Skip to main content

കര്‍ക്കിടക വാവുബലി: സുരക്ഷ ശക്തമാക്കി ദുരന്തനിവാരണ സേനയും കോസ്റ്റ് ഗാര്‍ഡും സുരക്ഷയ്ക്ക്

 

ഡാമുകള്‍ തുറന്നതുമൂലം പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മണപ്പുറത്തെ കര്‍ക്കിടക വാവുബലിക്കെത്തുന്നവര്‍ക്ക് അതീവ സുരക്ഷയൊരുക്കും. പെരിയാറിന്റെ തീരത്തുള്ള കാലടി ചേലാമറ്റം ക്ഷേത്രത്തിലും വാവുബലിക്കെത്തുന്നവര്‍ക്ക് എറണാകുളം ജില്ലാ ഭരണകൂടം സുരക്ഷ ശക്തമാക്കി. കോസ്റ്റ് ഗാര്‍ഡിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും സേവനം ഇവിടെ ഉറപ്പു വരുത്തിയിട്ടുണ്ട്. 

ദേശീയ ദുരന്തനിവാരണ സേനയുടെ 37 പേരടങ്ങുന്ന ടീമിനെ ആഗസ്റ്റ് പത്തിന് ഉച്ചയോടെ ആലുവ മണപ്പുറത്ത് വിന്യസിച്ചു. ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും സുരക്ഷയ്ക്കു പുറമെയാണിത്.  എല്ലാവിധ അപകട സാധ്യതകളെയും നേരിടാനുള്ള സജ്ജീകരണങ്ങളും സേന ഒരുക്കിയിട്ടുണ്ട്. മൂന്ന് ബോട്ടുകള്‍, 20 ലൈറ്റ് ബോട്ടുകള്‍, 40 ലൈഫ് ജാക്കറ്റുകള്‍, പ്രത്യേക റോപുകള്‍,  സ്‌കൂബ ടീം എന്നിവ സജ്ജമാണ്. 

കാലടി ചേലാമറ്റം മഹാവിഷ്ണു ക്ഷേത്രത്തിലും  സുരക്ഷ കര്‍ശനമാക്കും. മൂവാറ്റുപുഴ ആര്‍ ഡി ഒ എം.ടി.അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍ നടക്കുന്നത്. കോസ്റ്റ് ഗാര്‍ഡ് ടീമിനെ ഇന്നലെ അര്‍ധരാത്രി മുതല്‍ ഇവിടെ വിന്യസിച്ചു. ഫയര്‍ ഫോഴ്‌സും സംസ്ഥാന പോലീസും ഇവിടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ തന്നെ പരിശീലനം ലഭിച്ച വളന്റിയര്‍മാരും ഇവിടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ ബാരിക്കേഡുകള്‍ കെട്ടി ബലിതര്‍പ്പണത്തിനെത്തുന്നവര്‍ പുഴയിലേക്കിറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെരിയാറിലെ വെള്ളത്തിന്റെ ഒഴുക്ക് ശക്തിപ്പെട്ട സാഹചര്യത്തിലാണിത്. ബലിയിടാന്‍ എത്തുന്നവര്‍ക്കെല്ലാം കര്‍മം നിര്‍വഹിക്കുന്നതിനും മറ്റു തടസങ്ങള്‍ ഇല്ലാതിരിക്കാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്. പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും തീരുമാനങ്ങള്‍ ബലിതര്‍പ്പണത്തിനെത്തുന്നവര്‍ പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

 

date