Skip to main content

എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഒരു കുടക്കീഴിലാക്കി സര്‍ക്കാര്‍ പോര്‍ട്ടല്‍ സജ്ജമാകുന്നു

* ഇ പേയ്‌മെന്റ്, ഇ ബാങ്കിംഗ് സൗകര്യങ്ങള്‍ സര്‍വീസ് ചാര്‍ജില്ലാതെ
* ഒരു യൂസര്‍ ഐഡിയില്‍ എല്ലാ സര്‍ക്കാര്‍ സേവനവും വിരല്‍ത്തുമ്പില്‍

    സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഇനി ഏകജാലകം സംവിധാനം. ഒരു യൂസര്‍നെയിമും പാസ്‌വേഡും വഴി എല്ലാ വകുപ്പുകളുടേയും സേവനങ്ങള്‍ www.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ലഭിക്കും. ഉടന്‍തന്നെ സര്‍ക്കാര്‍ പോര്‍ട്ടല്‍ പുതുമോടിയില്‍ എല്ലാ സൗകര്യവുമായി പ്രവര്‍ത്തനസജ്ജമാകും. കമ്പ്യൂട്ടറിലും സ്മാര്‍ട്ട് ഫോണിലും സൗകര്യപ്രദമായി ലഭ്യമാകുംവിധമാണ് പോര്‍ട്ടല്‍ ക്രമീകരിച്ചിട്ടുണ്ട്.
    പുതിയ കെട്ടിലും മട്ടിലും പോര്‍ട്ടല്‍ വരുന്നതോടെ വിവിധ വകുപ്പുകളുടെ 60 ഓളം സേവനങ്ങള്‍ ഇതുവഴി ലഭിക്കും. വൈദ്യുതി ബില്‍, വെള്ളക്കരം, യൂനിവേഴ്‌സിറ്റി ഫീസ് തുടങ്ങിയ അനേകം സേവനങ്ങള്‍ക്ക് പണമടയ്ക്കാനും പോര്‍ട്ടല്‍ വഴി ലഭ്യമാക്കും. പഞ്ചായത്ത്, ഗ്രാമവികസനം, വാട്ടര്‍ അതോറിറ്റി, വി.എച്ച്.എസ്.ഇ, ഇലക്ട്രിസിറ്റി ബോര്‍ഡ്, റവന്യൂ, മോട്ടോര്‍ വാഹനം, രജിസ്‌ട്രേഷന്‍ തുടങ്ങിയ വകുപ്പുകളുടെയും യൂണിവേഴ്‌സിറ്റികളുടെയും സര്‍ട്ടിഫിക്കറ്റുകളും ബില്ലുകള്‍ അടയ്ക്കാനും സൗകര്യമാണ് ഇങ്ങനെ ലഭിക്കുക. എസ്.ബി.ഐയുമായി ഇതിനായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കൂടാതെ 54 ബാങ്കുകളുടെ ബാങ്ക് ടു ബാങ്ക്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും. സര്‍ക്കാരിലേക്ക് പണമടയ്ക്കാന്‍ ഇ-ട്രഷറി വഴിയുള്ള ഏകോപനവും ലഭ്യമാക്കിയിട്ടുണ്ട്.
    എല്ലാ സേവനങ്ങള്‍ക്കുമായി പൊതുവായി ഒരുതവണ ഒരു യൂസര്‍ നെയിമും പാസ്‌വേഡും സൃഷ്ടിച്ചുകഴിഞ്ഞാല്‍ സര്‍ക്കാരിലേക്കുള്ള എതു അപേക്ഷ സമര്‍പ്പിക്കലും ഫീസടയ്ക്കലും, ബാങ്കിംഗും സൗകര്യപൂര്‍വം നടത്താം.
    ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴി പണമടയ്ക്കുന്നതിന് സര്‍വീസ് ചാര്‍ജ് ഈടാക്കില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. പണമിടപാടിന്റെ വിവരങ്ങളും ലഭിക്കും. വിവിധ വകുപ്പുകളില്‍ ലഭിക്കുന്ന സേവനങ്ങളും അപേക്ഷകളും വകുപ്പ് തിരിച്ച് ലഭിക്കും.
    വിദ്യാഭ്യാസം, സാമൂഹ്യ ക്ഷേമം, ആരോഗ്യസേവനങ്ങള്‍, തൊഴിലവസരങ്ങള്‍, നൈപുണ്യവികസനം, സംരകത്വസേവനങ്ങള്‍, എന്നിവ മനസിലാക്കാനും സേവനങ്ങളിലേക്ക് എത്തിപ്പെടാനും പ്രത്യേകം വിഭാഗങ്ങളുണ്ട്. പുതുസൗരംഭങ്ങള്‍ക്കുള്ള ഏകജാലക ക്ലിയറന്‍സ്, ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് എന്നിവയെപ്പറ്റി അറിയാനും അതത് വിഭാഗങ്ങളിലെത്താനുള്ള ലിങ്കുകളുമുണ്ടാകും.
    സര്‍ക്കാര്‍ മുഖേനയുള്ള ഇ സേവനങ്ങള്‍ ജനനം മുതല്‍ മരണം വരെയുള്ള ക്രമത്തില്‍ 'ലൈഫ് ഇവന്റ് മോഡല്‍' എന്ന വിഭാഗത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. ഗര്‍ഭധാരണസമയം അമ്മയും കുഞ്ഞും പദ്ധതി മുതല്‍, സ്‌കൂള്‍, പഠന സംബന്ധ അപേക്ഷകള്‍, ഉന്നതവിദ്യാഭ്യാസം, തൊഴിലവസരങ്ങള്‍, വിവാഹം, വീട്ടാവശ്യ സര്‍ട്ടിഫിക്കറ്റുകളും ബില്ലടവുകളും, ജീവിതശൈലി, ആരോഗ്യം, യാത്രാആവശ്യങ്ങള്‍, പെന്‍ഷന്‍,  മരണശേഷമുള്ള മരണ സര്‍ട്ടിഫിക്കറ്റ്, അവകാശ സര്‍ട്ടിഫിക്കറ്റ് വരെയുള്ളവ വിഭാഗം തിരിച്ച് ക്രോഡീകരിച്ചിട്ടുണ്ട്.
    ഇതിനുപുറമേ, പുറത്തുനിന്നുള്ളവര്‍ക്ക് കേരളത്തെപ്പറ്റി മനസിയാക്കാനും പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അറിയാനും എത്തിപ്പെടാനുള്ള മാര്‍ഗങ്ങളും ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വിവരങ്ങളും പോര്‍ട്ടലിലുണ്ട്.
    സര്‍ക്കാര്‍ സംബന്ധ ഉത്തരവുകള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സംബന്ധിച്ച അന്വേഷണങ്ങള്‍, മിഷനുകളുടെ വിവരങ്ങള്‍ എന്നിവയുമുണ്ടാകും.
    പൊതുജനപങ്കാളിത്തം ഉറപ്പാക്കുംവിധം നവീകരിച്ച പോര്‍ട്ടലില്‍ സര്‍ക്കാരുമായി സംവദിക്കാനും മാര്‍ഗങ്ങളുണ്ട്. സംസ്ഥാന ഐ.ടി മിഷന്റെ നേതൃത്വത്തിലാണ് പോര്‍ട്ടല്‍ തയാറാകുന്നത്. ആദ്യം പോര്‍ട്ടലിന്റെ ഇംഗ്‌ളീഷ് പതിപ്പും പിന്നാലെ മലയാളം പതിപ്പും ലഭ്യമാകും.
    കേരള സര്‍ക്കാരിന്റെ വിവിധ മൊബൈല്‍ ആപ്പുകളെപ്പറ്റി അറിയാനും ഡൗണ്‍ലോഡ് ചെയ്യാനും 'കേരള ആപ്പ് സ്‌റ്റോര്‍' എന്ന വിഭാഗവും പോര്‍ട്ടലിലുണ്ട്. എം-കേരള മൊബൈല്‍ ആപ്പ് കൂടുതല്‍ സൗകര്യങ്ങളോടെ വികസിപ്പിച്ച പതിപ്പും ഉടന്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഐ.ടി മിഷന്‍ തുടരുന്നുണ്ട്.
പി.എന്‍.എക്‌സ്.1777/18

date