Skip to main content

സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും തദ്ദേശസ്ഥാപനങ്ങളുടെ പ്ലാൻഫണ്ട് കുറവ് വരുത്തില്ല: ധനമന്ത്രി

 

സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടിൽ കുറവ് വരുത്തില്ലെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. ദേശീയ സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ തദ്ദേശസ്ഥാപനങ്ങളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച മികവിന്റെ ആദരം പരിപാടി വഴുതയ്ക്കാട് മൗണ്ട് കാർമൽ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബജറ്റ് അവതരിപ്പിച്ചപ്പോഴുള്ള തുകയിൽ നിന്ന് 20000 രൂപയാണ് ഇപ്പോൾ കുറയുന്നത്. കേന്ദ്രനികുതി വിഹിതം മൂന്നു മാസമായി ലഭിച്ചിട്ടില്ല. കത്തെഴുതിയിട്ട് മറുപടിയുമില്ല. വകുപ്പുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള അഞ്ച് ലക്ഷം രൂപയുടെ പരിധി തദ്ദേശസ്ഥാപനങ്ങൾക്ക് ബാധകമല്ല. നിലവിലെ പ്രതിസന്ധിയെ ഒരുമിച്ചു നേരിടാമെന്ന് മന്ത്രി പറഞ്ഞു. നിലവിൽ നടപ്പാക്കുന്ന പദ്ധതികൾ കൂടുതൽ മികവോടെ പൂർത്തിയാക്കാൻ ശ്രമിക്കണം. ഈ വേനൽക്കാലത്ത് പഞ്ചായത്തുകളിൽ സമ്പൂർണ ശുചിത്വ പദ്ധതി നടപ്പാക്കുന്നതിന് ഒരു തടസവുമില്ല. സ്‌കൂൾ വിദ്യാർത്ഥികളുടെ നിലവാരം ഉയർത്താനും തദ്ദേശസ്ഥാനങ്ങളുടെ നേതൃത്വത്തിൽ സമ്പൂർണ ഇടപെടൽ ഉണ്ടാവണം. മുഴുവൻ വിദ്യാർത്ഥികൾക്കും അക്ഷര, അക്ക ജ്ഞാനം ഉണ്ടെന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിക്കാം.
കേരളത്തിലെ തദ്ദേശസ്ഥാപനങ്ങൾ രാജ്യത്തിനു തന്നെ മാതൃകയാണ്. ദേശീയ റാങ്കിംഗിൽ കേരളമാണ് ഒന്നാമത്. ഒരു കാലത്ത് സംസ്ഥാനം ഏറ്റവും പിന്നിലായിരുന്നു. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായത് ജനകീയാസൂത്രണത്തിലൂടെയാണ്. കേരളത്തിലെ 150 തദ്ദേശസ്ഥാപനങ്ങളെങ്കിലും ആവേശം നൽകുന്ന പ്രവർത്തനമാണ് നടത്തുന്നത്. കുറച്ച് പഞ്ചായത്തുകളും നഗരസഭകളുമെങ്കിലും മുന്നിൽ നിന്ന് പട നയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മിക്ക തദ്ദേശസ്ഥാപനങ്ങളും അത്ഭുതകരമായ ഇടപെടലുകളാണ് നടത്തുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച തദ്ദേശസ്വയംഭരണ മന്ത്രി എ. സി. മൊയ്തീൻ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ വിവിധ പദ്ധതികൾക്കായി തദ്ദേശസ്ഥാപനങ്ങൾ കഴിഞ്ഞ മൂന്നു വർഷത്തിൽ 1600 കോടി രൂപയാണ് ചെലവഴിച്ചത്. സുൽത്താൻബത്തേരിയിൽ സ്‌കൂൾ വിദ്യാർത്ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവം നിർഭാഗ്യകരമാണ്. എന്നാൽ ഇതിന്റെ പേരിൽ ഇതുവരെയുള്ള മുഴുവൻ നേട്ടങ്ങളെയും ഇകഴ്ത്തിക്കാട്ടുന്ന സ്ഥിതി ദുഖകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പാപ്പിനിശേരി, കോലഴി, മാറഞ്ചേരി, തിരുനാവായ, ശൂരനാട് വടക്ക്, തിരുവനാവായ, പടിയൂർ കല്യാട്, കാലടി, ബുധനൂർ, കീനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തുകളെയും തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനേയും നെടുമങ്ങാട്, ശ്രീകൃഷ്ണപുരം, ബ്‌ളോക്ക് പഞ്ചായത്തുകളെയും ചടങ്ങിൽ ആദരിച്ചു.
മേയർ കെ. ശ്രീകുമാർ, അഡീഷണൽ ചീഫ് സെക്രട്ടറി ടി. കെ. ജോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, തദ്ദേശഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദ മുരളീധരൻ, പ്രിൻസിപ്പൽ ഡയറക്ടർ എൻ. പത്മകുമാർ, പഞ്ചായത്ത് ഡയറക്ടർ ബി. എസ്. തിരുമേനി, ഐ. ടി. മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ചിത്ര എസ്, എം. ജി. എൻ. ആർ. ഇ. ജി. എസ്. മിഷൻ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, മേയേഴ്‌സ് കൗൺസിൽ പ്രസിഡന്റ് തോട്ടത്തിൽ രവീന്ദ്രൻ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, ബ്‌ളോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ആർ. സുഭാഷ്, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് കെ. തുളസി ടീച്ചർ, കില ഡയറക്ടർ ഡോ. ജോയ് ഇളമൺ എന്നിവർ സംബന്ധിച്ചു.
പി.എൻ.എക്‌സ്.4287/19

date