Skip to main content

വടക്കാഞ്ചേരി പുഴ സംരക്ഷണം മുഖ്യലക്ഷ്യം  : മന്ത്രി എ സി മൊയ്‌തീന്‍

കാഞ്ഞിരക്കോട്‌-പാത്രമംഗലം വരെയുളള വടക്കാഞ്ചേരി പുഴയുടെ സമഗ്രമായ നവീകരണവും ജലസംരക്ഷണവും ലക്ഷ്യമിട്ടുകൊണ്ടുളള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുമെന്ന്‌ തദ്ദേശസ്വയംഭരണ വകുപ്പ്‌ മന്ത്രി എ സി മൊയ്‌തീന്‍. കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച്‌ വടക്കാഞ്ചേരി പുഴയില്‍ കാഞ്ഞിരക്കോട്‌-പാത്രമംഗലം വരെ നിര്‍മ്മിക്കുന്ന ഒമ്പത്‌ ചെക്ക്‌ ഡാമുകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തൃശൂര്‍ രാമനിലയം കോണ്‍ഫറന്‍സ്‌ ഹാളില്‍ അവലോകനം ചെയ്യുകയായിരുന്നു മന്ത്രി. പുഴയുടെ കയ്യേറ്റം ഒഴിവാക്കുന്നതിനും അനധികൃത വെളളമൂറ്റുന്നത്‌ തടയുന്നതിനും വെളളത്തിന്റെ ലഭ്യത എത്രയാണെന്നതും പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 2017-18 ലെ ബജറ്റ്‌ അനുസരിച്ച്‌ 25 കോടി രൂപയാണ്‌ കിഫ്‌ബി ഫണ്ട്‌ വിനയോഗിച്ച്‌ കുന്നംകുളം നിയോജകമണ്‌ഡലത്തിലെ വടക്കാഞ്ചേരി പുഴയില്‍ 9 ചെക്ക്‌ ഡാമുകള്‍ നിര്‍മ്മിക്കുന്നതിന്‌ വകയിരുത്തിയിരിക്കുന്നത്‌. ഇതില്‍ പ്രാരംഭനിര്‍മ്മാണ പഠനാന്വേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷം രൂപ നല്‍കി. തലപ്പിളളി താലൂക്കിലെ എരുമപ്പെട്ടി പഞ്ചായത്തില്‍ പെരുംകുഴി, മുന്നോട്ടംകുഴി, വെട്ടിക്കല്‍, കല്ലിങ്കല്‍, മണ്ണംതറകടവ്‌ എന്നിവിടങ്ങളിലും വേലൂര്‍ ഗ്രാമപഞ്ചായത്തില്‍ നമ്പ്യാറവ്‌, അളളിത്തിരുത്ത്‌, കീഴ്‌തണ്ടിലും, തണ്ടിംപറ്റ തോട്ടമുഖം, പോത്തുംകുണ്ട്‌ എന്നിവിടങ്ങളിലുമായാണ്‌ ഒമ്പത്‌ ചെക്ക്‌ ഡാമുകള്‍ നിര്‍മ്മിക്കുന്നത്‌. അതിര്‍ത്തി കല്ല്‌ ഇടുന്നതിന്‌ 20 ലക്ഷം രൂപ, പുഴയുടെ വീതി, ആഴം കൂട്ടുന്നതിന്‌ 2 കോടി, ബണ്ട്‌ ബലപ്പെടുത്തുന്നതിന്‌ 6 കോടി 23 ലക്ഷം രൂപ, ഫീഡര്‍ കനാല്‍ നിര്‍മ്മാണത്തിന്‌ 1 കോടി 40 ലക്ഷം രൂപ, മുന്നുട്ടാംകുഴി ചാല്‍ നിര്‍മ്മാണത്തിന്‌ 80 ലക്ഷം രൂപ, ചെക്ക്‌ ഡാമുകളുടെ നിര്‍മ്മാണത്തിന്‌ 2 പാലങ്ങള്‍ ഉള്‍പ്പെടെ 13 കോടി രൂപ എന്നിങ്ങനെയാണ്‌ തുക വിലയിരുത്തിയിരിക്കുന്നത്‌. ചെക്ക്‌ ഡാമുകളുടെ പ്രവര്‍ത്തനം എത്രയും പെട്ടെന്ന്‌ തീര്‍ക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജില്ലാ സര്‍വെ സൂപ്രണ്ട്‌ സി ആര്‍ ശോഭന, ഇറിഗേഷന്‍ വകുപ്പ്‌ അസിസ്റ്റന്റ്‌ എഞ്ചിനീയര്‍മാരായ എസ്‌ കെ രമേശന്‍, എം യു നിസാര്‍, താലൂക്ക്‌ സര്‍വെയര്‍ പി എം നിഷാദ്‌, ഹെഡ്‌ സര്‍വെയര്‍മാരായ പി എം ഹംസ, കെ സനല്‍കുമാര്‍, ചൊവ്വന്നൂര്‍ ജോയിന്റ്‌ ബിഡിഒ എം ബൈജു എന്നിവര്‍ പങ്കെടുത്തു.

date