Skip to main content

ദുരന്തത്തിൽ നിന്നുളള അതിജീവനത്തിന് സർക്കാർ കൂടെയുണ്ടാകും: മുഖ്യമന്ത്രി

സംസ്ഥാനം നേരിട്ട ദുരന്തത്തിൽ നിന്നുള്ള അതിജീവനത്തിനായി ഒന്നിച്ച് നിൽക്കാമെന്നും സർക്കാർ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.   പുത്തുമലയിലുണ്ടായ പ്രകൃതിക്ഷോഭത്തിൽ നിന്നും ജീവൻ രക്ഷിച്ച് മേപ്പാടി ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ ക്യാമ്പിൽ എത്തിച്ച  ദുരിതബാധിതരെ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  പ്രകൃതി ദുരന്തത്തിന്റെ കടുത്ത വേദന കടിച്ചമർത്തി കഴിയുകയാണ് ക്യാമ്പിലുള്ളവർ.  വിവിധ തരത്തിലുള്ള പ്രയാസങ്ങൾ നേരിട്ടവരാണവർ.  വീടും സ്വത്തും നഷ്ടപ്പെട്ടവരും ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരും ക്യാമ്പുകളിലുണ്ട്. കഴിഞ്ഞ വർഷവും ഇതേ രീതിയിലുള്ള ദുരന്തമാണ് നമുക്ക് നേരിടേണ്ടി വന്നത്.  
ദുരന്തത്തിൽ നിന്നുള്ള അതിജീവനത്തിനായി സർക്കാരിന് വിവിധ കാര്യങ്ങൾ ചെയ്യാനുണ്ട്.  രക്ഷാപ്രവർത്തനങ്ങൾക്കാണ് ഇതിൽ മുൻഗണന നൽകുന്നത്. ഒട്ടേറെപേരെ ദുരന്തമുഖത്തു നിന്ന് രക്ഷിച്ചെടുക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്.  ഇനിയും കുറച്ചു പേരെ കണ്ടെത്താനുണ്ട്.  അതിനുള്ള തുടർ പ്രവർത്തനമുണ്ടാകും.  പുനരധിവാസവും വീട്, സ്ഥലം, കൃഷി എന്നിങ്ങനെയുള്ള നഷ്ടങ്ങൾക്കും സർക്കാർ പരിഹാരം കാണും.  മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, എ.കെ.ശശീന്ദ്രൻ, ടി.പി.രാമകൃഷ്ണൻ തുടങ്ങിയവരുടെ മേൽനോട്ടത്തിൽ രക്ഷാപ്രവർത്തനങ്ങളിലും പുനരധിവാസ പ്രവർത്തനങ്ങളിലും സർക്കാർ സംവിധാനം നടപടികൾ തുടർന്ന് വരികയാണ്.  
പുത്തുമല ദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളെ അദ്ദേഹം ആശ്വസിപ്പിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് മേപ്പാടി സ്വദേശി വി.പി.ശങ്കരൻ നമ്പ്യാർ സംഭാവന ചെയ്ത  അമ്പതിനായിരം രൂപയുടെ ചെക്ക് മുഖ്യമന്ത്രി സ്വീകരിച്ചു.  റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ, ജില്ലയുടെ ചുമതല വഹിക്കുന്ന തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ, എം.എൽ.എ.മാരായ സി.കെ.ശശീന്ദ്രൻ, ഒ.ആർ.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ചീഫ് സെക്രട്ടറി ടോം ജോസ്, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വാസ്മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.വി.വേണു, സ്പെഷ്യൽ ഓഫീസർ യു.വി.ജോസ്, ജില്ലാ കളക്ടർ എ.ആർ.അജയകുമാർ, സർവെ ഡയറക്ടർ വി.ആർ.പ്രേംകുമാർ, സബ് കളക്ടർ എൻ.എസ്.കെ.ഉമേഷ്, തലശ്ശേരി സബ്കളക്ടർ ആസിഫ്.കെ.യൂസഫ് തുടങ്ങിയവർ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.
പി.എൻ.എക്സ്.2876/19

 

date