Skip to main content

ബഡ്‌സ്‌ സ്‌കൂളുകള്‍ കുടുംബശ്രീ സഹായത്തോടെ  ആരംഭിക്കും : മന്ത്രി എ സി മൊയ്‌തീന്‍

സംസ്ഥാനത്തു റെസിഡന്റ്‌സ്‌ സൗകര്യമുള്ള ബഡ്‌സ്‌ സ്‌കൂളുകള്‍ കുടുംബശ്രീ സഹായത്തോടെ ആരംഭിക്കുമെന്ന്‌ തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി എ സി മൊയ്‌തീന്‍. മൂന്നാം സംസ്ഥാനതല ബഡ്‌സ്‌ കലോത്സവം വെള്ളാനിക്കര കേരള കാര്‍ഷിക സര്‍വകലാശാലയിലെ സെന്‍ട്രല്‍ ഓഡിറ്റോറിയത്തില്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മന്ത്രി. വികലാംഗ നിയമത്തിന്റെ അന്തസത്ത കാത്തു സൂക്ഷിക്കുന്നതിനും മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക്‌ പ്രത്യേക സ്‌കൂളുകളും പരിരക്ഷണ സംവിധാനങ്ങളും ഏര്‍പ്പെടുത്തുക എന്ന ഉദ്യമത്തിന്റെയും ഭാഗമായിട്ടാണ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും സംയുക്ത സംരംഭമെന്ന നിലയില്‍ 2003-04 വര്‍ഷത്തില്‍ ബഡ്‌സ്‌ സ്‌പെഷ്യല്‍ സ്‌കൂളുകള്‍ ആരംഭിച്ചത്‌. ഇന്ന്‌ 250 ബഡ്‌സ്‌ സ്‌കൂളുകളിലും ബഡ്‌സ്‌ റീഹാബിലിറ്റേഷന്‍ കേന്ദ്രങ്ങളിലായി 6000 കുട്ടികളുമുണ്ട്‌. മറ്റേതൊരു വ്യക്തിയെയും പോലെ ഈ കുട്ടികളെ പരിഗണിക്കുന്നതിലും അവസരങ്ങള്‍ ഒരുക്കി കൊടുക്കുന്നതിലും അവരുടെ മാതാപിതാക്കളെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു . മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്‌ച വെക്കുന്നതിനു കുടുംബശ്രീ യൂണിറ്റുകള്‍ക്ക്‌ 1000 കോടി രൂപയുടെ ധനസഹായവും മന്ത്രി ഉറപ്പു നല്‍കി. 250 ബഡ്‌സ്‌ സ്‌കൂളുകള്‍ എന്നത്‌ 400 ആയി വര്‍ധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ 200 ഓളം ബഡ്‌സ്‌ , ബഡ്‌സ്‌ റീഹാബിലിറ്റേഷന്‍ സെന്ററുകളില്‍ നിന്നുള്ള 260 കുട്ടികള്‍ പങ്കെടുക്കും. ലളിതഗാനം, ചലച്ചിത്ര ഗാനം, പദ്യ പാരായണം, മിമിക്രി, ഉപകരണ സംഗീതം, നാടന്‍പാട്ട്‌, പ്രച്ഛന്ന വേഷം, ആക്ഷന്‍ സോങ്ങ്‌, നാടോടി നൃത്തം, സംഘ നൃത്തം, പെയിന്റിംഗ്‌, പെന്‍സില്‍ ഡ്രോയിങ്‌, എംബോസ്‌ പെയിന്റിംഗ്‌ എന്നിങ്ങനെ 13 ഇനങ്ങളിലാണ്‌ മൂന്നു വേദികളിലായി കുട്ടികള്‍ പങ്കെടുക്കുക. അഡ്വ കെ രാജന്‍ എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മേരി തോമസ്‌ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എന്‍ കെ ഉദയപ്രകാശ്‌, കുടുംബശ്രീ സംസ്ഥാന മിഷന്‍ പ്രോഗ്രാം ഓഫീസര്‍ അമൃത ജി എസ്‌, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ വി ജ്യോതിഷ്‌ കുമാര്‍, ചേര്‍പ്പ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സരള വി ആര്‍, മടക്കത്തറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി എസ്‌ വിനയന്‍, നടത്തറ ഗ്രാമപഞ്ചായത്‌ പ്രസിഡന്റ്‌ അഡ്വ പി ആര്‍ രജിത്‌, ബഡ്‌സ്‌ സ്‌കൂള്‍ ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date