തെ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും  ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും സഹകരണത്തില്‍ എല്ലാ ജില്ലകളിലും പരിപാടി സംഘടിപ്പിക്കും.  കോട്ടയം ജില്ലയില്‍  മാര്‍ച്ച് മാസം 19 നാണ് ആദ്യ പരിശീലനം. ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്യും. 

  പ്രഥമ ശുശ്രൂഷ, ദുരന്തത്തെ അതിജീവിക്കാനുള്ള നൈപുണ്യം, ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ്  ജില്ലാ തലത്തിലുള്ള പരിശീലനങ്ങളില്‍ ചര്‍ച്ചചെയ്യുന്നത്.   മാനസിക വെല്ലു വിളി നേരിടുന്നവരുടെ രക്ഷിതാക്കള്‍ക്കും പരിശീലനം നല്‍കും. ആദ്യ ഘട്ടത്തില്‍ പതിനാലു ജില്ലകളില്‍ നിന്നായി ഏകദേശം 3000 ഭിന്നശേഷിക്കാരെ പരിശീലിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളായി കഴിഞ്ഞു. പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന പ്രൊജക്റ്റ് ഓഫീസറെ (04712331345) ബന്ധപ്പെടാം. ജില്ലാ തലത്തിലുള്ള പരിശീലനത്തിനായി അതാത് ജില്ലാ കളക്ട്രേറ്റിലോ,  ഐ.യു.സി.ഡി.എസിന്റെ ട്രെയിനിങ് കോര്‍ഡിനേറ്ററുമായോ (04812731580) ബന്ധപ്പെടാം. 

കാഴ്ച ശക്തി ഇല്ലാത്തവര്‍ക്കായി ബ്രെയില്‍ സന്ദേശങ്ങളും, ശബ്ദ രേഖകളും അതോറിറ്റി തയ്യാറാക്കിയിട്ടുണ്ട്. ശ്രവണ ശക്തി ഇല്ലാത്തവര്‍ക്കായി ആംഗ്യ ഭാഷയില്‍ ഉള്ള സന്ദേശങ്ങളും ഒരുങ്ങിയിട്ടുണ്ട്. നിഷ് തിരുവനന്തപുരം, കേരളം ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് എന്നീ സ്ഥാപനങ്ങളുടെ സഹകണത്തോടെയാണ് ഇത് തയ്യാറാക്കിയത്.

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 2016 ല്‍ ആരംഭിച്ച പദ്ധതിയാണ് 'ദുരന്ത നിവാരണത്തില്‍ ഭിന്നശേഷിക്കാരുടെ ശാക്തീകരണം'. ഇതിനായി സംസ്ഥാന തലത്തില്‍ വിവിധ ശില്പശാലകള്‍ സംഘടിപ്പിച്ചിരുന്നു. ഭിന്നശേഷിക്കാരുമായി കൂടിയാലോചനകളും നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ അതോറിറ്റി ഒരു കൈപ്പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു.  ദുരന്തത്തിന് മുന്‍പും, ദുരന്ത സമയത്തും, ശേഷവും ഭിന്നശേഷിക്കാരെ എങ്ങനെ സംരക്ഷിക്കാനാകും എന്നതിന്റെ മാര്‍ഗരേഖകള്‍  ഈ കൈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാരായവരെ ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങളുടെ മുഖ്യ ധാരയില്‍ കൊണ്ടുവരുന്നതിനും, അവരെ അതിന്റെ എല്ലാ മേഖലകളിലും ഉള്‍പ്പെടുത്തുന്നതിനും ഈ പദ്ധതി ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി ഏകദേശം 140 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം പരിശീലനം നല്‍കി. ഇത് കൂടാതെ സന്നദ്ധ സംഘടനകള്‍ക്കും ഈ പരിശീലനം നല്‍കിയിട്ടുണ്ട്.

പി.എന്‍.എക്‌സ്.1022/18

date