Skip to main content

ചെറുവായ്പകള്‍ ലഭ്യമാക്കി ബ്ലേഡ് മാഫിയയെ തടയുക സഹകരണപ്രസ്ഥാനത്തിന്റെ ലക്ഷ്യം: മന്ത്രി കടകംപള്ളി

 

കാക്കനാട്: സഹകരണ സംഘങ്ങള്‍ മുഖേന പൊതുജനങ്ങള്‍ക്ക് ചെറുവായ്പകള്‍ ലഭ്യമാക്കുകവഴി ബ്ലേഡ് മാഫിയകളുടെ പ്രവര്‍ത്തനം തടയാന്‍ ലക്ഷ്യമിടുന്നതായി സഹകരണ വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.  എറണാകുളം ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ എറണാകുളം, ആലപ്പുഴ ജില്ലകളിലെ സഹകരണ നിക്ഷേപ ഗ്യാരന്റി പത്രങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  പൊതുജനങ്ങള്‍ ചെറുവായ്പകള്‍ക്ക് ബാങ്കുകളെ ആശ്രയിക്കുന്നില്ല.  പകരം ബ്ലേഡ് മാഫിയകളെ ആശ്രയിക്കുകയും ഉയര്‍ന്ന പലിശ നല്‍കി ചൂഷണത്തിനിരയാവുകയും ചെയ്യുന്നു.  ആയിരമോ അയ്യായിരമോ അതിനു മുകളിലേക്കോ ഉള്ള വായ്പകള്‍ പൊതുജനങ്ങള്‍ക്ക് ബാങ്കുകള്‍ വഴി ലഭ്യമാക്കണം.  പാലക്കാട് ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ 'മുറ്റത്തെ മുല്ല' പദ്ധതി പ്രതീക്ഷ നല്‍കുന്നു.  കുടുംബശ്രീ മുഖേന ആവശ്യക്കാരിലേക്ക് ചെറുവായ്പകളെത്തിക്കുന്ന  പദ്ധതി സംസ്ഥാനവ്യാപകമാക്കുന്ന കാര്യം ആലോചിക്കുന്നതായി അദ്ദേഹം അറിയിച്ചു.  കൊള്ളപ്പലിശക്കാരെ ഗ്രാമീണമേഖലയില്‍നിന്നും  ഒഴിവാക്കാനുള്ള ഫലപ്രദമായ മാര്‍ഗ്ഗമാണിത്.  

പ്രാഥമിക കാര്‍ഷിക വായ്പാത്തോത് ഉയര്‍ത്തുന്ന കാര്യം പരിഗണനയിലാണ്.  ചെറുകിടകര്‍ഷകര്‍ വായ്പകള്‍ക്ക് പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെയാണ് ആശ്രയിക്കുന്നത്.  എന്നാല്‍ പല സംഘങ്ങള്‍ക്കും കര്‍ഷകരുടെ ആവശ്യത്തിനൊത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല.  പാലക്കാട്, ഇടുക്കി ജില്ലകള്‍ക്ക് പ്രാധാന്യം നല്‍കി നെല്‍കൃഷി, ജൈവകൃഷി രംഗം വിപുലമാക്കും.  

കേരളത്തില്‍ സഹകരണ പ്രസ്ഥാനം നേരിട്ടുവന്ന പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ നിക്ഷേപകരുടെ വിശ്വാസം സഹായകമായതായും അദ്ദേഹം പറഞ്ഞു.  കേരള ബാങ്ക് രൂപീകരണമെന്ന ആശയം അന്തിമഘട്ടത്തിലാണ്.  ബാങ്കിങ് മേഖല നേരിടുന്ന വെല്ലുവിളികള്‍ അതിജീവിക്കാന്‍ സഹകരണ ബാങ്കുകളെ പ്രാപ്തമാക്കുകയെന്നത് സര്‍ക്കാരിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.  

പ്രളയ പുനരധിവാസ- പുനഃനിര്‍മാണപ്രവപര്‍ത്തനങ്ങളില്‍ സഹകരണ മേഖലയ്ക്ക് ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്.  പ്രളയപുനരധിവാസത്തിന്റെ ഭാഗമായി ജൂണ്‍ രണ്ടാം വാരത്തോടെ 2000 വീടുകളുടെ  താക്കോല്‍ദാനം നിര്‍വ്വഹിക്കാനാകുമെന്നും അദ്ദേഹം അറിയിച്ചു.  

സഹകരണ സ്ഥാപനങ്ങളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നടപ്പിലാക്കുന്നതിനാണ്  നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡ് രൂപീകരിച്ചിട്ടുള്ളത്.  ബോര്‍ഡില്‍ അംഗത്വമെടുത്ത് കൃത്യമായി പുതുക്കിവരുന്ന സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ക്കാണ് ഗ്യാരന്റി ഉറപ്പാക്കിയിട്ടുള്ളത്.  ഇത്തരം സഹകരണസ്ഥാപനങ്ങളെ തിരിച്ചറിയുന്നതിന് ഇടപാടുകാര്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കാനാണ് സഹകരണ നിക്ഷേപ ഗ്യാരന്റി പത്രങ്ങള്‍ വിതരണം ചെയ്തത്.  സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.  സഹകരണ വകുപ്പു സെക്രട്ടറി മിനി ആന്റണി വിശിഷ്ടാതിഥിയായിരുന്നു.  സഹകരണസംഘം രജിസ്ട്രാര്‍ എസ്.ഷാനവാസ് നിക്ഷേപഗ്യാരന്റി പത്രങ്ങള്‍ വിതരണം ചെയ്തു.  പിഎസിഎസ് അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ റ്റി.കെ.വത്സന്‍, ആലപ്പുഴ ജില്ലാ പ്രസിഡന്റ് അഡ്വ.വി.രാജശേഖരന്‍, സഹകരണസംഘം എറണാകുളം ജില്ലാ ജോയന്റ് രജിസ്ട്രാര്‍ പി.ജെ.അബ്ദുള്‍ ഗഫാര്‍, ആലപ്പുഴ ജില്ലാ രജിസ്ട്രാര്‍ സുരേഷ് മാധവന്‍, ഓഡിറ്റ് ജോയന്റ് ഡയറക്ടര്‍മാരായ  ജെ.വിജയകുമാര്‍, പി.എന്‍.ജയലക്ഷ്മി അമ്മ, ബോര്‍ഡ് മെമ്പര്‍മാരായ പി.ഉണ്ണികൃഷ്ണപിള്ള, എം.എസ്.ശ്രീവത്സന്‍, കെ.മധുസൂദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date