Skip to main content

പ്രത്യുത്ഥാനം പദ്ധതി; ജൂലൈ 31 വരെ അപേക്ഷിക്കാം

2018 ജൂലൈ, ആഗസ്റ്റ് മാസങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിലോ ഉരുൾപൊട്ടലിലോ വീടിന് പൂർണ്ണമായോ ഭാഗികമായോ (15 ശതമാനം മുതൽ 100 ശതമാനം വരെ) നാശനഷ്ടം സംഭവിച്ചവർക്ക് പ്രത്യുത്ഥാനം പദ്ധതി പ്രകാരം 25000 രൂപ അധികസഹായത്തിന് അപേക്ഷ ക്ഷണിച്ചു.
സംസ്ഥാന സർക്കാർ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, യു.എൻ.ഡി.പി എന്നിവയുടെ സഹകരണത്തോടെയാണ് സഹായം നൽകുന്നത്.  പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലക്കാർക്ക് അപേക്ഷിക്കാം.  കാൻസർ രോഗികൾ, ഡയാലിസിസ് രോഗികൾ/ മാനസിക പരമിതരും കിടപ്പുരോഗികളുമായ ഭിന്നശേഷിക്കാർ, വിധവകൾ, കുടുംബനാഥകൾ ആയിട്ടുള്ളതും കുട്ടികൾ എല്ലാവരും 2018 ആഗസ്റ്റ് 31ന് 18 വയസ്സിന് താഴെയുള്ളതുമായ 7300 കുടുംബങ്ങൾക്ക് മുൻഗണനാ ക്രമത്തിൽ സഹായം ലഭിക്കും.
അപേക്ഷാഫോം തദ്ദേശ സ്ഥാപനങ്ങളിൽ നേരിട്ട് ലഭിക്കും.  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടേയോ അതത് ജില്ലാ ഭരണകൂടത്തിന്റേയോ  (www.sdma.kerala.gov.in) തദ്ദേശസ്വയംഭരണ വകുപ്പിന്റേയോ സാമൂഹ്യനീതി വകുപ്പിന്റേയോ വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും.  പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം അടുത്തുള്ള അംഗൻവാടികളിൽ ജൂലൈ 31ന് മുമ്പ് സമർപ്പിക്കണം.
പി.എൻ.എക്സ്.2249/19

date