Skip to main content

ജനകീയം ഈ അതിജീവനം' പുഴയോര ഭിത്തി നിര്‍മ്മാണത്തിനായി 836 ലക്ഷം വകയിരുത്തി ഇറിഗേഷന്‍ വകുപ്പ്

 

ജില്ലയില്‍ പ്രളയത്തില്‍ ഉണ്ടായ പുഴയോര ഭിത്തി നാശനഷ്ടത്തില്‍ പുനര്‍ നിര്‍മ്മാണത്തിനും സംരക്ഷണത്തിനുമായി ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇറിഗേഷന്‍ വകുപ്പ് 836 ലക്ഷം രൂപ വകയിരുത്തി. പുഴയോര ഭിത്തി സംരക്ഷണത്തിന് അടിയന്തിരമായി ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് 200 ലക്ഷവും വകയിരുത്തിയിട്ടുണ്ട്. ഇതിനോടകം പുഴക്കാട്ടിരി പഞ്ചായത്തില്‍ വെളിയംപുറത്ത് ചെക്ക് ഡാമിനടുത്ത് ചെറുപുഴ നദിയുടെ ഇടതു വശ തീരസംരക്ഷണത്തിനായി 19 ലക്ഷവും പുഴക്കാട്ടിരി പഞ്ചായത്തില്‍ കടുങ്ങല്‍ക്കുണ്ട് നടപ്പാലത്തിന് സമീപം ചെറുപുഴ നദിയുടെ തീരസംരക്ഷണത്തിനായി 25 ലക്ഷവും ചെലവഴിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. കുറ്റിപ്പുറം പഞ്ചായത്തില്‍ മല്ലൂര്‍ക്കടവില്‍ ഭാരതപ്പുഴയുടെ തീര സംരക്ഷണത്തിനായി 32 ലക്ഷവും അരീക്കോട് പഞ്ചായത്തില്‍ ചാലിയാര്‍ പുഴയുടെ ഇടതുവശ തീരസംരക്ഷണത്തിനായി 25 ലക്ഷവും ചെലവഴിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഇറിഗേഷന്‍ വകുപ്പ് നടപ്പാക്കിയിട്ടുണ്ട്. പുഴയോര സംരക്ഷണത്തിനായുള്ള മറ്റ് അഞ്ച് പദ്ധതികളുടെ പ്രവൃത്തിയിപ്പോള്‍ അവസാന ഘട്ടത്തിലാണ്. രണ്ട് പ്രവൃത്തികള്‍ എഗ്രിമെന്റ് സ്റ്റേജിലും ഒന്ന് ടെണ്ടര്‍ നടപടികളിലുമാണുള്ളത്. ചാലിയാര്‍ , ഭാരതപ്പുഴ, തിരൂര്‍ പൊന്നാനി പുഴ, കടലുണ്ടി പുഴ തുടങ്ങിയ ജില്ലകളിലെ നദികളുടെ തീരസംരക്ഷണത്തിനും സംരക്ഷണഭിത്തി നിര്‍മ്മാണത്തിനുമായി അംഗീകാരം ലഭിച്ച 20 പ്രവൃത്തികളുടെ ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ബിയ്യം റെഗുലേറ്ററിന്റെയും ന്യൂകട്ട് റെഗുലേറ്ററിന്റെയും തൂണുകള്‍ക്കിടയില്‍ ഒഴുകി വന്ന് തടസ്സപ്പെട്ട മരങ്ങളും അടിഞ്ഞുകൂടിയ മണ്ണും  ചെളിയും നീക്കം ചെയ്ത് സ്വാഭാവിക ഒഴുക്കും പുനസ്ഥാപിച്ചിട്ടുണ്ട്.

നിരന്തരം കടലാക്രമണ ഭീഷണി നേരിടുന്ന ജില്ലയിലെ തീരപ്രദേശങ്ങള്‍ക്ക് ശാശ്വത പരിഹാരമായി ജിയോ ട്യൂബ് പദ്ധതിയും ഇറിഗേഷന്‍ വകുപ്പ് നടപ്പാക്കുന്നുണ്ട്. പൊന്നാനി നഗരസഭ, താനൂര്‍ നഗരസഭ, മംഗലം ഗ്രാമ പഞ്ചായത്ത്, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ ശക്തമായ കടലാക്രമണ ഭീഷണി നേരിടുന്നയിടങ്ങളിലാണ് ജിയോ ട്യൂബ് സ്ഥാപിക്കുന്നത്. കടലാക്രമണത്തെ പ്രതിരോധിച്ച് തീരത്തെ മണ്ണൊലിപ്പ് തടയുന്ന എന്ന ലക്ഷ്യത്തോടെ കടല്‍ഭിത്തിക്ക് ബദലായാണ് പദ്ധതി. ആലപ്പുഴയിലെ നീര്‍ക്കുന്നം തീരദേശ മേഖലയില്‍ പരീക്ഷിച്ചു വിജയിച്ച പദ്ധതിയാണിത്. 20 മീറ്റര്‍ നീളവും മൂന്നു മീറ്റര്‍ വിസ്തീര്‍ണ്ണമുമുള്ള വൃത്താകൃതിയിലുള്ള ട്യൂബുകളാണ് പദ്ധതിയുടെ ജാഗമായി സ്ഥാപിക്കുക. ഒരു ട്യൂബിന് മുകളില്‍ ഒരു ട്യൂബ് എന്ന നിലയിലായിരിക്കും ക്രമീകരിക്കുക. ട്യൂബുകള്‍ക്കകത്ത് മണല്‍ നിറക്കും. 4.4 മീറ്റര്‍ ഉയരത്തിലായിരിക്കും സ്ഥാപിക്കുക. തിരമാലകള്‍ ട്യൂബില്‍ അടിക്കുമ്പോള്‍ ശക്തി കുറയുകയും തിരമാലകള്‍ക്കൊപ്പമുള്ള മണല്‍ തീരത്തേക്ക് കയറാതെ ട്യൂബ് തടഞ്ഞു നിര്‍ത്തുകയും ചെയ്യും. തിരമാലകളുടെ ശക്തി കുറക്കുന്നതിനാല്‍ തീരത്തു നിന്ന് മണല്‍ ഒലിച്ചുപോകുന്നത് ഇല്ലാതാക്കാനും കഴിയും.
അടിയന്തിരമായി ചെയ്യേണ്ട കടല്‍ഭിത്തി സംരക്ഷണ പ്രവൃത്തികളില്‍ എട്ടു പ്രവൃത്തികള്‍ക്ക് സാമ്പത്തികാനുമതി ലഭിക്കുകയും ഇതില്‍ ഏഴ് പ്രവൃത്തികള്‍ ടെണ്ടര്‍ നടപടികളിലും ഒരു പ്രവൃത്തി എസ്റ്റിമേറ്റ് ഭരണാനുമതിയ്ക്കായി സമര്‍പ്പിക്കുകയും ചെയ്തിതിട്ടുണ്ട്.

 

date