Skip to main content
കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയിലുൾപ്പെടുത്തി ലഭിച്ച പുതിയ വീടിനു മുന്നിൽ മണക്കാട്ട് സെബാസ്റ്റ്യൻ

വീടെന്ന സ്വപ്നം സാക്ഷാത്കരിച്ച് സെബാസ്റ്റ്യൻ

 

 

70 പിന്നിട്ട ഭിന്നശേഷിക്കാരനായ മണക്കാട് സെബാസ്റ്റ്യൻ ജോസഫ് സ്വപ്ന ഭവനം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ്. കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൽ  ലൈഫ് ഭവന പദ്ധതിയിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാന ചടങ്ങിൽ മന്ത്രി എം.എം.മണിയിൽ നിന്നും ആദ്യ താക്കോൽ ഏറ്റുവാങ്ങിയ സെബാസ്റ്റ്യന് ആഗ്രഹ പൂർത്തീകരണത്തിന്റെ നിമിഷമായിരുന്നു അത്. തടിപ്പണിക്കാരനായിരുന്ന സെബാസ്റ്റ്യന് 30 വർഷം മുൻപ് ജോലിക്കിടെ തടി വീണതിനെ തുടർന്നാണ് ഇരുകാലുകൾക്കും പരിക്ക് പറ്റിയത്. വലത്തേകാൽ പൂർണ്ണമായും നഷ്ടപ്പെട്ട ഇദ്ദേഹം ഊന്നുവടിയുടെ സഹായത്താലാണ് ഇപ്പോൾ നടക്കുന്നത്. നാലു പെൺമക്കളിൽ മൂന്നു പേർ വിവാഹിതരും ഒരാൾ കന്യാസ്ത്രീയുമാണ്.കാഞ്ചിയാറിൽ പെട്ടിക്കട നടത്തുന്ന സെബാസ്റ്റ്യനും  ഭാര്യ മേരിയും മാത്രമാണ് വീട്ടിലുള്ളത്. രണ്ട് ബെഡ് റൂം, ഹാൾ, അടുക്കള, ബാത്ത് റൂം, സിറ്റൗട്ട് ഉൾപ്പെടുന്ന അടച്ചുറപ്പുള്ള പുതിയ വീട് ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഈ കുടുംബം.

date