Skip to main content

മേളയില്‍ ആകര്‍ഷണമായി ജൂലിയറ്റും ബഡ്ഡിയും

 

ഹരിയാനയിലെ നാഷണല്‍ ട്രെയിനിങ്  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡോഗ് ആന്‍ഡ് ആനിമല്‍സില്‍ ഒന്‍പതുമാസത്തെ പ്രത്യേക പരിശീലനത്തിനു ശേഷം സേവനസജ്ജരായ ജൂലിയറ്റ്,ബഡ്ഡി എന്നീ  ഡോബര്‍മാന്‍, ലാബ്രഡോര്‍ ഇനത്തില്‍പെട്ട നായകള്‍. പവലിയന്‍ സന്ദര്‍ശിക്കുന്ന വിഐപികള്‍ക്ക് സല്യൂട്ടടിക്കുന്ന ഇവരാണ്  കോഴിക്കോട് സിറ്റി ബോംബ് സ്‌ക്വാഡിന്റെ സ്റ്റാളില്‍ സന്ദര്‍ശകര്‍ക്ക് കൗതുകമാവുന്നത്. സ്വാതന്ത്ര്യ സമരകാലത്ത് ഉപയോഗിച്ച തോക്ക്, ഇന്ത്യന്‍ നിര്‍മിത എകെ 47,ബോംബുകള്‍ നിര്‍മാര്‍ജനം ചെയ്യാനായി സുരക്ഷിത സ്ഥലത്തേക്കു മാറ്റാന്‍ ഉപയോഗിക്കുന്ന ബോംബ് സപ്രഷന്‍ ബ്ലാങ്കറ്റ് ,ഇരുപതു കിലോയോളം ഭാരമുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ബീച്ചില്‍ സംഘടിപ്പിച്ച ഉത്പന്ന പ്രദര്‍ശന വിപണന മേളയില്‍ ഇവയൊക്കെ നേരില്‍ കണ്ടറിയാന്‍ അവസരമൊരുക്കിയിട്ടുണ്ട്.  
ബോംബുകളുടെ സാന്നിധ്യം പരിശോധിക്കാന്‍ ഉപയോഗിക്കുന്ന ഡീപ് സെര്‍ച്ച് മെറ്റല്‍ ഡിററക്ടര്‍, ഹാന്‍ഡ് ഹെല്‍ഡ് മെറ്റല്‍ ഡിറ്റക്ടര്‍, പ്രോഡര്‍, ഫയര്‍ പ്രൂഫ് ജാക്കററ്, എക്സ്പ്ലോസീവ് ഡിറ്റക്റ്റര്‍ എന്നിവയും പിസ്റ്റള്‍ ഗ്ലോക്ക്, പിസ്റ്റള്‍ ഓട്ടോ തുടങ്ങിയ വിവിധ ഇനം തോക്കുകളും പ്രദര്‍ശനത്തിനുണ്ട്. ഇന്ത്യ പ്രത്യേകമായി വികസിപ്പിച്ചെടുത്ത ഇന്ത്യന്‍ സ്മോള്‍ ആം സിസ്റ്റം(ഇന്‍സാസ്), ആറു ഷെല്ലുകള്‍ വരെ ഒരേ സമയം ഉപയോഗിക്കാവുന്ന മള്‍ട്ടി ഷെല്‍ ലോഞ്ചര്‍,1942 ല്‍ നിര്‍മിതമായ തോക്ക്, നാടന്‍ തോക്കുകള്‍ എന്നിവയും വിവിധ തരം തിരകളും ഷെല്ലുകളും സ്റ്റാളിന്റെ ആകര്‍ഷണമാണ്. പവലിയന്‍ സന്ദര്‍ശിക്കുന്നവര്‍ ഏറെ താല്‍പര്യത്തോടെ ഇവയുടെ പ്രവര്‍ത്തനരീതികള്‍ ചോദിച്ചു മനസ്സിലാക്കുന്നുണ്ടെന്ന് സ്റ്റാളിന്റെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

date