Skip to main content

ആഴക്കടല്‍ മത്സ്യബന്ധന ട്രോളിങ്ങിന്‌ മത്സ്യത്തൊഴിലാളികളെ പര്യാപ്‌തരാക്കും : മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ 

വിദേശികളുടെ കുത്തകയായിരുന്ന ആഴക്കടല്‍ മത്സ്യബന്ധന ട്രോളിംഗിന്‌ കേരളത്തിലെ മത്സ്യത്തൊഴിലാളികളെ പര്യാപ്‌തരാക്കുമെന്ന്‌ ഫിഷറീസ്‌-ഹാര്‍ബര്‍ എഞ്ചിനീയറിംഗ്‌ വകുപ്പ്‌ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ആഴക്കടല്‍ മത്സ്യബന്ധനത്തിന്‌ പോകുന്നവരെ സഹായിക്കാന്‍ സാറ്റലൈറ്റ്‌ സംവിധാനം, ട്രാക്കിങ്ങ്‌, നിര്‍ദ്ദേശങ്ങള്‍ നല്‍കാനായി മാസ്റ്റര്‍ കണ്ട്രോള്‍ റൂം എന്നിവയും ഒരുക്കും. ഉള്‍നാടന്‍ മത്സ്യബന്ധനത്തിന്‌ ഉതകുന്ന 36 അത്യാധുനികബോട്ടുകളും പരീക്ഷണാടിസ്ഥാനത്തില്‍ ഈ വര്‍ഷം പുറത്തിറക്കും. ജില്ലയിലെ ഏക ഫിഷറീസ്‌ സ്റ്റേഷന്റെ ഉദ്‌ഘാടനവും ജലകൃഷി പരിശീലനകേന്ദ്രം ഉദ്‌ഘാടനവും സാഫ്‌ തീരമൈത്രി ഗുണഭോക്തൃ സംഗമവും അഴീക്കോട്‌ മേഖല ചെമ്മീന്‍ വിത്തുല്‍പ്പാദന കേന്ദ്രത്തില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. ഉള്‍നാടന്‍ മത്സ്യബന്ധനത്തിനായി അതത്‌ മേഖലയിലെ സഹകരണ സംഘങ്ങള്‍ തൊഴിലാളികളെ സഹായിക്കണം. അവര്‍ക്ക്‌ വേണ്ട പശ്ചാത്തലസൗകര്യവും സാങ്കേതികവിദ്യയും സര്‍ക്കാര്‍ നല്‍കും. ആഴക്കടല്‍ മത്സ്യബന്ധനവും ഉള്‍നാടന്‍ മത്സ്യകൃഷിയും സംയോജിപ്പിച്ചുള്ള രീതിയ്‌ക്കാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. കേന്ദ്രസര്‍ക്കാരിന്റെ സഹായം ഇക്കാര്യത്തില്‍ തേടുന്നത്‌ സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്‌. കിഫ്‌ബിയുടെ സഹായത്തോടെയുള്ള മത്സ്യമാര്‍ക്കറ്റുകള്‍, വനിത തൊഴിലാളികളുടെ സൊസൈറ്റികള്‍ എന്നിവ നടപ്പിലാക്കും. സംസ്ഥാന-ജില്ലാ-വില്ലേജ്‌ അടിസ്ഥാനത്തില്‍ മാനേജിംഗ്‌ കൗണ്‍സിലുകള്‍ക്ക്‌ രൂപം നല്‍കും. മത്സ്യത്തൊഴിലാളികളെ ശാക്തീകരിക്കുകയും ഈ മേഖലയില്‍ അവരുടെ പങ്കാളിത്തം ഉറപ്പു വരുത്തുകയുമാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. തീരദേശത്തെ ഭൂ-ഭവനരഹിതര്‍ക്കായി സമ്പൂര്‍ണപാര്‍പ്പിടപദ്ധതിയ്‌ക്ക്‌ സര്‍ക്കാര്‍ രൂപം നല്‍കും. രാജ്യത്തിന്റെ സാമ്പത്തികോത്‌പാദനത്തിന്‌ മത്സ്യകൃഷിയും നെല്‍കൃഷിയും കൈകോര്‍ത്തുള്ള നയമാണ്‌ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്‌. ബിഎസ്‌എഫ്‌സി വിദ്യാര്‍ത്ഥികള്‍ക്ക്‌ അവസാനവര്‍ഷ സെമസ്റ്ററില്‍ ആറു മാസത്തെ ഫീല്‍ഡ്‌ എക്‌സ്‌പീരിയന്‍സ്‌ നിര്‍ബന്ധമാക്കും. സംസ്ഥാനത്ത്‌ സാഫ്‌ പദ്ധതിപ്രകാരം ടാര്‍ജറ്റ്‌ പൂര്‍ത്തിയാക്കിയ ഏക ജില്ലയാണ്‌ തൃശൂരെന്നും തീരദേശമേഖലയിലെ വനിതകളെ ശാക്തീകരിക്കാന്‍ അവര്‍ക്ക്‌ പലിശരഹിതവായ്‌പയും റിവോള്‍വിങ്‌ ഫണ്ടും നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇ.ടി. ടൈസണ്‍മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഫിഷറീസ്‌ ജോയിന്റ്‌ ഡയറക്ടര്‍ എന്‍.എസ്‌. ശ്രീലു റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. എറിയാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രസാദിനി മോഹനന്‍, എസ്‌.എന്‍. പുരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ.കെ. മല്ലിക, ജില്ലാ പഞ്ചായത്തംഗം നൗഷാദ്‌ കൈത്തവളപ്പില്‍, മത്സ്യഫെഡ്‌ സംസ്ഥാന ഡയറക്ടര്‍ ബോര്‍ഡംഗം സി.കെ. മജീദ്‌, ഫിഷറീസ്‌ മധ്യമേഖല ജോയിന്റ്‌ ഡയറക്ടര്‍ എം.എസ്‌. സാജു, ജില്ല ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്ടര്‍ സുഹൈര്‍.കെ. എന്നിവര്‍ പങ്കെടുത്തു.

date