Skip to main content
     മാങ്ങാട്ടുപറമ്പ് ഐ ടി ഇന്‍കുബേഷന്‍ സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു.

മലബാറില്‍ ഐടി അധിഷ്ഠിത വ്യവസായങ്ങള്‍ വളരാനുള്ള സാഹചര്യമുണ്ടാകണം: മുഖ്യമന്ത്രി സ്റ്റാര്‍ട്ടപ്പ് മലബാര്‍ ഇന്‍ക്യുബേഷന്‍ സെന്റര്‍ നാടിന് സമര്‍പ്പിച്ചു

മലബാറിലും വിവര സാങ്കേതികവിദ്യ അധിഷ്ഠിതമായിട്ടുള്ള വ്യവസായങ്ങള്‍ക്ക് വളരാനുള്ള സാഹചര്യമുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെയും കേരള ക്ലെയ്സ് ആന്‍ഡ് സെറാമിക് പ്രൊഡക്ട്സ് ലിമിറ്റഡിന്റെയും നേതൃത്വത്തില്‍ മാങ്ങാട്ടുപറമ്പില്‍ ആരംഭിച്ച മലബാര്‍ ഇന്‍ക്യുബേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാവസായിക രംഗത്ത് വലിയ കുതിപ്പിനാണ് കേരളം ഒരുങ്ങുന്നത്. അതിന്റെ ഭാഗമായി സംസ്ഥാനത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റാനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. നേരത്തെ ഒരു നിക്ഷേപകന്‍  ഒരു യൂണിറ്റ് തുടങ്ങാനുള്ള അപേക്ഷ കൊടുത്താല്‍ അത് പാസാക്കിയെടുക്കാന്‍ പല വാതിലിലും മുട്ടേണ്ടുന്ന അവസ്ഥയായിരുന്നു. എന്നാല്‍ ഇന്ന് ഒരു യൂണിറ്റ് തുടങ്ങാനുള്ള അപേക്ഷ കൊടുത്താല്‍ 30 ദിവസത്തിനുള്ളില്‍ അതില്‍ തീരുമാനമെടുക്കണം. മറിച്ചാണെങ്കില്‍ ആ അപേക്ഷകന് അനുമതി ലഭിച്ചതായി കണക്കാക്കി നടപടികള്‍ തുടരാം. ഇത് ഉറപ്പാക്കാന്‍ ഏഴ് നിയമങ്ങളും പത്തിലധികം ചട്ടങ്ങളുമാണ് ഭേദഗതി ചെയ്തിരിക്കുന്നത്. ഇതിന്റെ മാറ്റങ്ങളും ഇപ്പോള്‍ ദൃശ്യമാണ്. നമ്മുടെ നാട്ടിലേക്ക് വലിയ കമ്പനികള്‍ വരുന്നു- മുഖ്യമന്ത്രി പറഞ്ഞു. 

ഐടി മേഖലയുടെ വികസനമാണ് ഏറ്റവും പ്രധാനം. ഐ ടി രംഗത്ത് നമ്മുടെ സംസ്ഥാനത്ത് ഒരു കോടി ചതുരശ്ര അടിയുടെ വിസ്തീര്‍ണം ഉണ്ടാക്കണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഇപ്പോള്‍ 45 ലക്ഷം ചതുരശ്ര അടിയായിക്കഴിഞ്ഞു. നല്ല പുരോഗതി ഐ ടി മേഖലയില്‍ ഉണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതില്‍  ഇന്ത്യയില്‍ ഏറ്റവും മുന്‍പന്തിയിലാണ് കേരളം.  വിവര സാങ്കേതിക വിദ്യയിലധിഷ്ഠിതമായ 1600 ലധികം സ്റ്റാര്‍ട്ടപ്പുകളും രണ്ട് ലക്ഷത്തിലധികം ഇന്‍ക്യുബേഷന്‍ സ്‌പേസുകളും ഇന്ന് നമ്മുടെ സംസ്ഥാനത്തുണ്ട്. 2018ല്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ സ്റ്റേറ്റ് സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ ടോപ് പെര്‍ഫോമറായി തെരഞ്ഞെടുത്തത് കേരളത്തെയാണ്. പുത്തന്‍ വളര്‍ച്ച എന്ന നിലയ്ക്ക് വിവര സാങ്കേതിക വിദ്യയ്ക്കുള്ള സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

പുതിയ തലമുറക്ക് അനുയോജ്യമായ വിധത്തില്‍ ഐടി രംഗത്തെ മാറ്റിയെടുക്കാനാണ് ഉദ്ദേശിക്കുന്നത്. പരമ്പരാഗത രംഗങ്ങളിലും ആധുനിക രംഗങ്ങളിലും ഒരുപോലെ കേന്ദ്രീകരിച്ച് സമതുല്യമായ വളര്‍ച്ച  കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. കെല്‍ട്രോണ്‍ പുതിയ ലാപ്‌ടോപ്പുകള്‍ ഇറക്കുന്ന സംരംഭത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. 

ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍  അധ്യക്ഷത വഹിച്ചു. കെ കെ രാഗേഷ് എംപി,  ടി വി രാജേഷ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി വി പ്രീത, കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ പി ഓമന, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍, കേരള സ്റ്റാര്‍ട്ടപ്പ്  മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ്, കെസിസിപിഎല്‍ ചെയര്‍മാന്‍ ടി കെ ഗോവിന്ദന്‍, മലബാര്‍ ഇനൊവേഷന്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് സോണ്‍ ചെയര്‍മാന്‍ ഷിലെന്‍ സുഗുണന്‍, എംഡി കെ സുഭാഷ് ബാബു, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറിലെ പരമ്പരാഗത വ്യവസായങ്ങളുടെ, ടെക്‌നോളജിയില്‍ അധിഷ്ഠിതമായ വളര്‍ച്ച ലക്ഷ്യമാക്കി, യുവസംരഭകരുടെ സ്റ്റാര്‍ട്ട് അപ്പ് ആശയങ്ങള്‍ക്ക് അവസരമൊരുക്കുകയും പരിചയ സമ്പന്നരുടെ സേവനം ലഭ്യമാക്കുകയുമാണ് സ്റ്റാര്‍ട്ട് അപ്പ് ഇന്‍ക്യൂബേഷന്‍ സെന്ററിലൂടെ ചെയ്യുന്നത്. മലബാര്‍ ഇനൊവേഷന്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് സോണിനാണ് (മൈ സോണ്‍) നടത്തിപ്പ് ചുമതല. നഷ്ടത്തിലായ ക്ലെയ്സ് ആന്റ് സെറാമിക്സ് വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായാണ് സ്റ്റാര്‍ട്ട് അപ്പ് ഇന്‍ക്യുബേഷന്‍ സെന്ററിന് തുടക്കം കുറിക്കുന്നത്. പ്രവര്‍ത്തനരഹിതമായി കിടക്കുന്ന ക്ലെയിസിന്റെ കെട്ടിടം ഇന്‍ക്യുബേഷന്‍ സെന്ററിന് വിട്ടുനല്‍കുകയായിരുന്നു. കെട്ടിടം നവീകരണത്തിനായി അഞ്ച് കോടി രൂപയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അനുവദിച്ചത്. 23000 ചതുരശ്ര അടിയിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.

 

date