Skip to main content
Tourism

ഈരാറ്റിൻപുറത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ വിപുലപ്പെടുത്തും : മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ഈരാറ്റിൻപുറം റോക് പാർക്കിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു

നെയ്യാറിന്റെ തീരമായ ഈരാറ്റിൻപുറത്തിന്റെ കൂടുതൽ വിനോദസഞ്ചാര സാധ്യതകൾ പരിശോധിക്കുകയും അതിന് ഉതകുന്ന തരത്തിലുള്ള ടൂറിസം വികസന പദ്ധതി നടപ്പാക്കുകയും ചെയ്യുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

ഈരാറ്റിൻപുറം റോക് പാർക്കിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

പരിസ്ഥിതി സൗഹൃദവും പ്രകൃതിക്കു കോട്ടംതട്ടാതെയുമാകും ഈരാറ്റിൻപുറത്ത് ടൂറിസം വികസന പദ്ധതി നടപ്പാക്കുക. തീരത്തിന്റെ സൗന്ദര്യം അതേപടി നിലനിർത്തുന്നതിനൊപ്പം സഞ്ചാരികൾക്കുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ സജ്ജമാക്കും. റോക് പാർക്ക് പദ്ധതിയെ സഞ്ചാരികൾ എങ്ങനെ സ്വീകരിക്കുന്നുവെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് ഭാവി വികസന പദ്ധതികൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

ഈരാറ്റിൻപുറത്തെ നദിയിൽ രൂപപ്പെട്ട ചെറു ദ്വീപിലും തീരത്തുമായി മൂന്നര ഏക്കർ പ്രദേശത്ത് 2.66 കോടി രൂപ ചെലവിലാണ് റോക് പാർക്ക് പദ്ധതി നടപ്പാക്കുന്നത്. കല്ലിൽ കൊത്തിയെടുത്ത ശിൽപ്പങ്ങൾ, കുട്ടികൾക്കായുള്ള പാർക്ക്, ട്രീ ഹൗസ്, നടപ്പാലം, പാർക്കങ് യാർഡ് തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. 

 

ഈരാറ്റിൻപുറത്തു നടന്ന ചടങ്ങിൽ കെ. ആൻസലൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർപേഴ്‌സൺ ഡബ്ല്യു.ആർ. ഹീബ, വൈസ് ചെയർമാൻ കെ.കെ. ഷിബു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എൻ.കെ. അനിതകുമാരി, ടി.എസ്. സുനിൽ കുമാർ, കെ.പി. ശ്രീകണ്ഠൻ നായർ, അലിഫാത്തിമ, കൗൺസിലർ എസ്. സതികുമാർ, രാഷ്ട്രീയ കക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date