Skip to main content

അര്‍ഹമായ തോതില്‍ സംവരണം ഉറപ്പാക്കാന്‍ പരിശോധന നടത്തും: മുഖ്യമന്ത്രി

    സംവരണത്തിന് അര്‍ഹതയുളള വിഭാഗങ്ങള്‍ക്ക് അര്‍ഹമായ തോതിലും കൃത്യമായും അതു ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
    എന്നാല്‍ സംവരണം കൊണ്ട് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പടില്ല. ജോലി സാധ്യത വര്‍ധിപ്പിക്കലാണ് പ്രധാനം. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കണമെങ്കില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കണം. അതിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ഹിന്ദുസമുദായ സംഘടനകളുടെ പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
    ജോലി സംവരണം നല്‍കുന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. തീരെ സംവരണം വേണ്ട എന്ന നിലപാടിനോട് സര്‍ക്കാരിന് യോജിപ്പില്ല. സാമൂഹികമായ പിന്നാക്കാവസ്ഥയും പശ്ചാത്തലവുമാണ് സംവരണത്തിന്റെ അടിസ്ഥാനം. അതിനാല്‍ സംവരണം നിലവിലുളള തോതില്‍ തുടരണം. അതേസമയം, സംവരണത്തിന് അര്‍ഹതയില്ലാത്ത വിഭാഗങ്ങളില്‍ അങ്ങേയറ്റം പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നിശ്ചിത ശതമാനം സംവരണം നല്‍കണം. നിലവില്‍ 50 ശതമാനത്തിലധികം സംവരണം ഏര്‍പ്പെടുത്തണമെങ്കില്‍ ഭരണഘടനാ ഭേദഗതി ആവശ്യമാണ്. നിലവിലുളള സംവരണത്തിന്റെ തോത് കുറയ്ക്കാതെ മുന്നോക്കക്കാരില്‍ തീരെ ദരിദ്രരായവര്‍ക്ക് സംവരണം നല്‍കുന്നതിന് ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. സാമൂഹ്യനീതിയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.
    ഹിന്ദുസമുദായത്തിലെ ചില വിഭാഗങ്ങള്‍ക്ക് പല കാരണങ്ങളാല്‍ ഇപ്പോഴും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരാന്‍ കഴിഞ്ഞിട്ടില്ല. അത്തരം വിഭാഗങ്ങളുടെ ഉയര്‍ച്ചക്ക് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും സഹായവും നല്‍കും. ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ ഒരു മാറ്റവും വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. മാത്രമല്ല, ഒ.ഇ.സി ആനുകൂല്യങ്ങളുടെ കുടിശ്ശിക സര്‍ക്കാര്‍ തീര്‍ത്തുകൊണ്ടിരിക്കുകയാണ്.
    ദേവസ്വം നിയമനങ്ങളില്‍ വിശ്വകര്‍മ്മ, ധീവര സമുദായങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല എന്ന പരാതി സര്‍ക്കാര്‍ പരിശോധിക്കും. നവോത്ഥാനനായകരില്‍ ഒരാളായ വൈകുണ്ഠസ്വാമികള്‍ക്ക് സ്മാരകം വേണമെന്ന ആവശ്യവും പരിഗണിക്കും.
    സംവരണത്തിന്റെ കാര്യത്തില്‍ പൊതുവില്‍ ഒരു കുറവും വരാന്‍ പാടില്ല. മനുഷ്യത്വം മുന്‍നിര്‍ത്തിയുള്ള എല്ലാ കാര്യങ്ങളെയും സ്വാഗതം ചെയ്യുന്നവര്‍ സര്‍ക്കാരിന്റെ നിലപാടിനേയും സ്വാഗതം ചെയ്യുമെന്നു കരുതുന്നു. സമൂഹത്തില്‍ ചില കാര്യങ്ങള്‍ ചെയ്യുമ്പോള്‍ എല്ലാവര്‍ക്കും അത് സ്വീകാര്യമാവണമെന്നില്ല. പക്ഷേ, സമൂഹത്തിന് പൊതുവേ ഗുണകരമാണോ എന്നു നോക്കിയാണ് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. അബ്രാഹ്മണ പൂജാരി നിയമനം അങ്ങനെയൊരു നടപടിയാണ്. സംസ്ഥാനത്തിനു പുറത്തുനിന്ന് പോലും ആ നടപടിക്ക് വലിയ സ്വീകാര്യത ലഭിച്ചു.
    ദേവസ്വം നിയമനങ്ങളില്‍ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണമേര്‍പ്പെടുത്തിയ നടപടിക്കും വിവിധ തലങ്ങളില്‍ നിന്ന് പ്രശംസ ലഭിച്ചിട്ടുണ്ട്. ദേവസ്വം നിയമനങ്ങളില്‍ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണമില്ല. അതുവഴി ബാക്കി വരുന്ന 18 ശതമാനം ആനുപാതികമായി മറ്റ് വിഭാഗങ്ങള്‍ക്ക് നല്‍കാനും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക സംവരണമേര്‍പ്പെടുത്താനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതു നടപ്പാക്കുമ്പോള്‍ ഈഴവര്‍ക്കും പട്ടികജാതി-പട്ടികവര്‍ഗ്ഗവിഭാഗങ്ങള്‍ക്കും നിലവിലുളളതില്‍ കൂടുതല്‍ സംവരണം ലഭിക്കും.
    സിവില്‍ സര്‍വീസ് മെച്ചപ്പെടുത്താന്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് രൂപീകരിക്കുമ്പോള്‍ മൂന്ന് തരത്തിലാണ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നത്. ഓപ്പണ്‍ വിഭാഗം, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ട്രാന്‍സ്ഫര്‍ നിയമനം, സ്ഥാനക്കയറ്റം മുഖേനയുള്ള നിയമനം എന്നിങ്ങനെയാണത്. സര്‍ക്കാര്‍ സര്‍വീസിലെത്തുന്നവര്‍ക്ക് സാധാരണ ഗതിയില്‍ സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നതിനാല്‍ രണ്ടും മൂന്നും വിഭാഗങ്ങളിലുളളവര്‍ക്ക് കെ.എ.എസില്‍ സംവരണം നല്‍കാന്‍ കഴിയില്ലെന്നാണ് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
    പിന്നാക്കക്ഷേമ നടപടികളുടെ ഭാഗമായുള്ള വായ്പാ വിതരണം 2017-18 ല്‍ ലക്ഷ്യമിട്ട 350 കോടി രൂപയും കടന്ന് 400 കോടി രൂപയിലേക്ക് എത്തി. 60 ശതമാനത്തോളം കാലാവധി കഴിഞ്ഞ വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം തീര്‍പ്പാക്കി നിഷ്‌ക്രിയ ആസ്തികളില്‍ കുറവു വരുത്തി.  സ്വന്തമായി ഒരു ഭവനമെന്ന താഴ്ന്ന വരുമാനക്കാരുടെയും ഇടത്തരം വരുമാനക്കാരുടെയും സ്വപ്നങ്ങള്‍ക്ക് പിന്തുണ നല്‍കുംവിധം 'എന്റെ വീട്' ഭവന നിര്‍മാണ വായ്പാ പദ്ധതി പ്രാബല്യത്തിലാക്കി.
    പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട്അപ്പ് പദ്ധതിപ്രകാരം പരമാവധി 30 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും.  ഒ.ബി.സി വിഭാഗം പ്രൊഫഷണലുകള്‍ക്ക് 20 ലക്ഷം രൂപവരെയും മതന്യൂനപക്ഷ വിഭാഗം പ്രൊഫഷണലുകള്‍ക്ക് 30 ലക്ഷം രൂപയും വായ്പ അനുവദിക്കുന്നതിന് പദ്ധതിയുണ്ട്.
    പിന്നാക്ക സമുദായക്ഷേമത്തിന് ഈ സാമ്പത്തികവര്‍ഷം 114 കോടി രൂപ വകയിരുത്തി.  കേന്ദ്രവിഹിതം അടക്കം പിന്നാക്ക സമുദായ സ്‌കോളര്‍ഷിപ്പിന് 50 കോടി രൂപയും ഒഇസിയുടെ വിദ്യാഭ്യാസ സഹായത്തിന് 100 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.  പരമ്പരാഗത കളിമണ്‍ പാത്ര നിര്‍മാണത്തിന്റെ പ്രോത്സാഹനത്തിന് രണ്ടുകോടി രൂപയാണ് മാറ്റിവെച്ചത്.  പരമ്പരാഗത കൈവേലക്കാര്‍ക്ക് ടൂള്‍കിറ്റ് നല്‍കുന്നതിന് മൂന്നുകോടി രൂപ മാറ്റിവെച്ചു.   
    മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി ഏറ്റവും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വേണ്ടി 42 കോടി രൂപ വകയിരുത്തി. ഇതില്‍ 17 കോടി രൂപ സ്‌കോളര്‍ഷിപ്പും എട്ടുകോടി രൂപ കോര്‍പ്പറേഷന്റെ ഷെയര്‍ കാപ്പിറ്റലായും നീക്കിവെച്ചിട്ടുണ്ട്.  2016-17 ല്‍ മുന്നാക്ക സമുദായക്ഷേമ കോര്‍പ്പറേഷന് 35 കോടി രൂപ വകയിരുത്തിയതില്‍ 15 കോടി രൂപ വിനിയോഗിച്ച് 32,241 പേര്‍ക്ക് ഹൈസ്‌കൂള്‍ തലത്തില്‍ 2000 രൂപ മുതല്‍ ദേശീയതലത്തില്‍ 50,000 രൂപ വരെ ധനസഹായം നല്‍കി.
    മൂന്നുകോടി രൂപ വിനിയോഗിച്ച് 166 അഗ്രഹാരങ്ങള്‍ വാസയോഗ്യമാക്കി.  അഞ്ചുകോടി രൂപ വിനിയോഗിച്ച് 4876 സ്വയംസഹായ സംഘങ്ങള്‍ക്ക് പലിശ സബ്‌സിഡി വിതരണം ചെയ്തു.  22 കേന്ദ്രങ്ങളില്‍ 15 ലക്ഷം രൂപ ചെലവിട്ട് സംഘടിപ്പിച്ച സംരംഭകത്വ നൈപുണ്യവികസന പദ്ധതിയുടെ ട്രെയിനിംഗ് പ്രോഗ്രാമില്‍ 960 വനിതകള്‍ പരിശീലനം നേടി.  2017-18 ല്‍ 44,662 പേര്‍ക്ക് വിദ്യാഭ്യാസ ധനസഹായവും 1455 പേര്‍ക്ക് മത്സര പരീക്ഷാ പരിശീലനത്തിനുള്ള ധനസഹായവും നല്‍കി. അഗ്രഹാരങ്ങള്‍ക്ക് മാത്രമായിരുന്ന ധനസഹായം മുന്നാക്ക സമുദായങ്ങളിലെ എല്ലാ പാവപ്പെട്ടവര്‍ക്കും ലഭിക്കും വിധമാക്കി.  ഇതിനായുള്ള പദ്ധതികള്‍ക്ക് 440 ലക്ഷം രൂപ വകയിരുത്തി.  333 പേര്‍ക്ക് ഇതുകൊണ്ടുള്ള ഗുണം ലഭിച്ചു.  3520 സ്വയംസഹായ സംഘങ്ങള്‍ക്ക് അഞ്ചുകോടി രൂപ പലിശ സബ്‌സിഡി നല്‍കി.
    2018-19 സാമ്പത്തിക വര്‍ഷം മെരിറ്റ് സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് 17 കോടി രൂപയും മത്സരപരീക്ഷാ പരിശീലനപദ്ധതിക്ക് രണ്ടുകോടിയും സ്വയംതൊഴില്‍ സംരംഭ പദ്ധതിക്ക് അഞ്ചുകോടി രൂപയും വീട് പുനരുദ്ധാരണത്തിന് 11 കോടിയും സംരംഭകത്വ നൈപുണ്യ വികസനപദ്ധതിക്ക് ഒരു കോടിയും നല്‍കി. മുന്നാക്ക വികസന കോര്‍പ്പറേഷനുള്ള ബജറ്റ് വിഹിതം പത്തുകോടി കണ്ട് വര്‍ധിപ്പിച്ച് 42 കോടിയാക്കി.
    ദേവസ്വം നിയമനങ്ങള്‍ക്കായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനായി പി.എസ്.സി മാതൃകയില്‍ ദേവജാലിക എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജമാക്കി.  അന്യാധീനപ്പെട്ട ക്ഷേത്രഭൂമി തിരിച്ചെടുക്കുന്നതിനായി പ്രത്യേക ദേവസ്വം ട്രിബ്യൂണല്‍ രൂപീകരിക്കുന്നതിനായി കരട് ബില്‍ തയ്യാറാക്കി നടപടി കൈക്കൊണ്ടുവരികയാണ്. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ പരിധിയില്‍ വരുന്ന ക്ഷേത്രങ്ങളുടേയും ജീവനക്കാരുടേയും ക്ഷേമവും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിന് 1951 ലെ മദ്രാസ് ഹിന്ദുമത ധര്‍മ്മ സ്ഥാപന നിയമം സമഗ്രമായി ഭേദഗതി ചെയ്യുന്നതിനുള്ള കരട് ബില്‍ തയ്യാറാക്കും.  ശ്രീപത്മനാഭ സ്വാമിക്ഷേത്രം, ശബരിമല, ഗുരുവായൂര്‍ ക്ഷേത്രങ്ങള്‍ എന്നിവയുടെ സമഗ്രവികസനത്തിനായി സ്വദേശി ദര്‍ശന്‍, പ്രസാദ് എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വന്‍വികസന പ്രവൃത്തികള്‍ ആരംഭിച്ചു. 
    ശബരിമലയ്ക്ക് മാത്രമായി വിവിധ പദ്ധതികളിലായി 304 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് വിഭാവനം ചെയ്തിട്ടുള്ളത്.  ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഉള്‍പ്പെടെയുള്ള ശബരിമലയുടെ വികസന പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനും പദ്ധതികള്‍ സമയബന്ധിത
മായി പൂര്‍ത്തിയാക്കുന്നതിനുമായി ഒരു ഉന്നതതല ഉപദേശക സമിതി രൂപീകരിച്ചു. ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിശ്രമത്തിന് ഇടത്താവള സമുച്ചയങ്ങള്‍ നിര്‍മ്മിക്കുകയാണ്. പദ്ധതിയുടെ ഒന്നാംഘട്ടമായി ഒമ്പത് ക്ഷേത്രങ്ങളില്‍ ഇടത്താവളസമുച്ചയം നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനം ഉടനെ ആരംഭിക്കും.  പത്മനാഭ സ്വാമിക്ഷേത്രത്തിലെ നിധിശേഖരത്തിന്റെ കണക്കെടുപ്പിന്റെ മാതൃകയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ സ്‌ട്രോംഗ് റൂമിന് മുകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണ്ണം, വെള്ളി തുടങ്ങിയ ഉരുപ്പടികളുടെ ഇന്‍വെന്ററി തയ്യാറാക്കി ഡിജിറ്റൈസ് ചെയ്യുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
    ഉത്തര മലബാറിലെ ആചാര്യസ്ഥാനീയരുടേയും കോലധികാരികളുടേയും പ്രതിമാസ ധനസഹായ പദ്ധതി പുന:സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇത് സംബന്ധിച്ച് പഠനം നടത്തി മാര്‍ഗരേഖ തയ്യാറാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മലബാര്‍ ദേവസ്വം കമ്മീഷണ
റോടാവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ദേവസ്വം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു.  ചര്‍ച്ചയില്‍ പങ്കെടുത്ത വിവിധ സംഘടനാ പ്രതിനിധികള്‍ സര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലും  ദൃഢനിശ്ചയത്തോടെ എടുത്ത തീരുമാനങ്ങളിലും സംതൃപ്തി പ്രകടിപ്പിച്ചു. സര്‍ക്കാരിന്റെ മുന്നോട്ടുളള പ്രവര്‍ത്തനത്തിന് അവര്‍ പിന്തുണ അറിയിച്ചു.
പി.എന്‍.എക്‌സ്.1794/18

date