Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ്: രാഷ്ടീയ പാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് കരട് വിജ്ഞാപനം പുറപ്പെടുവിച്ചു; ആക്ഷേപങ്ങൾ ഒക്ടോബർ 30 വരെ നൽകാം

 

                      സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മത്സരിക്കുന്നതിന് ദേശീയ പാർട്ടികളും സംസ്ഥാന പാർട്ടികളും ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് സംബന്ധിച്ച ആക്ഷേപങ്ങൾ ഒക്ടോബർ 30 വരെ കമ്മീഷൻ സെക്രട്ടറിക്ക് രേഖാമുലം  സമർപ്പിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. കരട് വിജ്ഞാപനം www.sec.kerala.gov.in വെബ് സൈറ്റിൽ ലഭ്യമാണ്.

            കരട് വിജ്ഞാപനത്തിൽ ഉൾപ്പെടാത്തവർക്ക് പുതിയതായി ചിഹ്നം ആവശ്യമെങ്കിൽ ഒക്ടോബർ 30 നകം അപേക്ഷിക്കണം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികൾക്കാണ് അപേക്ഷിക്കാൻ യോഗ്യത. മറ്റ് സംസ്ഥാനങ്ങളിലെയോ കേന്ദ്ര ഭരണ പ്രദേശങ്ങളിലെയോ അംഗീകൃത പാർട്ടികൾക്കുംകേരള അസംബ്ലിയിലോ ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലോ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടികൾക്കുമാണ് അത്തരത്തിൽ അപേക്ഷിക്കാവുന്നത്.

      ദേശീയ പാർട്ടികളായ ആം ആദ്മി പാർട്ടി (ചൂല്)ബഹുജൻ സമാജ് പാർട്ടി (ആന)ഭാരതീയ ജനതാ പാർട്ടി  (താമര)കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (മാർക്‌സിസ്റ്റ്) (ചുറ്റികയും അരിവാളും നക്ഷത്രവും)ഇൻഡ്യൻ നാഷണൽ കോൺഗ്രസ് (കൈ)നാഷണൽ പീപ്പിൾസ് പാർട്ടി (ബുക്ക്) എന്നിവർക്കും കേരള സംസ്ഥാന പാർട്ടികളായ ജനതാദൾ (സെക്കുലർ) (തലയിൽ നെൽക്കതിരേന്തിയ കർഷക സ്ത്രീ)കേരള കോൺഗ്രസ് (എം) (രണ്ടില)ഇൻഡ്യൻ യൂണിയൻ മുസ്ലീം ലീഗ് (ഏണി)റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (മൺവെട്ടിയും മൺകോരിയും)കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (ധാന്യക്കതിരും അരിവാളും) എന്നിവർക്കും ചിഹ്നങ്ങൾ ഇതിനകം അനുവദിച്ച് ഉത്തരവായിരുന്നു.

പി.എൻ.എക്‌സ്4858/2023

date