Skip to main content

മൂന്നാറിലെ പുഴ കൈയ്യേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി റവന്യൂ വകുപ്പ്

കഴിഞ്ഞ രണ്ട് മഴക്കാലങ്ങളിലും  മൂന്നാറില്‍ പ്രളയമെത്തിയതോടെ പുഴയുടെ ഒഴുക്കിന് തടസ്സമായിട്ടുള്ള കൈയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടി  സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് റവന്യൂ വകുപ്പ്. ദേവികുളം സബ് കളക്ടര്‍ ഡോ.രേണുരാജിന്റെ നേതൃത്വത്തിലാണ്  നടപടികള്‍ സ്വീകരിക്കുക.

കഴിഞ്ഞ പ്രളയക്കാലത്തിന് സമാനമായി ഇക്കുറിയും  മുതിതിരപ്പുഴയാര്‍ കരകവിഞ്ഞതോടെ പഴയമൂന്നാറില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും  വീടുകളില്‍ വെള്ളം കയറുകയും ചെയ്തിരുന്നു.

ഈ പശ്ചാത്തലത്തിലാണ് നിയമം കര്‍ശനമാക്കാന്‍ സബ് കളക്ടര്‍ ശ്രമം ആരംഭിച്ചിരിക്കുന്നത്. മൂന്നാര്‍ ടൗണിലും പഴയമൂന്നാറില്‍ പുഴയുടെ ഒഴുക്കിന് തടസ്സം സ്യഷ്ടിക്കുന്ന വിധത്തില്‍ നിര്‍മ്മാണം നടത്തിയവ പൊളിച്ചുനീക്കുമെന്ന് സബ് കളക്ടര്‍ അറിയിച്ചു.

നടപടിയുടെ ഭാഗമായി പുഴയോരത്തെ അനധിക്യത കെട്ടിടങ്ങളുടെ ലിസ്റ്റുകള്‍ തയ്യറാക്കാന്‍ മൂന്നാര്‍ തഹസില്‍ദ്ദാരെ നിയോഗിച്ചിട്ടുണ്ട്. അദ്ദേഹം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സബ് കളക്ടര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരമാകും തുടര്‍ നടപടികള്‍.
 

date