Skip to main content

മുലയൂട്ടാന്‍ അമ്മക്കൊരിടം:  ജില്ലാതല പദ്ധതിക്ക് തുടക്കമായി

 

പൊതു ഇടങ്ങളില്‍ അമ്മമാര്‍ക്ക് സൗകര്യപ്രദമായി മൂലയൂട്ടാന്‍ സംവിധാനമൊരുക്കുന്ന ജില്ലാ പഞ്ചായത്തിന്റെ അമ്മയ്ക്കൊരിടം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാ ഗവ.ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ പി കെ ശ്രീമതി എംപി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.  

ജില്ലാ പഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിക്കായി 60 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി ബസ് സ്റ്റാന്റ്, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സിവില്‍ സ്റ്റേഷന്‍, ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ തെരഞ്ഞെടുക്കപ്പെട്ട 17 കേന്ദ്രങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ജില്ലാ ഗവ.ആശുപത്രിയില്‍ മാത്രം മൂന്ന് മുലയൂട്ടല്‍ കേന്ദ്രങ്ങളാണ് നിലവില്‍ ആരംഭിച്ചിട്ടുള്ളത്. കുഞ്ഞുങ്ങളുടേയും അമ്മമാരുടേയും ആവശ്യങ്ങളും അവകാശങ്ങളും അംഗീകരിച്ചുകൊടുക്കുക എന്നത് ഒരു സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് പികെ ശ്രീമതി എംപി അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യരംഗത്ത് ഉള്‍പ്പെടെ നൂതന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നതെന്നും പറഞ്ഞു.  

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി പി ദിവ്യ, സ്ഥിരം സമിതി അധ്യക്ഷരായ ടി ടി റംല,  കെ പി ജയപാലന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അജിത് മാട്ടൂല്‍, കെ നാണു, പി കെ സരസ്വതി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, ജില്ലാ വനിതാ വികസന ഓഫീസര്‍ ബീന, ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് വി പി രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. 

 

date