Skip to main content

കാണികള്‍ക്ക് വിരുന്നായി ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ  കുട്ടികളുടെ കലാപ്രകടനങ്ങള്‍

 

 'ന•കള്‍ക്ക് നിറം കെടുന്ന കാലമെന്നുണ്ണീ' എന്ന മുരുകന്‍ കാട്ടാക്കടയുടെ കവിത രാജീവ് ചൊല്ലിയപ്പോള്‍ കേട്ടിരുന്നവര്‍ മുഴുവന്‍ അതാസ്വദിച്ചത് കവിതാ പാരായണത്തിന്റെ സൗന്ദര്യം കൊണ്ട് മാത്രമായിരുന്നില്ല. കവിതയിലെ പല വരികളും ജീവിതത്തില്‍ നേരിട്ടറിഞ്ഞവരായിരുന്നു നാഗമ്പടം മൈതാനിയിലെ വേദിയില്‍  പരിപാടികള്‍ അവതരിപ്പിച്ച ഓരോ വിദ്യാര്‍ത്ഥിയും എന്നത് കൂടികൊണ്ടായിരുന്നു. ജീവിതത്തില്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട നിറങ്ങളോരോന്നും തിരികെ പിടിക്കാനിറങ്ങിയ കുട്ടികള്‍ കാണികളിലും സന്തോഷം നിറച്ചു. നാടോടി നൃത്തത്തില്‍ ചടുല ഭാവങ്ങള്‍ നിറച്ച് അനന്തകൃഷ്ണനും സദസ്സിനെ കൈയ്യിലെടുത്തു.   സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായാണ് നാഗമ്പടം മൈതാനത്ത് കോട്ടയം ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമിലെ പതിനാല് കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചത്.

 

സ്റ്റേറ്റ് ചില്‍ഡ്രന്‍സ് ഫെസ്റ്റില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയത് കോട്ടയം ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമായിരുന്നു.  മത്സരങ്ങളില്‍ സമ്മാനം ലഭിച്ച ഇനങ്ങളാണ്  നാഗമ്പടത്ത് അവതരിപ്പിച്ചത്.  തൃശ്ശൂര്‍ പൂരവും, കടലിരമ്പവും, പാമ്പാട്ടിയുടെ മകുടിയൂതലും, ട്രെയിന്‍ ക്രോസ് ചെയ്യുന്ന ശബ്ദങ്ങളുമൊക്കെയായി മിമിക്രി കലാകാരന്‍മാരും സദസ്സിനെ പിടിച്ചിരുത്തി.  ലളിതഗാനം, സംഘഗാനം, നാടന്‍പാട്ട്, മാപ്പിളപ്പാട്ട്,  സ്‌കിറ്റ്,  എന്നിവയും കുട്ടികള്‍ അവതരിപ്പിച്ചു

date