Skip to main content

വരുംതലമുറയ്ക്കായി മണ്ണിന്റെ പരിപാലനം ഉറപ്പാക്കണം - മുഖ്യമന്ത്രി പിണറായി വിജയൻ

 

* ദുരന്തസാധ്യത ഒഴിവാക്കുന്ന പുനർനിർമാണം ലക്ഷ്യം

വരുംതലമുറയ്ക്കായി മണ്ണിന്റെ സംരക്ഷണവും പരിപാലനവും ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരന്തങ്ങളുണ്ടാവാനുള്ള സാധ്യത ഒഴിവാക്കുന്ന പുനർനിർമാണത്തിനാണ് പ്രളയാനന്തരം ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക മണ്ണ് ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്ന് കൊട്ടാരത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

മാനവരാശിയുടെ ആരോഗ്യത്തിനും ഭക്ഷ്യസുരക്ഷയ്ക്കും പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും മണ്ണിന്റെ ആരോഗ്യപരമായ പരിപാലനം പ്രധാനമാണ്. മനുഷ്യന്റെയെന്നല്ല, ജീവന്റെയാകെ നിലനിൽപ്പിനും അതിജീവനത്തിനും മണ്ണ് സംരക്ഷണം പ്രധാനമാണ്. ഇത്തരമൊരു അവബോധം ശക്തിപ്പെട്ടുവരുന്ന കാലമാണിത്. ഈ പാഠം തന്നെയാണ് ഉരുൾപൊട്ടലും അതിനോടനുബന്ധിച്ച പ്രകൃതിനാശവും നമ്മെ ഓർമിപ്പിച്ചത്. 

വലിയതോതിലുള്ള ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ഭൂമിയുടെ മേൽമണ്ണാണ് ഒലിച്ചുപോയത്. ഒരു ഇഞ്ച് മേൽമണ്ണ് രൂപപ്പെടാൻ ആയിരത്തോളം വർഷമാണ് വേണ്ടിവരുന്നത് എന്ന് മനസിലാക്കുമ്പോഴാണ് ഇതിന്റെ നഷ്ടം മനസിലാക്കുന്നത്. എത്രയോ തലമുറയെ ഇത് ബാധിക്കും. കാർഷികമേഖലയ്ക്കുണ്ടായ നഷ്ടവും വലുതാണ്. ലക്ഷക്കണക്കിന് ഹെക്ടർ കൃഷിയും മണ്ണിന്റെ ഫലഭൂയിഷ്ടതയും നഷ്ടമായി. ദുരന്തമുണ്ടാവുംമുമ്പ് തന്നെ അതിന്റെ സാധ്യതയും ആപത്തും മനസിലാക്കിയാണ് ഹരിതകേരളം മിഷൻ രൂപീകരിച്ചതും പ്രവർത്തനങ്ങൾ തുടരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തളിപ്പറമ്പ് മണ്ഡലത്തിലെ സമഗ്ര പുനരുജ്ജീവന പദ്ധതി 'സമൃദ്ധി' പദ്ധതിരേഖാ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. 

ചടങ്ങിൽ കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.  കെ. മുരളീധരൻ എം.എൽ.എ മണ്ണുദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സോയിൽ ഹെൽത്ത് കാർഡ് വിതരണം ജെയിംസ് മാത്യു എം.എൽ.എ നിർവഹിച്ചു. കൊല്ലം, എറണാകുളം ജില്ലകളിലെ 'മണ്ണറിവ്' പുസ്തകപ്രകാശനവും, ചിത്രരചനാ-ഉപന്യാസ മത്സരവിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു.

ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയർമാൻ ഡോ. ടി.എൻ. സീമ മുഖ്യപ്രഭാഷണം നടത്തി. മണ്ണ് പര്യവേക്ഷണ-മണ്ണുസംരക്ഷണ വകുപ്പ് ഡയറക്ടർ  ജെ. ജസ്റ്റിൻ മോഹൻ സ്വാഗതവും അഡീഷണൽ ഡയറക്ടർ അനിൽ എം. ജോസഫ് നന്ദിയും പറഞ്ഞു. 

'പ്രളയാനന്തര മണ്ണിലെ മാറ്റങ്ങളും പരിപാലന മുറകളും', 'കാലാവസ്ഥാവ്യതിയാനത്തിൽ മണ്ണ് പരിപാലനത്തിന്റെ പ്രസക്തി' എന്നീ വിഷയങ്ങളിൽ സെമിനാറുകളും സ്‌കൂൾ വിദ്യാർഥികൾക്ക് പ്രശ്‌നോത്തരിയും സംഘടിപ്പിച്ചു.

പി.എൻ.എക്സ്. 5388/1

date