Skip to main content

പതിമൂന്ന് ജലമേളകളുമായി കേരള ബോട്ട് റേസ് ലീഗ് ആഗസ്റ്റ് മുതല്‍

 കേരളത്തിലെ പതിമൂന്ന് ജലമേളകള്‍ ഉള്‍പ്പെടുത്തി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന കേരള ബോട്ട് റേസ് ലീഗ് ആഗസ്റ്റ് 11 ന് ആരംഭിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നവംബര്‍ ഒന്നു വരെയാണ് ലീഗ്.  ഐ.പി.എല്‍ മാതൃകയില്‍ സംഘടിപ്പിക്കുന്ന ബോട്ട് റേസ് ലീഗ് ജലോത്സവങ്ങള്‍ക്കും ടൂറിസം മേഖലയ്ക്കും കൂടുതല്‍ ആവേശം പകരുമെന്ന് മന്ത്രി പറഞ്ഞു.
    ആഗസ്റ്റ് 11 ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി യോഗ്യതാ മത്സരമായി കണക്കാക്കി 20 ചുണ്ടന്‍ വള്ളങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒമ്പത് എണ്ണത്തിനെ തുടര്‍ന്നുള്ള ലീഗ് മത്സരങ്ങളില്‍ പങ്കെടുപ്പിക്കും.  ആലപ്പുഴയിലെ പുന്നമട, പുളിങ്കുന്ന്, കൈനകരി, കരുവാറ്റ, മാവേലിക്കര, കായംകുളം, എറണാകുളത്തെ പിറവം, പൂത്തോട്ട, തൃശൂരിലെ കോട്ടപ്പുറം, കോട്ടയത്തെ താഴത്തങ്ങാടി, കുമരകം കവണാറ്റിന്‍കര, കൊല്ലത്തെ കല്ലട, കൊല്ലം എന്നിവയാണ് ലീഗ് മത്സര വേദികള്‍.  മത്സരങ്ങളില്‍ യോഗ്യത നേടുന്ന വള്ളങ്ങളെല്ലാം ഹീറ്റ്‌സ് മുതല്‍ പങ്കെടുക്കണം.  തുഴച്ചിലുകാരില്‍ 75 ശതമാനം തദ്ദേശീയരായിരിക്കണമെന്ന നിബന്ധന പാലിക്കാത്തവരെ അയോഗ്യരാക്കും.  നവംബര്‍ ഒന്നിന് കൊല്ലത്ത് നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി മത്സരത്തോടെ കേരള ബോട്ട് റേസ് ലീഗിന് കൊടിയിറങ്ങും.  15 കോടി  രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.  ബോട്ട് റേസിന് സ്‌പോണ്‍സര്‍ഷിപ്പ് ലഭ്യമാക്കാന്‍ ശ്രമിക്കും.
    ലീഗില്‍ യോഗ്യത നേടുന്ന മുഴുവന്‍ ടീമുകള്‍ക്കും ഓരോ വേദിക്കും ബോണസായി നാല് ലക്ഷം രൂപ വീതമാണ് നല്‍കുക.  ഓരോ ലീഗ് മത്സരത്തിലും ഒന്നാം സ്ഥാനത്തിന് അഞ്ച് ലക്ഷം രൂപയും, രണ്ടാം സ്ഥാനത്തിന് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയും സമ്മാനത്തുക ലഭിക്കും.  മത്സരങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ക്ക് പോയിന്റ് നല്‍കി അതിന്റെ അടിസ്ഥാനത്തിലാകും അന്തിമ വിജയിയെ പ്രഖ്യാപിക്കുക.  ഒന്നാം സ്ഥാനത്തിന്‍ അഞ്ച് പോയിന്റും, രണ്ടാം സ്ഥാനത്തിന് മൂന്ന് പോയിന്റും, മൂന്നാം സ്ഥാനത്തിന് ഒരു പോയിന്റും നല്‍കും.  കേരള ബോട്ട് റേസ് ലീഗ് കിരീടം നേടുന്നവര്‍ക്ക് 10 ലക്ഷം രൂപയാണ് സമ്മാനം.
     സംസ്ഥാന തലത്തില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചെയര്‍മാനും ധനകാര്യ മന്ത്രി ഡോ. ടി.എം.തോമസ് ഐസക് എക്‌സ് ഒഫിഷ്യോ ചെയര്‍മാനുമായ കമ്മിറ്റി നേതൃത്വം നല്‍കും.  വള്ളംകളി നടക്കുന്ന സ്ഥലങ്ങളിലെ എം.എല്‍.എ മാര്‍ സംസ്ഥാനതല കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും.  ഈ കമ്മിറ്റിയില്‍ ജലോത്സവ സംഘടന പരിചയമുള്ള വിദഗ്ദ്ധരുണ്ടാകും.  വള്ളംകളി സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന പതിമൂന്ന് കേന്ദ്രങ്ങളിലും സ്ഥലം എം.എല്‍.എ ചെയര്‍മാനായി ബോട്ട് റേസ് ലീഗ് സബ്കമ്മിറ്റികള്‍ രൂപീകരിക്കും.
    വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന വിധത്തില്‍ വിപുലമായി അന്താരാഷ്ട്ര-ദേശീയ തലങ്ങളില്‍ ടൂറിസം വകുപ്പ് പ്രചരണം നടത്തും.  വിനോദ സഞ്ചാരികള്‍ക്ക് വള്ളംകളി ആസ്വദിക്കുന്നതിന് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.  ടൂറിസം കലണ്ടറില്‍ ലീഗ് വള്ളംകളികള്‍ ഉള്‍പ്പെടുത്തും.
    ജലോത്സവങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ ബോട്ട് റേസ് ലീഗ് സംഘടിപ്പിക്കില്ല.  പരമാവധി ശനിയാഴ്ചകളില്‍ ലീഗ് മത്സരം സംഘടിപ്പിക്കാവുന്ന തരത്തിലാണ് ക്രമീകരിക്കുക.
പി.എന്‍.എക്‌സ്.2391/18

date