Skip to main content

എടത്തിരുത്തി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം ശിലാസ്ഥാപനം നാളെ (ഒക്ടോബർ 12)

എടത്തിരുത്തി ഗ്രാമപഞ്ചായത്തിന് സ്വന്തമായി ഓഫീസ് കെട്ടിടം തയ്യാറാകുന്നു. എടത്തിരുത്തി കൊല്ലാറ സെന്ററിൽ ഈസ്റ്റ് ടിപ്പുസുൽത്താൻ റോഡിനോടു ചേർന്നാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ഓഫീസ് സമുച്ചയം വരുന്നത്. ഇതിന്റെ ശിലാസ്ഥാപനം നാളെ (ഒക്‌ടോബർ 12) രാവിലെ ഒൻപതിന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ നിർവഹിക്കും.
എടത്തിരുത്തി ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി പ്രകാരവും തനത് ഫണ്ട് ഉപയോഗപ്പെടുത്തി 47 ലക്ഷം രൂപ ചെലവഴിച്ച് പഞ്ചായത്തിനു പേരിൽ രജിസ്റ്റർ ചെയ്തു വാങ്ങിയ 23 സെൻറ് സ്ഥലത്താണ് കെട്ടിടം വരുന്നത്. കൈപ്പമംഗലം എംഎൽഎ ഇ ടി ടൈസൺ മാസ്റ്ററുടെ എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ താഴത്തെ നില നിർമ്മിക്കുന്നത്. പഞ്ചായത്തിലെ പ്രധാന സർക്കാർ ഓഫീസുകളെല്ലാം അനുബന്ധമായി ഇവിടേക്ക് മാറ്റി സ്ഥാപിച്ച് മിനി സിവിൽ സ്റ്റേഷൻ ആക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. നിലവിലെ ഓഫീസ് കെട്ടിടത്തിൽ ഇടുങ്ങിയ മുറികളും സ്ഥലസൗകര്യം ഇല്ലായ്മയും പഞ്ചായത്തിൽ എത്തുന്നവർക്ക് ഏറെ ബുദ്ധിമുട്ട് ഉളവാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ കെട്ടിടം വേണമെന്ന ആവശ്യം ഉയർന്നത്. ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചാലക്കുടി എം പി ബെന്നി ബഹനാൻ, ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണൻ മാസ്റ്റർ എന്നിവർ മുഖ്യാതിഥികളായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ കെ അബീദലി എന്നിവർ വിശിഷ്ടാതിഥികളാകും. എടത്തിരുത്തി പഞ്ചായത്ത് സെക്രട്ടറി ടി എസ് സെബാസ്റ്റ്യൻ പദ്ധതി വിശദീകരിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജുളാരുണൻ, ജില്ലാ പഞ്ചായത്ത് പഞ്ചായത്തംഗങ്ങളായ ശോഭ സുബിൻ, ബി.ജി വിഷ്ണു, എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.വി. സതീഷ്, വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
 

date