Skip to main content

കല്യാശ്ശേരി മണ്ഡലം: ലൈബ്രറികളുടെ  ഹൈടെക്വല്‍കരണം അന്തിമഘട്ടത്തില്‍

 

കല്ല്യാശ്ശേരി മണ്ഡലത്തിലെ ലൈബ്രറികളുടെ ഹൈടെക്വല്‍ക്കരണ പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലെത്തിയതായി ടി വി രാജേഷ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. എംഎല്‍എയുടെ പ്രത്യേക വികസന നിധിയില്‍ നിന്ന് 1.28 കോടി രൂപ ചെലവഴിച്ച് മണ്ഡലത്തിലെ ലൈബ്രറികള്‍ക്ക് പ്രൊജക്ടര്‍, പ്രിന്റര്‍, സ്‌ക്രീന്‍, ലാപ്ടോപ്, തുടങ്ങിയവ വിതരണം ചെയ്തു. ലൈബ്രറികളിലേക്കുള്ള മൈക്ക് സെറ്റുകള്‍ ജനുവരി അവസാനത്തോടെ വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.  

2017-18 വര്‍ഷത്തെ ശേഷിക്കുന്ന മുഴുവന്‍ പ്രവൃത്തികളും ഏപ്രില്‍ 30 നകം പൂര്‍ത്തീകരിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. നവീകരണ പ്രവൃത്തികള്‍ക്ക് 1.26 കോടി ഭരണാനുമതി നല്‍കിയ ചെറുകുന്ന്തറ അന്നപൂര്‍ണ്ണേശ്ശരി ക്ഷേത്രം റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കണം. 56.88 ലക്ഷം രൂപയുടെ പ്രവൃത്തി ടെന്‍ഡര്‍ ചെയ്ത പഴയങ്ങാടി റെയില്‍വെ സ്റ്റേഷന്‍ പാര്‍ക്കിംഗ് മേഖലയുടെ നിര്‍മ്മാണം ഫിബ്രുവരിയില്‍ ആരംഭിക്കണമെന്നും എംഎല്‍എ നിര്‍ദ്ദേശിച്ചു. 

കടന്നപ്പള്ളി ഗവ. എച്ച്എസ്എസ്, മാടായി ഗേള്‍സ് എച്ച്എസ്എസ്, ചെറുകുന്ന് വെല്‍ഫെയര്‍ എച്ച്എസ്എസ് എന്നിവിടങ്ങളില്‍ സ്‌കൂള്‍ ബസുകള്‍ക്ക് അനുമതി നല്‍കുകയും വെങ്ങര ഗവ. വെല്‍ഫയര്‍ യുപി സ്‌കൂളിന് ബസ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. പട്ടുവം ഐഎച്ച്ആര്‍ഡി കോളേജില്‍ 41 സീറ്റുകളുള്ള ബസ് അനുവദിക്കുന്നതിന് എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ട്. കല്ല്യാശ്ശേരി മോഡല്‍ ഐഎച്ച്ആര്‍ഡി പോളിടെക്നിക്കില്‍ 32 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഓഡിറ്റോറിയത്തിന്റെ പ്രവൃത്തികള്‍ അടുത്തയാഴ്ച ആരംഭിക്കുമെന്നും ബന്ധപ്പെട്ടവര്‍ യോഗത്തെ അറിയിച്ചു. 70 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പാണപ്പുഴ വോളിബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ പ്രവൃത്തി ആരംഭിച്ചു. 

12 ലക്ഷം രൂപ വകയിരുത്തിയ 2015-16 വര്‍ഷത്തെ ചിറാക്കോട്-മടക്കര റോഡ്, ഒരു കോടി രൂപയുടെ പിലാത്തറ ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവയുടെ നിര്‍മ്മാണം അനിശ്ചിതമായി നീണ്ടുപോകുകയാണെന്ന് എംഎല്‍എ കുറ്റപ്പെടുത്തി. പ്രവൃത്തികള്‍ ജനുവരി 28 നുള്ളില്‍ പൂര്‍ത്തിയാക്കാനും നിര്‍ദ്ദേശം നല്‍കി.  

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ ജില്ലാ ഫിനാന്‍സ് ഓഫീസര്‍ കെ പി മനോജന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, എല്‍എസ്ജിഡി എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

 

date