Skip to main content

വിവിധ ചികിത്സാ ശാഖകൾ ഒരു കുടക്കീഴിൽ പ്രവർത്തിക്കണം: മുഖ്യമന്ത്രി

 

* ആയുഷ് കോൺക്ലേവ് സമാപിച്ചു

സംസ്ഥാനത്തുള്ള വിവിധ ചികിത്സാ ശാഖകൾ ഒരു കുടക്കീഴിൽ പ്രവർത്തിക്കുന്ന സാഹചര്യമുണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രഥമ അന്താരാഷ്ട്ര ആയുഷ് കോൺക്ലേവിന്റെ സമാപന സമ്മേളനം ജിമ്മിജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

എല്ലാ ചികിത്സാ വിഭാഗങ്ങൾക്കും പരിഗണന നൽകുന്ന നയമാണ് സർക്കാരിന്റേത്. ആയുർവേദം, ഹോമിയോ, പ്രകൃതി ചികിത്സ തുടങ്ങി എല്ലാ വിഭാഗങ്ങൾക്കും പ്രാധാന്യം നൽകുന്നുണ്ട്. പല വിദേശ രാജ്യങ്ങളിലും പാരമ്പര്യചികിത്സയും മോഡേൺ മെഡിസിനും ഒരുപോലെ ചികിത്സ നൽകുന്നുണ്ട്. അവർക്കിടയിൽ പരസ്പരം ശത്രുതയില്ല. മാത്രമല്ല, ഒരു കുടക്കീഴിൽ സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു. അതേ സാഹചര്യം ഇവിടെയും ഉണ്ടാകണം. 

കണ്ണൂരിൽ സ്ഥാപിക്കുന്ന അന്താരാഷ്ട്ര ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഗവേഷണ, പരീക്ഷണ, നിരീക്ഷണ പ്രവർത്തനങ്ങളാവും പ്രധാനമായും ഇവിടെ നടക്കുക. ഒപ്പം പരമ്പരാഗതമായ ചികിത്സാ അറിവുകൾ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യവുമുണ്ട്. ഇന്നും ചിലർക്കുമാത്രം അറിയുന്ന ചികിത്സാ രീതികൾകൂടി കണ്ടെത്തി ക്രോഡീകരിക്കുന്ന പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകും. 

ഔഷധസസ്യ കൃഷിക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്. വീടുകളിൽ ഔഷധസസ്യ കൃഷി വ്യാപിപ്പിക്കുന്നതിനൊപ്പം വലിയ സ്ഥാപനങ്ങളിൽ ഔഷധത്തോട്ടങ്ങൾ ആരംഭിക്കുന്നതിനും നിർദ്ദേശം നൽകേണ്ടതുണ്ട്. പല ഔഷധസസ്യങ്ങളും ഇന്ന് ഇല്ലാതായി കഴിഞ്ഞു. ചിലവയാകട്ടെ വംശനാശ ഭീഷണി നേരിടുന്നുമുണ്ട്. ഇവയും സമൂഹത്തിനായി തിരിച്ചുപിടിക്കേണ്ടതുണ്ട്. 

പണമില്ലാത്തിനാൽമാത്രം ആർക്കും ചികിത്സ നിഷേധിക്കപ്പെടരുത്. കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ചികിത്സ എല്ലാവർക്കും ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം. ഇതിനായി രൂപീകരിച്ച ആർദ്രം മിഷൻ നാട്ടുകാരുടെ സഹകരണത്തോടെ ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ചടങ്ങിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ അധ്യക്ഷയായിരുന്നു. കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ, എംഎൽഎമാരായ ഐ.ബി. സതീഷ്,  ഒ. രാജഗോപാൽ, നാഷണൽ ആയുഷ് മിഷൻ സംസ്ഥാന ഡയറക്ടർ കേശവേന്ദ്രകുമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡേ സ്വാഗതവും ഐഎസ്എം ഡയറക്ടർ ഡോ: അനിതാ ജേക്കബ് നന്ദിയും പറഞ്ഞു.

പി.എൻ.എക്സ്. 630/19

date