Skip to main content

ജനകീയം ഈ അതിജീവനം: ജില്ലാതല പൊതുജനസംഗമം  ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും

    പ്രളയാനന്തര ദുരിതാശ്വാസ, പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി ജൂലൈ 20ന് നടക്കുന്ന ജനകീയം ഈ അതിജീവനം - ജില്ലാതല പൊതുജനസംഗമം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തിലാണ് പരിപാടി. ചടങ്ങില്‍ മേയര്‍ ഇ പി ലത അധ്യക്ഷത വഹിക്കും. കെ സുധാകരന്‍ എംപി മുഖ്യാതിഥിയാവും. ജില്ലയില്‍ നടന്ന പ്രളയ ദുരിതാശ്വാസ-പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് ഡെപ്യൂട്ടി കലക്ടര്‍ (ദുരന്ത നിവാരണം)  എന്‍ കെ അബ്രഹാം അവതരിപ്പിക്കും. ജില്ലയിലെ എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 
    ജില്ലയിലെ പ്രളയ - ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനവും സംഗമത്തില്‍ ഒരുക്കും. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കിളിയന്തറ പുഴപുറമ്പോക്കില്‍ താമസിച്ചിരുന്ന 15 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചുനല്‍കുന്നതിനായി 35 ലക്ഷം രൂപ ചെലവില്‍ വിളമനയില്‍ സര്‍ക്കാര്‍ വാങ്ങിയ ഒരേക്കര്‍ ഭൂമിയുടെ താല്‍ക്കാലിക രേഖ ചടങ്ങില്‍ വിതരണം ചെയ്യും. വിവിധ ധനസഹായ വിതരണവും ചടങ്ങില്‍ വച്ച് നടക്കും.  സംഗമത്തിന്റെ വിജയത്തിനായി ജില്ലയിലെ മന്ത്രിമാര്‍ മുഖ്യരക്ഷാധികാരികളും കോര്‍പറേഷന്‍ മേയര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ രക്ഷാധികാരികളും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍മാനും ജില്ലാ കലക്ടര്‍ ജനറല്‍ കണ്‍വീനറുമായി സ്വാഗത സംഘത്തിന് നേരത്തേ രൂപം നല്‍കിയിരുന്നു.
പി എന്‍ സി/2449/2019

date