Skip to main content
പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിയോടനുബന്ധിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ 33 കെ.വി സബ്‌സ്റ്റേഷന്റെ ഉദ്ഘാടനം പെരുന്തേനരുവി പവര്‍ഹൗസ് അങ്കണത്തില്‍ വൈദ്യുതി മന്ത്രി എം.എം.മണി നിര്‍വഹിക്കുന്നു.

സൗരോര്‍ജ വൈദ്യുത ഉത്പാദനം 1000 മെഗാവാട്ടായി വര്‍ധിപ്പിക്കും-  മന്ത്രി എം.എം.മണി

 

സംസ്ഥാനത്തെ ഊര്‍ജപ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സൗരോര്‍ജത്തില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം 1000 മെഗാവാട്ടായി വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി പറഞ്ഞു. പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിയോടനുബന്ധിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ 33 കെ.വി സബ്‌സ്റ്റേഷന്റെ ഉദ്ഘാടനം പെരുന്തേനരുവി പവര്‍ഹൗസ് അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജലവൈദ്യുത ഉത്പാദനത്തിലെ പ്രതിസന്ധികള്‍ പരിഗണിച്ചാണ് മറ്റ് ഊര്‍ജസ്രോതസ്സുകള്‍ തേടുന്നത്. ആവശ്യമുള്ളതിന്റെ 30 ശതമാനം വൈദ്യുതി മാത്രമാണ് ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നത്. വന്‍കിട ജലവൈദ്യുത പദ്ധതികള്‍ സംസ്ഥാനത്തിന്റെ സാഹചര്യത്തില്‍ നടപ്പാക്കാന്‍ ബുദ്ധിമുട്ടുകളുണ്ട്. ചെറുകിട ജലവൈദ്യുത പദ്ധതികളാണ് ഇപ്പോള്‍ ഫലപ്രദമായി          പൂര്‍ത്തീകരിച്ചുവരുന്നത്. ഇത്തരം പദ്ധതികളില്‍ നിന്നും വളരെ കുറച്ച് വൈദ്യുതി മാത്രമേ ലഭിക്കൂ. ഈ സാഹചര്യത്തിലാണ് വൈദ്യുതി ബോര്‍ഡ് പുതിയ ഊര്‍ജ ഉത്പാദന മാര്‍ഗങ്ങള്‍ തേടുന്നത്. ഊര്‍ജമിഷന്റെ പ്രധാന ദൗത്യം പുതിയ ഊര്‍ജനിര്‍മാണ സങ്കേതങ്ങള്‍ കണ്ടെത്തുകയാണെന്നും മന്ത്രി പറഞ്ഞു. ജലവൈദ്യുത പദ്ധതികള്‍ക്ക് ചെലവ് കുറവാണ്. എന്നാല്‍ മറ്റ് വൈദ്യുത പദ്ധതികള്‍ക്ക് വന്‍ മുതല്‍മുടക്കാണ് ആവശ്യമുള്ളത്. സൗരോര്‍ജ വൈദ്യുതിയും താരതമ്യേന ചെലവ് കുറഞ്ഞതാണ്. ഈ സാഹചര്യത്തിലാണ് സോളാര്‍ പദ്ധതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. സ്വകാര്യ കെട്ടിടങ്ങളില്‍ അനര്‍ട്ടിന്റെ സഹായത്തോടെ സോളാര്‍ പാനല്‍ സ്ഥാപിച്ച് 1000 മെഗാവാട്ട് വൈദ്യുതിയെങ്കിലും ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

രാജുഎബ്രഹാം എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, കെഎസ്ഇബി ഡയറക്ടര്‍ ഡി.കുമാരന്‍, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ്, ജില്ലാ പഞ്ചായത്തംഗം പി.വി.വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം മിനു എബ്രഹാം, ചീഫ് എന്‍ജിനീയര്‍ സിജി ജോസ്,           എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.സുരേഷ്, പി.ആര്‍.പ്രസാദ്, സമദ് മേപ്രത്ത്, ആദിച്ചന്‍ ആറൊന്നില്‍, അഡ്വ.ഷൈന്‍ ജി.കുറുപ്പ്, സജി ഇടിക്കുള, രാജേഷ് ആനമാടം തുടങ്ങിയവര്‍ പങ്കെടുത്തു. 

വൈദ്യുതി വിതരരണ രംഗം കാര്യക്ഷമമാക്കുന്നതിന് കൂടുതല്‍ സബ് സ്റ്റേഷനുകളും ലൈനുകളും സ്ഥാപിച്ച് വൈദ്യുതി പ്രസരണ ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ                ഭാഗമായാണ് വൈദ്യുതി ബോര്‍ഡ് ആറ് മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പെരുന്തേനരുവി ജലവൈദ്യുതി പദ്ധതി സ്ഥാപിച്ചത്. ഈ പദ്ധതിയോടനുബന്ധിച്ചാണ് പുതിയ 33 കെ.വി. സബ് സ്റ്റേഷന്‍ നിര്‍മിച്ചിട്ടുള്ളത്.  പെരുന്തേനരുവിയില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി സമീപ       പ്രദേശങ്ങളില്‍തന്നെ വിതരണം നടത്തിയാല്‍ ഈ പ്രദേശങ്ങളില്‍ തടസരഹിതമായി വൈദ്യുതി വിതരണം നടത്താമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് 33 കെ.വി. സബ്‌സ്റ്റേഷന്‍ നിര്‍മിച്ചിട്ടുള്ളത്. ഒരു കോടി 60 ലക്ഷം രൂപ അടങ്കല്‍ തുകയുള്ള ഈ സബ്‌സ്റ്റേഷന്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഡിഡിയുജിജെവൈ പദ്ധതിയില്‍പ്പെടുത്തിയാണ് നിര്‍മിച്ചിട്ടുള്ളത്. പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിയോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ളതിനാല്‍ പുതിയ ജീവനക്കാരോ തസ്തികകളോ ഈ സബ് സ്റ്റേഷന് ആവശ്യമില്ല. 

പദ്ധതിയുടെ സമീപപ്രദേശങ്ങളായ നാറാണംമൂഴി, വെച്ചൂച്ചിറ, റാന്നി-പെരുനാട് പഞ്ചായത്തുകളില്‍ നിലവില്‍ വൈദ്യുതി ലഭിക്കുന്നത് റാന്നി, റാന്നി-പെരുനാട് സബ് സ്റ്റേഷനുകളില്‍ നിന്നുള്ള ദൈര്‍ഘ്യമേറിയ 11 കെ.വി ഫീഡറുകളിലൂടെയാണ്. വന ഭൂമിയി ലൂടെയും തോട്ടങ്ങളിലൂടെയും കടന്നുവരുന്ന ഈ ഫീഡറുകളില്‍ വൈദ്യുതി തടസവും വോ ള്‍ട്ടേജ് ക്ഷാമവും പതിവാണ്. പെരുന്തേരുവിയിലെ പുതിയ 33 കെ.വി സബ് സ്റ്റേഷന്‍ പ്രവ ത്തനം തുടങ്ങുന്നതോടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. പെരുന്തേനുവി ജലവൈദ്യുതി പദ്ധതിയില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി 33 കെ.വി നിലവാരത്തിലേക്ക് ഉയര്‍ത്തിയ ശേഷം റാന്നി 110 കെ.വി സബ്‌സ്റ്റേഷനിലേക്കും റാന്നി-പെരുനാട് 33 കെ.വി സബ് സ്റ്റേഷനിലേക്കും പ്രസരണം നടത്തും. പുതിയ സബ്‌സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഇവിടെ സ്ഥാപിച്ചിട്ടുള്ള അഞ്ച് എംവിഎ ശേഷിയുള്ള ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും മൂന്ന് 11 കെ.വി ഫീഡറുകളിലൂടെ സമീപ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം നടത്താന്‍ കഴിയും. 

                 (പിഎന്‍പി 1897/18) 

date