Skip to main content

മുട്ടത്തെ പൊതു സ്ഥാപനങ്ങള്‍ ഗ്രീന്‍ പ്രോട്ടോക്കോളിലേയ്ക്ക് 

മുട്ടത്തെ ജില്ലാ കോടതിയടക്കമുള്ള സ്ഥാപനങ്ങളും അനുബന്ധ ഓഫിസുകളും പരിസരത്തെ സ്‌കൂളുകളും കോളജുമടക്കമുള്ള എല്ലാ സ്ഥാപനങ്ങളും ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിക്കും. ജില്ലാ ഹരിതകേരളവും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും സംയുക്തമായി  സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ ജഡ്ജി മുഹമ്മദ് വസിം ഗ്രീന്‍പ്രോട്ടോക്കോള്‍ പ്രഖ്യാപനം നിര്‍വഹിച്ചു.ഹരിതകേരളം മിഷന്റെ ഭാഗമായ ഹരിതനിയമ സാക്ഷരതാ കാമ്പെയിന്റെ ജില്ലാ തല ഉദ്ഘാടനവും മുഹമ്മദ് വസിം നിര്‍വഹിച്ചു. പരിപാടിയില്‍  ജില്ലാ കോടതി വളപ്പിലെ പച്ചത്തുരുത്ത് അദ്ദേഹം നാടിനായി സമര്‍പ്പിച്ചു. 
മുട്ടം ബാര്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന  സമ്മേളനത്തില്‍ സബ് ജഡ്ജ് ദിനേശ് എം  പിള്ള അധ്യക്ഷനായിരുന്നു. ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ജി എസ് മധു മുഖ്യപ്രഭാഷണം നടത്തി. മുട്ടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിള്‍, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അരുണ്‍ ചെറിയാന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ കെ ഷീല, ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് ജോളി ജെയിംസ്, സോഷ്യല്‍ ഫോറസ്ട്രി അസോസിയേഷന്‍ കണ്‍സര്‍വേറ്റര്‍ സാബി വര്‍ഗീസ്, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സാജു സെബാസ്റ്റ്യന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ വി കുര്യാക്കോസ്, കാര്‍മല്‍ പ്രൊവിന്‍സ് ഫാദര്‍ പോള്‍ പറക്കാട്ടേല്‍, കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് ജില്ലാ കോഡിനേറ്റര്‍ പി കെ ഷാജി മോന്‍, മുട്ടം പഞ്ചായത്ത് വാര്‍ഡ് നമ്പര്‍ ഔസേപ്പച്ചന്‍ ചാരംകുന്നത്ത്, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ സിഎ സജീവന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു.
എല്ലാ എല്ലാ വാര്‍ഡുകളിലും 100 പേര്‍ക്ക് വീതമാണ് ഹരിത നിയമസാക്ഷരതാ പരിശീലനം നല്‍കുന്നത്. ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ വിവിധ സ്ഥാപനമേധാവികള്‍ യോഗം ചേര്‍ന്നാണ് ഗ്രീന്‍പ്രോട്ടോക്കാള്‍ സമ്പൂര്‍ണ്ണമായി നടപ്പാക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി എല്ലാ സ്ഥാപനങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നോഡല്‍ ഓഫിസര്‍മാരെയും നിയോഗിച്ചു.കൂടാതെ ഇവിടങ്ങളില്‍ ജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങളും സജ്ജമാക്കും.ഇവ സൗജന്യമായി ലഭ്യമാക്കുന്നതിന് മൂവാറ്റുപുഴ കാര്‍മല്‍ പ്രോവിന്‍സ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആഘോഷങ്ങളിലും മറ്റ് ചടങ്ങുകളിലും പേപ്പര്‍ കപ്പുകളും പ്ലേറ്റുകളുമടക്കമുള്ള ഒറ്റത്തവണ ഉപയോഗ വസ്തുക്കള്‍ പൂര്‍ണ്ണമായും ഒഴിവാക്കും. പ്ലാസ്റ്റിക്, പേപ്പര്‍, ചില്ല്, ലെതര്‍, റെക്സിന്‍, ഇ മാലിന്യങ്ങള്‍ തുടങ്ങിയവ തരംതിരിച്ച് സൂക്ഷിച്ച് പുനചംക്രമണത്തിന് കൈമാറുന്നതിനും സംവിധാനമുണ്ട്.

date