Skip to main content

കുട്ടികൾക്കുള്ള ദേശീയ, സംസ്ഥാന ധീരതാ അവാർഡിന് അപേക്ഷ ക്ഷണിച്ചു

കുട്ടികൾക്കുള്ള ധീരതാ പ്രവർത്തനത്തിന് 2019ലെ ഇൻഡ്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ നൽകുന്ന ദേശീയ-ധീരത അവാർഡിനും, സംസ്ഥാന ശിശുക്ഷേമ സമിതി നൽകുന്ന സംസ്ഥാന അവാർഡിനുമുള്ള അപേക്ഷ ക്ഷണിച്ചു.
നിർദിഷ്ട ഫോറത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിയിലാണ് അപേക്ഷകൾ നൽകേണ്ടത്. സംഭവം നടക്കുമ്പോൾ ആറിനും 18 വയസ്സിനുമിടയ്ക്കുള്ള അർഹരായ കുട്ടികൾക്ക് അപേക്ഷിക്കാം. സാമൂഹ്യതിൻമകൾ, മറ്റ് കുറ്റകൃത്യങ്ങൾ ഇവയ്‌ക്കെതിരായും അപ്രതീക്ഷിത അപകടസന്ധിയിൽ നിന്നും സ്വന്തം ജീവന് അപകടവും ഗുരുതരമായ പരിക്കുകൾ പറ്റുമെന്നതും കണക്കിലെടുക്കാതെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ അവസരോചിതമായി നടത്തിയ ധീരതയും സാഹസികതയും വ്യക്തമാക്കുന്ന പ്രവർത്തനങ്ങൾക്ക് ആസ്പദമായ സംഭവം നടന്നത് 2018 ജൂലൈ ഒന്നിനും 2019 ജൂൺ 30നും ഇടയ്ക്കായിരിക്കണം. ഭാരത് അവാർഡ്, സ്‌പെഷ്യൽ അവാർഡ് (5 എണ്ണം), ജനറൽ അവാർഡ് (19) എന്നിങ്ങനെ 25 ദേശീയ ബഹുമതികൾ നൽകുന്നത്. മെഡലും ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും അടങ്ങുന്ന അവാർഡിന് പുറമേ അർഹത നേടുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക ചെലവ് ഇൻഡ്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ വഹിക്കും. അവാർഡിനർഹരായ കുട്ടികളെ ശിശുദിനത്തിനു മുമ്പ് പ്രഖ്യാപിക്കും. അപേക്ഷകരെ സംസ്ഥാന ശിശുക്ഷേമ സമിതി നൽകുന്ന സംസ്ഥാന ധീരതാ അവാർഡിനും പരിഗണിക്കും.
അപേക്ഷാ ഫോറം ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറിന്റെwww.iccw.co.in എന്ന സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. സംസ്ഥാന ശിശുക്ഷേമ സമിതിയിൽ നിന്നും ഫോം ലഭിക്കും. ഇതിനായി അഞ്ച് രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവറിൽ വിലാസം സഹിതം സംസ്ഥാന ശിശുക്ഷേമ സമിതിയുടെ വിലാസത്തിൽ അയയ്ക്കണം. അവാർഡിനർഹമായ പ്രവൃത്തി സംബന്ധിച്ച് ഇംഗ്ലീഷിലോ ഹിന്ദിയിലോ തയാറാക്കിയ റിപ്പോർട്ടും ഇതു സംബന്ധിച്ച പത്രവാർത്തകളും മറ്റ് അനുബന്ധ രേഖകളും മൂന്ന് പാസ്സ്‌പോർട്ട് സൈസ് ഫോട്ടോകളും സഹിതം പൂരിപ്പിച്ച അപേക്ഷ ജനറൽ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്. പി.ഒ, തിരുവനന്തപുരം-695014 എന്ന വിലാസത്തിൽ ഒക്‌ടോബർ അഞ്ചിനകം കിട്ടിയിരിക്കണം. അപേക്ഷ അയയ്ക്കുന്ന കവറിന് മുകളിൽ  (National/State Bravery Award for Children 2019) എന്ന് രേഖപ്പെടുത്തിയിരിക്കണം. സംസ്ഥാന ശിശുക്ഷേമ സമിതി നിയോഗിക്കുന്ന സ്‌പെഷ്യൽ ജൂറി പരിശോധിച്ച് ഏറ്റവും അർഹമായ അപേക്ഷകൾ മാത്രമേ ദേശീയ അവാർഡിന് ശുപാർശ ചെയ്യുകയുള്ളൂ എന്ന് സമിതി ജനറൽ സെക്രട്ടറി അഡ്വ: ദീപക്. എസ്.പി. അറിയിച്ചു. ഫോൺ: 0471-2324939, 2324932, 9847464613.
പി.എൻ.എക്സ്.2921/19

date