Skip to main content
ശാന്തന്‍പാറ ഗ്രാമപഞ്ചായത്തില്‍ നടന്ന ശുചീകരണത്തിനായി എത്തിയവര്‍

ജില്ലയില്‍ ശുചീകരണ യജ്ഞം പൂര്‍ത്തിയായി

 

 

 

 രണ്ടുദിവസങ്ങളിലായി നടന്നു വന്ന മഴക്കാലപൂര്‍വ്വ ശുചീകരണയജ്ഞം ജില്ലയില്‍ മികച്ചരീതിയില്‍ പൂര്‍ത്തിയായി. രണ്ടാംദിനത്തില്‍ റോഡുകള്‍, ജലസ്രോതസ്സുകള്‍,പ്രധാന ടൗണുകള്‍,വിനോദസഞ്ചാരയിടങ്ങള്‍,സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്‌കൂള്‍ പരിസരം,ആദിവാസികുടികള്‍,തോട്ടം മേഖല എന്നിവിടങ്ങളിലെല്ലാം സജീവമായി ശുചീകരണം നടന്നു. വാര്‍ഡുതലത്തില്‍ നടന്ന ശുചീകരണ യജ്ഞത്തില്‍ നിരവധി പേര്‍ പങ്കുചേര്‍ന്നു. ആദ്യദിനത്തില്‍ ശേഖരിച്ച മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനാണ് രണ്ടാംദിനത്തില്‍ പ്രഥമ പരിഗണന നല്‍കിയത്. വിവിധ ഇടങ്ങളില്‍ നിന്ന് ശേഖരിച്ച ജൈവ അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് അതത് പഞ്ചായത്തുകളില്‍ മാലിന്യ സംസ്‌കരണത്തിനായി എത്തിച്ചു.  ഗ്രാമീണ റോഡുകളുടെ ഇരുവശങ്ങളിലെയും കാടുകള്‍ നീക്കം ചെയ്തു. 
 ദേവികുളം അടിമാലി ബ്ലോക്കുകളില്‍ രണ്ടുദിനങ്ങളിലായി മികച്ചരീതിയിലുള്ള ശുചീകരണമാണ് പൂര്‍ത്തിയായത്. മൂന്നാര്‍,മറയൂര്‍,കാന്തല്ലൂര്‍,ബൈസണ്‍വാലി,ശാന്തന്‍പാറ പഞ്ചായത്തുകളില്‍ റോഡരികുകളിലെയും ചെറുടൗണുകള്‍ കേന്ദ്രീകരിച്ചും മാലിന്യങ്ങള്‍ നീക്കം ചെയ്തു. ചിന്നക്കനാലില്‍ ചെറിയ കൈത്തോടുകളും ഓടകളും വൃത്തിയാക്കി. അംഗന്‍വാടികള്‍, പിഎച്ച്സി കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകളുടെ പരിസരം എന്നിവടങ്ങളിലും ശുചീകരണം നടത്തി. വട്ടവടയില്‍ ഓടകളും വീടുകളുടെ പരിസര പ്രദേശങ്ങളും കൃഷിയിടങ്ങളിലേക്കുള്ള ജലസ്രോത്രസുകളും വൃത്തിയാക്കി.ദേവികുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിനോദസഞ്ചാര കേന്ദ്രമായ ഇക്കോപോയിന്‍്റ്, മാട്ടുപ്പെട്ടി എന്നിവടങ്ങളിലെ മാലിന്യങ്ങള്‍   നീക്കം ചെയ്തു.
 അടിമാലി ബ്ലോക്കിനു കീഴിലെ മാങ്കുളം പഞ്ചായത്തില്‍ ചെറുകിട കച്ചവടസ്ഥാപനങ്ങള്‍, പൊതുവിടങ്ങള്‍, ഗ്രാമീണ വഴിയോരങ്ങള്‍ എന്നിവിടങ്ങളിലും ശുചീകരണം നടത്തി. വെള്ളത്തൂവല്‍,കൊന്നത്തടി പഞ്ചായത്തുകളില്‍ പ്രധാന ഗ്രാമീണ റോഡുകള്‍ന്‍ സ്‌കൂളുകളുടെ പരിസരങ്ങള്‍ എന്നിവ ശുചീകരിച്ചു. പള്ളിവാസലില്‍ വിനോദസഞ്ചാരികളെത്തുന്ന വിശ്രമകേന്ദ്രങ്ങള്‍ വഴിയോരങ്ങള്‍ ചെറുകൈത്തോടുകള്‍ എന്നിവിടങ്ങളിലും ശുചീകരണം നടന്നു. വിവിധയിടങ്ങളില്‍ മാലിന്യ നിക്ഷേപം നടത്തെരുതെന്ന സൂചന ബോര്‍ഡുകളും ആരോഗ്യ ജാഗ്രത പരസ്യ ബോര്‍ഡുകളും പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ സ്ഥാപിച്ചു. ജനപ്രതിനിധികള്‍, ഹരിതകര്‍മ്മ സേന ആരോഗ്യ പ്രവര്‍ത്തകര്‍, അംഗന്‍വാടി - ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, വ്യാപാരികള്‍, എന്‍ സി സി, എന്‍ എസ് എസ് , റെഡ് ക്രോസ് , സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ രണ്ടുദിവസങ്ങളിലായി നടന്ന ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി.

date