Skip to main content

ലിംഗനീതി അടിസ്ഥാനമാക്കി ഉയര്‍ന്ന് വരുന്ന ചോദ്യങ്ങള്‍ക്ക് സമൂഹം മറുപടി നല്‍കണം: ഡോ. പി. എസ് ശ്രീകല

ലിംഗനീതി അടിസ്ഥാനമാക്കി ഉയര്‍ന്ന് വരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ട ബാധ്യത സമൂഹത്തിനുണ്ടെന്ന് സാക്ഷരത മിഷന്‍ ഡയറക്ടര്‍ ഡോ. പി. എസ് ശ്രീകല. സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തിനോടനുബന്ധിച്ച്

സമകാലീന സ്ത്രീ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അവര്‍. സമകാലീന സ്ത്രീയുടെ അവകാശങ്ങളും സ്വാതന്ത്ര്യവും ചിന്താശേഷിയും അടിച്ചമര്‍ത്തുന്ന പ്രവണത ഇല്ലായ്മ ചെയ്യണം. ഭാരതത്തിലെ ഇതിഹാസങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന സ്ത്രീയുടെ സ്വതന്ത്ര ചിന്താഗതികള്‍ പൂര്‍ണ്ണമായും അവഗണിച്ചാണ് സ്ത്രീ വിരുദ്ധതയുടെ അവലംബങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത്.

പുരുഷന്റെ അഭാവത്തില്‍ സമകാലീന സ്ത്രീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് വിജയിപ്പിക്കാനാവില്ല. അറിവു നേടുക എന്നത് തന്നെയാണ് സ്വയം ശക്തി തിരിച്ചറിയാനുള്ള പ്രഥമ ഘടകമെന്ന് പ്രതികരണ ചര്‍ച്ചയില്‍ കേരള മഹിള സമഖ്യാ സൊസൈറ്റി അസോ. ഡയറക്ടര്‍ എല്‍. രമാദേവി പറഞ്ഞു. ഇന്നത്തെ സ്ത്രീകള്‍ സമയമില്ല എന്ന ഒറ്റവാക്കില്‍ പരന്ന വായനയില്‍ നിന്നും മനപ്പൂര്‍വ്വമായി തന്നെ അകന്നു നില്‍ക്കുകയാണ്. നൂറ്റാണ്ടുകള്‍ക്കു മുന്‍പേ സ്ത്രീ സ്വാതന്ത്ര്യം ഉദ്‌ഘോഷിക്കപ്പെട്ട ഇതിഹാസങ്ങള്‍ വായിക്കണം. അഞ്ചു ഭര്‍ത്താക്കന്‍മാരെ വരിച്ച ദ്രൗപതി എന്നതിലുപരി ചൂതാട്ട വേദിയില്‍ സ്ത്രീത്വം അപമാനിക്കപ്പെട്ടപ്പോള്‍ പുരുഷ മേല്‍ക്കോയ്മയ്‌ക്കെതിരെ ആചാരങ്ങള്‍ക്കെതിരെ വാക്കുകള്‍ കൊണ്ട് പോരാടിയ  ദ്രൗപതിയെക്കൂടി നമ്മള്‍ സ്ത്രീകള്‍ തിരിച്ചറിയണമെന്ന് ചര്‍ച്ച മോഡറേറ്റ് ചെയ്ത എഴുത്തുകാരി സോഫിയ ബി ജയിംസ് അഭിപ്രായപ്പെട്ടു.

ആരാധനാലയത്തില്‍ കയറാനുള്ള അവകാശത്തിനു വേണ്ടി പോരാടിയപ്പോള്‍, വേറെ എവിടൊക്കെ പോകാനുണ്ട്, ഇവിടെ മാത്രം എന്തിനു നിര്‍ബന്ധം പിടിക്കണം എന്നു ചരിത്രം ചോദിച്ച നിമിഷങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ആചാരങ്ങള്‍ ലംഘിക്കുന്നതിലൂടെ അടിമത്തത്തിന് അന്ത്യം കുറിക്കാനാവുമെന്ന് അടിവരയിട്ടു കൊണ്ടാണ് സെമിനാര്‍ അവസാനിപ്പിച്ചത്.

ജില്ലാ വനിത ശിശു വികസന ഓഫീസര്‍ പി.എന്‍ ശ്രീദേവി സ്വാഗതവും ഐസി ഡി എസ് സെല്‍ ജില്ലാതല പ്രോഗ്രാം ഓഫീസര്‍ കെ.വി ആശാ മോള്‍ നന്ദിയും പറഞ്ഞു.

date