Skip to main content

ഓഫീസുകള്‍ വെള്ളത്തില്‍ മുങ്ങി ഫയലുകളും കമ്പ്യൂട്ടറുകളും നശിച്ചു

 

    പനമരം പുഴക്കരയിലെ കൃഷി അസിസ്റ്റന്റ് ഡയറകടര്‍, ഐ.സി.ഡി.എസ് ഓഫീസുകളില്‍ വെള്ളം കയറി ഫയലുകളും കമ്പ്യൂട്ടറും പൂര്‍ണ്ണമായും നശിച്ചു. രണ്ട് ഓഫീസുകളിലായി ഇരുപത് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണുണ്ടായത്. എ.ഡി.എ ഓഫീസിലെ മൂന്ന് ഡെസ്‌ക് ടോപ്പ് കമ്പ്യൂട്ടറുകളും 9 ലാപ്പ് ടോപ്പുകളും ആറ് ക്യാമറകളും വെള്ളം കയറി നശിച്ചതില്‍പ്പെടും. ഐ.സി.ഡി. എസ് ഓഫീസിലെ കമ്പ്യൂട്ടറുകളും ഫയലുകളും വിതരണം ചെയ്യാന്‍ സൂക്ഷിച്ച കിറ്റുകളും പൂര്‍ണ്ണമായും നശിച്ചു. വെളളം കയറാന്‍ തുടങ്ങിയതോടെ അരയ്‌ക്കൊപ്പം വെള്ളത്തില്‍ ഇവിടെ എത്തിയ ജീവനക്കാര്‍ ഫയലുകളും കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളുമെല്ലാം ഉയരത്തിലേക്ക് മാറ്റി വെച്ചിരുന്നു. എങ്കിലും പിറ്റേദിവസം മഴകൂടിയതോടെ ഇതുവരെയില്ലാത്തവിധം കെട്ടിടം പകുതിയിലധികം വെള്ളത്തില്‍ മുങ്ങുകയായിരുന്നു. 2012 മുതല്‍ പ്രവര്‍ത്തനം തുടങ്ങിയ കൃഷി അസി.ഡയറക്ടര്‍ ഓഫീസില്‍ ഇതുവരെയുള്ള എല്ലാ ഫയലുകളും വെള്ളത്തില്‍ മുങ്ങി. കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരുന്ന വിലപ്പെട്ട വിവരങ്ങളും ഇ-ഫയലുകളും നഷ്ടമായിട്ടുണ്ട്.  ശനിയാഴ്ച രാവിലെ വെള്ളം നേരിയ തോതില്‍ കുറഞ്ഞപ്പോള്‍  ജീവനക്കാര്‍ ഓഫീസിലെത്തിയപ്പോഴാണ് ഫയലുകളും കമ്പ്യൂട്ടറുമെല്ലാം നശിച്ച നിലയില്‍ കെണ്ടത്തിയത്. ജില്ലാ ഓഫീസ് മേധാവിയെ ജീവനക്കാര്‍ വിവരം അറിയിച്ചിട്ടുണ്ട്. ഓഫീസ് പ്രവര്‍ത്തനം സാധാരണ നിലയിലെത്താന്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ടിവരും. 
 

date