Skip to main content

തൃശൂര്‍ ഗവ. എഞ്ചിനീയറിങ്‌ കോളേജിന്‌ എംഎല്‍എ  ഫണ്ടില്‍ നിന്ന്‌ ഒരു ബസ്‌ കൂടെ

തൃശൂര്‍ എംഎല്‍എ യും കൃഷി വകുപ്പ്‌ മന്ത്രിയുമായ അഡ്വ. വി എസ്‌ സുനില്‍കുമാറിന്റെ 2017-18 വര്‍ഷത്തെ ആസ്‌തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 22.07 ലക്ഷം രൂപയുടെ ഒരു ബസ്‌ കൂടെ തൃശൂര്‍ ഗവണ്‍മെന്റ്‌ എഞ്ചിനീയറിങ്‌ കോളേജിന്‌ ലഭിച്ചു. ഗവ. എഞ്ചിനീയറിങ്‌ കോളേജ്‌ മില്ലേനിയം ഓഡിറ്റോറിയത്തില്‍ മന്ത്രി ബസ്സിന്റെ താക്കോല്‍ കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ. ബി ജയാനന്ദന്‌ കൈമാറി. ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്‌ടര്‍ കെ പി ഇന്ദിരദേവി അദ്ധ്യക്ഷത വഹിച്ചു. ബസ്സിന്റെ സ്വിച്ച്‌ ഓണ്‍ കര്‍മ്മവും ഫ്‌ളാഗ്‌ ഓഫും കോളേജ്‌ ഗ്രൗണ്ടില്‍ മന്ത്രി നിര്‍വഹിച്ചു. 51 സീറ്റുകളാണ്‌ പുതിയ ബസ്സിനുളളത്‌. കോളേജിന്റെ പുരോഗതിക്കായി ഒരു കോടി 17 ലക്ഷം രൂപയാണ്‌ മന്ത്രി അനുവദിച്ചത്‌. വനിതാ ഹോസ്റ്റലിന്റെ ഇലക്‌ട്രിഫിക്കേഷന്‍ പ്രവൃത്തിക്കായി വികസന ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപയും ആസ്‌തി വികസന ഫണ്ടില്‍ നിന്ന്‌ കോളേജിലെ ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി മഴവെളള സംഭരണി, ഉല്ലാസപാര്‍ക്ക്‌, നടപ്പാത എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക്‌ 60 ലക്ഷം രൂപയും കാന്റീന്‍ കെട്ടിട നിര്‍മ്മാണത്തിന്‌ 30 ലക്ഷം രൂപയും ബസ്സിനായി 22.07 ലക്ഷം രൂപയുമാണ്‌ ഇതില്‍ ഉള്‍പ്പെടുന്നത്‌. കോര്‍പ്പറേഷന്‍ മേയര്‍ അജിത വിജയന്‍, ബസ്‌ സെക്രട്ടറി പ്രൊഫ. അരുണ്‍ എം എസ്‌, കോളേജ്‌ യൂണിയന്‍ ചെയര്‍മാന്‍ ആദര്‍ശ്‌ വി എസ്‌, ഡിവിഷന്‍ കൗണ്‍സിലര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. 

date