Skip to main content

വരള്‍ച്ചാ പ്രതിരോധം: ജില്ലാതലത്തില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും

 

മഴവെള്ളം പരമാവധി സംഭരിച്ചും ജലസ്രോതസ്സുകള്‍ സംരക്ഷിച്ചും വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജ്ജിതമാക്കുന്നതിന് ജില്ലാതലത്തില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. വിവിധ മിഷനുകളുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനം. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ കെട്ടിട നമ്പര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം കുറയ്ക്കല്‍, മാലിന്യ സംസ്‌കരണം, ലൈഫ് മിഷന്റെ പ്രവര്‍ത്തനം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായാണ് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്.  

ഹരിത കേരള മിഷന്‍, ലൈഫ്, ആര്‍ദ്രം, ശുചിത്വ മിഷന്‍ എന്നിവയുമായി ബന്ധപ്പെട്ട യോഗം ഓരോ മാസവും വകുപ്പ് തലത്തിലും. രണ്ട് മാസത്തില്‍ ഒരിക്കല്‍ കലക്ടറുടെ അധ്യക്ഷതയിലും വിളിച്ചുചേര്‍ക്കും. മാലിന്യ നിര്‍മാര്‍ജ്ജ പ്രവര്‍ത്തനങ്ങള്‍, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും. ഇതിനായി തദ്ദേശ സ്ഥാപനങ്ങള്‍ അവരുടെ പരിധിയില്‍ വരുന്ന ജലസ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അനിയന്ത്രിത കുഴല്‍ക്കിണര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുയരുന്ന പരാതികള്‍ പരിശോധിക്കും. പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനും ഗുണമേന്മയുള്ള ബദല്‍ സംവിധാനങ്ങള്‍ കൊണ്ടുവരാനും നടപടി സ്വീകരിക്കും. ഇതിന് കുടുംബശ്രീയുടെ പങ്കാളിത്തം ഉറപ്പുവരുത്തും. 

ലൈഫ് ഭവന പദ്ധതിയില്‍ പരമാവധി ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭ്യമാക്കണമെന്നും സാങ്കേതിക കാരണം പറഞ്ഞ് അര്‍ഹരായവര്‍ക്ക് അത് നിഷേധിക്കരുതെന്നും കലക്ടര്‍ പറഞ്ഞു. സമയബന്ധിതമായി മിഷന്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കണമെന്ന് കലക്ടര്‍ നിര്‍ദേശം നല്‍കി. കെട്ടിട നിര്‍മ്മാണാനുമതിയുമായി ബന്ധപ്പെട്ട് അഞ്ചിടത്ത് അദാലത്തുകള്‍ സംഘടിപ്പിക്കും. പ്രസ്തുത അദാലത്തില്‍ അനുമതി സംബന്ധിച്ച തീരുമാനം അറിയിക്കുമെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജയ്‌സണ്‍ മാത്യു പറഞ്ഞു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍, ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി എം അഭിജിത്ത്, കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം സുര്‍ജിത്ത്, മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.    

date