Skip to main content
അഴീക്കോട് ഗവ.വൃദ്ധസദനം സെക്കന്റ് ഇന്നിംഗ്‌സ് ഹോം മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു.

ഇന്നത്തെ കേരളത്തെ നിർമ്മിച്ചവരെ ആദരിക്കേണ്ടത്  നമ്മുടെ ഉത്തരവാദിത്വം; മന്ത്രി ശൈലജ ടീച്ചർ 

 

അഴീക്കോടിൽ സെക്കന്റ് ഇന്നിംഗ്‌സ് ഹോം ഉദ്ഘാടനം ചെയ്തു

കേരളത്തെ പുരോഗമനപാതയിലെത്തിക്കുന്നതിന് വിവിധ മേഖലകളിൽ അധ്വാനിച്ച പ്രായംചെന്നവരെ ആദരിക്കേണ്ടത് സമൂഹത്തിന്റെയും സർക്കാറിന്റെയും ഉത്തരവാദിത്വമാണെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു. സാമൂഹ്യനീതി വകുപ്പിന് കീഴിൽ കണ്ണൂർ അഴീക്കോട് ചാലിൽ പ്രവർത്തിക്കുന്ന ഗവ.വൃദ്ധമന്ദിരത്തിൽ നിർമ്മിച്ച സെക്കന്റ് ഇന്നിംഗ്സ് ഹോം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.  

60 വയസുകഴിഞ്ഞവർ എങ്ങനെയാണ് കഴിയുന്നത് എന്നുള്ളത് പ്രധാന വിഷയമാണ്. ഏറ്റവും കൂടുതൽ പരിഗണന ലഭിക്കേണ്ട സമയത്ത് പലയിടങ്ങളിലും അത് ലഭിക്കുന്നില്ല. സ്‌നേഹത്തിൽ കുറവുണ്ടാകുന്നതും ജോലി തേടി പുറത്തുപോകുന്നവർക്ക് മാതാപിതാക്കളെ പരിചരിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകുന്നതുമാണ് ഇതിന് കാരണം. ഇവർക്ക് ബാക്കിയുള്ള കാലം അരോചകമായി ജീവിച്ചു തീർക്കേണ്ട അവസ്ഥയാണ്. അതിന് അനുവദിച്ചുകൂടാ. വളരുന്ന കേരളം വളർത്തിയവർക്ക് ആദരം എന്ന മുദ്രാവാക്യവുമായാണ് സാമൂഹ്യനീതി വകുപ്പ് മുന്നോട്ട് പോകുന്നത്. വീട് വിട്ട് വരുന്നവർക്ക് വീടിന്റെ അന്തരീക്ഷവും നല്ല സൗകര്യങ്ങളും ഒരുക്കണം. വീട് വിട്ടാൽ മറ്റൊരു വീട് എന്നുള്ളതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. പ്രായം ചെന്നവർക്ക് പണം നൽകി താമസിക്കാൻ സൗകര്യമൊരുക്കുന്ന പെയ്ഡ് ഹോം പദ്ധതി സർക്കാറിന്റെ ആലോചനയിലാണെന്നും മന്ത്രി പറഞ്ഞു. 

സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതി പ്രകാരം നവീകരണത്തിന് ശേഷം 16,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ മൂന്ന്  ഡോർമിറ്ററിയും 12 പ്രൈവറ്റ് മുറികളും താൽക്കാലിക താമസത്തിനായി രണ്ട് അതിഥി മുറികളും രണ്ട് രോഗി പരിചരണ മുറികളുമാണുള്ളത്. ഓരോ കിടക്കക്കും എമർജൻസി ബെല്ലും റീഡിംഗ് ലൈറ്റും ഒരുക്കിയിട്ടുണ്ട്. ഏകദേശം 80 ഓളം ആളുകളെ പാർപ്പിക്കുവാനുള്ള സൗകര്യം, ലൈബ്രറി ആന്റ് റീഡിംഗ് റൂം, യോഗ റൂം, സിനിമ ആന്റ് റിക്രിയേഷൻ ഹാൾ, ഫുഡ് കോർട്ട്, ഫിസിയോതെറാപ്പി റൂം, മെമ്മറി ക്ലിനിക്, ഫാർമസി, ലബോറട്ടറി സൗകര്യം, വിശാലമായ നടപ്പാത, കോൺഫറൻസ് ഹാൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവൻ പത്മനാഭൻ, ജില്ലാ പഞ്ചായത്ത് അംഗം കെ പി ജയബാലൻ, അഴീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി പ്രസന്ന, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ ജാഫർ മാലിക്, അസിസ്റ്റന്റ് കളക്ടർ അർജുൻ പാണ്ഡ്യൻ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. 

 

date